Section

malabari-logo-mobile

പരപ്പനങ്ങാടി ഫിഷിംങ് ഹാര്‍ബര്‍ നഷ്ടമാകുമോ….?

HIGHLIGHTS : പരപ്പനങ്ങാടി ഫിഷിംങ് ഹാര്‍ബറിന്റ പേരില്‍ വീണ്ടും ഹര്‍ത്താലിന് തയ്യാറെടുക്കുന്നു. 14ാം തിയ്യതി ഹാര്‍ബര്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍

പരപ്പനങ്ങാടി ഫിഷിംങ് ഹാര്‍ബറിന്റ പേരില്‍ വീണ്ടും ഹര്‍ത്താലിന് തയ്യാറെടുക്കുന്നു. 14ാം തിയ്യതി ഹാര്‍ബര്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ചെട്ടിപ്പടിയില്‍ ഹര്‍ത്താലാചരിക്കുന്നു. 2ാംതിയ്യതി പരപ്പനങ്ങാടിയില്‍ വ്യാപാരിവ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഈ വിഷയത്തില്‍  ഹര്‍ത്താല്‍ നടത്തിയിരുന്നു.

ഫിഷിംങ് ഹാര്‍ബര്‍ കേവലം പരപ്പനങ്ങാടിയിലെ മത്സ്യതൊഴിലാളി മേഖലയുടെ മാത്രം ആവശ്യമല്ല. അത് പരപ്പനങ്ങാടിയ്ക്ക് വന്‍വികസനമുന്നേറ്റമുണ്ടാക്കുന്നതിനുള്ള ഒരു ബൃഹത്പദ്ധതി കൂടിയാണ്‌. പരപ്പനങ്ങാടിയുടെ സര്‍വ്വതോന്‍മുഖമായ പുരോഗതിക്ക് ഫിഷിംങ് ഹാര്‍ബര്‍ കൂടിയേ തീരൂ. ചില്ലറതര്‍ക്കങ്ങളുടെ പേരില്‍ മുഴുവന്‍ നാടിനുമാവശ്യമായ ഒരു പദ്ധതി കൈമോശം വന്നുകൂടാ.നമ്മുടെ ബോധപൂര്‍വ്വമുള്ള അലസതക്ക്‌ കൊടുക്കേണ്ട വില വളരെ വലുതായിരിക്കും.

sameeksha-malabarinews

എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും പരപ്പനങ്ങാടിയിലെ ഈ വികസനവിഷയത്തില്‍ വലിയ പങ്കാണ് വഹിക്കാനുള്ളത്. പരപ്പനങ്ങാടി സാമൂഹ്യരാഷ്ട്രീയമേഖലയിലെ പ്രമുഖര്‍ പ്രതികരിക്കുന്നു.
ഹാര്‍ബര്‍; അവശേഷിക്കുന്നത് പ്രാദേശികതര്‍ക്കങ്ങള്‍ മാത്രം
(സീനത്ത് അലിബാപ്പു, പഞ്ചായത്ത് പ്രസിഡന്റ്)

പരപ്പനങ്ങാടിയില്‍ ഹാര്‍ബര്‍ വരണം എന്നുള്ളതില്‍ തര്‍ക്കങ്ങള്‍ ഒന്നും തന്നെയില്ല. പരപ്പനങ്ങാടിയുടെ വികസനത്തിന് അത് കൂടിയേ തീരൂ. വികസനം മാത്രമല്ല,പരപ്പനങ്ങാടിയെ ഉലച്ച രണ്ട് ദുരന്തങ്ങള്‍, ഒന്ന് തിരൂരില്‍ നടന്നതും ഒന്ന് ആനങ്ങാടിയില്‍ നടന്നതും…..ഇവിടെ മത്സ്യബന്ധനത്തിന് അവസരം ഇല്ലാത്തതുകൊണ്ടാണ് അതില്‍ ഇരയായവര്‍ അത്ര ദൂരേക്ക് മീന്‍പിടുത്തത്തിനായി പോയത്. ഇവിടെ ഒരു ഹാര്‍ബര്‍ വരുന്നതിലൂടെ മാത്രമേ ഈ ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടാതിരിക്കൂ….
ഹാര്‍ബറുമായി ബന്ധപ്പെട്ട്‌ മുസ്ലീം ലീഗില്‍  പ്രശ്‌നങ്ങളൊന്നും നിലനില്‍ക്കുന്നില്ല. ഉള്ളത് പ്രദേശികമായ ചില തര്‍ക്കങ്ങള്‍ മാത്രമാണ്. ഇത് ഉടനെ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പഞ്ചായത്ത് പ്രശ്‌നപരിഹാരത്തിന് മുന്‍കൈ എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതാണ്.

ഹാര്‍ബര്‍ ആവശ്യം ആദ്യമുന്നയിച്ചത് ആലുങ്ങല്‍ നിവാസികള്‍
യാക്കൂബ് കെ. ആലുങ്ങല്‍, മുന്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

1971ല്‍ തിരൂരങ്ങാടി എംഎല്‍എയും മന്ത്രിയുമായിരുന്ന അവുക്കാദര്‍കുട്ടി നഹയാണ് ആദ്യമായി പരപ്പനങ്ങാടിയില്‍ ഫിഷിംങ് ഹാര്‍ബര്‍ എന്ന ആശയം മുന്നോട്ട് വെയ്ക്കുന്നത്. മല്‍സ്യത്തൊഴിലാളികളായ അംഗങ്ങളുള്ള ഗ്രൂപ്പിന് ബോട്ട് നല്‍കുന്ന എആര്‍സി പദ്ധതിയില്‍ നിന്നാണ് ഈ ആശയം രൂപംകൊണ്ടത്. അന്ന് പൂരപ്പുഴ അഴിമുഖം മേഖലയായിരുന്നു  ഇതിനായി നിര്‍ദ്ദേശിക്കപ്പെട്ടിരുന്നത്. അന്നുടലെടുത്ത പൂരപ്പുഴയുടെ തെക്കോട്ടും,വടക്കോട്ടും വേണമെന്ന പ്രാദേശികവാദം ആ പദ്ധതിയെതന്നെ തകര്‍ത്തുകളഞ്ഞു. പിന്നീട് മത്സ്യബന്ധനമേഖലയില്‍ വന്ന മാറ്റങ്ങള്‍ ഹാര്‍ബര്‍ അടിയന്തിര ആവശ്യമാണെന്ന തിരിച്ചറിവ് ഉണ്ടാക്കുകയായിരുന്നു. 92ല്‍ ചെട്ടിപ്പടി ആലുങ്ങല്‍ മേഖലയിലെ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ സംയുക്തമായി അന്നത്തെ ഫിഷറീസ് മന്ത്രി എം.ടി. പത്മയ്ക്ക് ഈ കാര്യങ്ങള്‍ ഉന്നയിച്ച് നിവേദനം നല്‍കി. എന്നാല്‍ മലപ്പുറം ജില്ലയില്‍ ഫിഷിംങ് ഹാര്‍ബര്‍ പദ്ധതി ഇപ്പോള്‍ ഇല്ലെന്നും ഫിഷ് ലാന്റിംങ് സെന്റര്‍ പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു. 1997ല്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍കൈയെടുത്ത് ആലുങ്ങലില്‍ ഫിഷ്‌ലാന്റിംങ് സെന്റര്‍ സ്ഥാപിച്ചു.

1996ല്‍ തിരൂരങ്ങാടി മണ്ഡലത്തില്‍ മല്‍സരിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി ആലിഹാജി പരപ്പനങ്ങാടിയില്‍ ഫിഷിംങ് ഹാര്‍ബര്‍ കൊണ്ടുവരുമെന്ന് തിരഞ്ഞെടുപ്പ് വാഗ്ദാനമായി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ കുട്ടി അഹമ്മദ് കുട്ടി വിജയിച്ചെങ്കിലും ഹാര്‍ബറിനുവേണ്ടി ആലിഹാജി മുസ്ലീം ലീഗ് നേതൃത്വത്തെ സമീപിച്ച് അന്ന് കേന്ദ്രം ഭരിച്ചിരുന്ന വാജ്‌പേയ് സര്‍ക്കാരിന്റെ എല്ലാ സാങ്കേതിക സഹായവും ഈ പദ്ധതിക്ക് ലഭ്യമാക്കാന്‍ ഇടപെടാമെന്നും ഉറപ്പു നല്‍കി. തുടര്‍ന്ന് ഹാര്‍ബര്‍ ആക്ഷന്‍ കമ്മിറ്റി രൂപം കൊണ്ടു. ഇതിന്റെ ചെയര്‍മാന്‍ ഞാനും കണ്‍വീനര്‍ ആലിഹാജിയുമായിരുന്നു. ഈ കമ്മിറ്റി അന്നത്തെ ഫിഷറീസ് മന്ത്രിയായിരുന്ന ടി.കെ.രാമകൃഷ്ണനെ സമീപിച്ചുവെങ്കിലും ഇപ്പോള്‍ ജില്ലയില്‍ ഹാര്‍ബര്‍ പദ്ധതിയില്ല എന്നു പറഞ്ഞു. അന്ന് കേന്ദ്രമന്ത്രിയായിരുന്ന ഒ. രാജഗോപാല്‍ ആലുങ്ങലില്‍ നടന്ന ഹാര്‍ബര്‍ ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുകയും കേന്ദ്രസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. കഴിഞ്ഞ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് എസ്.ശര്‍മ്മ മന്ത്രിയായിരിക്കുമ്പോള്‍ പരപ്പനങ്ങാടിയില്‍ മിനി ഹാര്‍ബര്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള പഠനങ്ങള്‍ക്കായി ബജറ്റില്‍ തുക വകയിരുത്തുകയും 600മീറ്റര്‍ നീളമുള്ള ഹാര്‍ബര്‍ എന്ന ബൃഹത് പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു.

പഠനത്തിന്റെ ഭാഗമായി ടെക്കനിക്കല്‍ കമ്മറ്റി കണ്ടത്തിയ വളപ്പില്‍ മുതല്‍ തെക്കോട്ടുള്ള 600മീറ്ററിലാണ് ഹാര്‍ബര്‍ സ്ഥാപിക്കേണ്ടത്. പ്രാദേശിക താല്‍പര്യത്തിന്റെ പേരില്‍ ഇതിനാരും തുരംങ്കം വെക്കരുത്.

 

അന്തിമറിപ്പോര്‍ട്ടില്‍ അനുയോജ്യമായ രണ്ട് സ്ഥലങ്ങള്‍

ഉമ്മര്‍ ഒട്ടുമ്മല്‍ – പരപ്പനങ്ങാടി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി (മുസ്ലീംലീഗ്)

മുസ്ലീം ലീഗിന്റെ പരപ്പനങ്ങാടി  പഞ്ചായത്ത് കമ്മിറ്റി  സെക്രട്ടറി   എന്ന നിലയില്‍ എനിക്ക് പറയാനുള്ളത് പരപ്പനങ്ങാടി ഫിഷിംങ് ഹാര്‍ബറിനെ കുറിച്ച് നിലവില്‍ നടത്തിയ പഠനത്തിന്റെ സത്യസന്ധമായ റിപ്പോര്‍ട്ടിനെ ഞങ്ങള്‍ അംഗീകരിക്കും. സിഡബ്ല്യൂആര്‍എസ് എവിടെയാണോ ഹാര്‍ബര്‍ വേണമെന്ന് പറയുന്നത് അവിടെ നിര്‍മ്മിച്ചിരിക്കണം.

മുറിത്തോടിന് വടക്ക് വളപ്പില്‍വരെയാണ് ഹാര്‍ബറിന് അനുയോജ്യമെന്ന പഠനറിപ്പോര്‍ട്ടുണ്ടെന്ന വാദം ആശയക്കുഴപ്പം ഉണ്ടാക്കാന്‍ മന:പൂര്‍വ്വം ആരോ ഉണ്ടാക്കുന്നതാണ്.

2002ലാണ് പരപ്പനങ്ങാടി ചാപ്പപ്പടിയില്‍ ഹാര്‍ബര്‍ വേണമെന്ന നിര്‍ദ്ദേശം ആദ്യമായി ഉയര്‍ന്നുവന്നത്. അന്നത്തെ സര്‍ക്കാര്‍ ഇതിന്റെ പഠനം നടത്തുന്നതിനായി പത്ത്‌ ലക്ഷത്തിഎഴുപതിനായിരം രൂപ അനുവദിച്ചു. ഈ സമയത്തുതന്നെ ആലുങ്ങല്‍ പ്രദേശത്തും ഇതേ ആവശ്യമുന്നയിക്കുകയും ആ തര്‍ക്കം 2004 വരെ നീണ്ടുനിന്നു. ഇതിന്റെ പ്രഥമപഠനറിപ്പോര്‍ട്ട് വരുന്നത് 2009-2010ലാണ്. അതില്‍ പറയുന്നത് ആലുങ്ങല്‍ കടപ്പുറത്ത് പാറയുള്ളതുകൊണ്ട് അവിടെ സാധ്യമാവില്ലയെന്നും ചാപ്പപ്പടിയാണ് അനുയോജ്യമെന്നുമാണ്. സ്വാഭാവികമായും പണി തുടങ്ങുകയാണല്ലോ വേണ്ടത് എന്നാല്‍ കടുത്ത തര്‍ക്കമാവുകയാണുണ്ടായത്. സ്ഥലം എംഎല്‍എ യായ കുട്ടി അഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ അനുരഞ്ജനശ്രമം നടന്നു. ചര്‍ച്ചയില്‍ മുറിത്തോടിന് തെക്കോട്ട് 250 മീറ്ററും വടക്കോട്ട് 450 മീറ്ററും എന്ന നിലയില്‍ ഹാര്‍ബര്‍ നിര്‍മ്മിക്കാമെന്ന് തീരുമാനമായി. ഇതിനോടകം മുറിത്തോട് അനുയോജ്യമായി രീതിയില്‍ ദിശമാറ്റിവിടുന്നതിനെകുറിച്ച് പഠിച്ചതനുസരിച്ച് കടല്‍തീരത്തു കൂടി മുറിത്തോട് തെക്കോട്ട് ദിശമാറ്റാന്‍ തീരുമാനിച്ചു.

ഈ തീരുമാനത്തിന്റെ ഭാഗമായി സീബോറിങ്ങ്‌ നടത്താനുള്ള ഉപകരണങ്ങള്‍ കൊണ്ടുവന്നത് ആലുങ്ങല്‍ കടപ്പുറത്ത് വെച്ച് തടഞ്ഞു. മധ്യസ്ഥശ്രമത്തില്‍ പങ്കെടുത്തവര്‍ തന്നെ അതിനു തുരങ്കം വെച്ചു. പിന്നീട് ഇലക്ഷന്‍ വന്ന് കാര്യങ്ങള്‍ വീണ്ടും മന്ദഗതിയിലായി.

പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതിനു ശേഷമാണ് അന്തിമറിപ്പോര്‍ട്ട് വന്നത്. ആ റിപ്പോര്‍ട്ടില്‍ രണ്ട് നിര്‍ദ്ദേശങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് ആലുങ്ങല്‍ കടപ്പുറത്ത് പാറയുള്ളതിനാല്‍ അവിടെ അനുയോജ്യമല്ല. ചാപ്പപ്പടിയില്‍ മുറിത്തോടുള്ളതിനാല്‍ അവിടെയും സാധ്യമല്ല. ആയതിനാല്‍ മുറിത്തോടിന് 300 മീറ്റര്‍ വടക്കുമാറി അവിടെനിന്ന് വടക്കോട്ട് 600 മീറ്റര്‍ എന്ന നിര്‍ദ്ദേശവും മുറിത്തോടിനിരുവശവുമായി 200 മീറ്റര്‍ വടക്കോട്ടും 400മീറ്റര്‍ തെക്കോട്ടുമെന്ന നിര്‍ദ്ദേശവും സര്‍ക്കാരിനു മുന്നില്‍ നിലവിലുണ്ട്. ഇതില്‍ ഏതാണോ സര്‍ക്കാര്‍ അംഗീകരിക്കുന്നത് അത് ഞങ്ങള്‍ അംഗീകരിക്കുന്നു. ഇതാണ് പരപ്പനങ്ങാടി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മറ്റിയുടെ അഭിപ്രായം. പ്രഥമറിപ്പോര്‍ട്ടില്‍ അംഗീകാരം കിട്ടിയ ചാപ്പപ്പടി മേഖല പാടെ അവഗണിച്ചുവെന്ന് സ്ഥലവാസികള്‍ക്കിടയില്‍ ആക്ഷേപമുണ്ട്. ഈ ആളുകളെ ബോധ്യപ്പടുത്തിയട്ടായിരിക്കണം പദ്ധതി കൊണ്ടുവരേണ്ടത്. ഹര്‍ത്താലുകളും പത്രവാര്‍ത്തകളും വിവാദങ്ങള്‍ക്കുമാത്രമേ ഉപകരിക്കൂ.

 

മുടന്തന്‍ ന്യായങ്ങള്‍ വേണ്ട, ഹാര്‍ബര്‍ വന്നേ പറ്റൂ; (കെ.പി.എം.കോയ, മല്‍സ്യത്തൊഴിലാളി, സിഐടിയു ഏരിയാ സെക്രട്ടറി)

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ആദ്യമായി 2008 ല്‍ പരപ്പനങ്ങാടിയില്‍ മിനി ഫിഷിംങ് ഹാര്‍ബറിന് ബജറ്റില്‍ തുക വകയിരുത്തുന്നത്. ഈ കാലയളവില്‍ തന്നെ ഹാര്‍ബറിന്റെ എല്ലാനടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

എവിടെയാണോ അനുയോജ്യമായ സ്ഥലം അവിടെ ഹാര്‍ബര്‍ വരണം, കേവല മത്സരബുദ്ധിയുടെ പേരില്‍ നാടിന് ലഭിക്കേണ്ട ഹാര്‍ബര്‍ നഷ്ടപ്പെടാനുള്ള സ്ഥിതിയുണ്ടാകരുത്. ഈ അടുത്തിടെ മല്‍സ്യബന്ധനത്തിനു പോയ ലോറി അപകടത്തില്‍പ്പെട്ട് നിരവധി തൊഴിലാളികളുടെ ജീവന്‍ പൊലിഞ്ഞതുപോലെയുള്ള ദാരുണമായ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഈ ഹാര്‍ബര്‍ ഇവിടെ വന്നേ തീരൂ. ഇനിയും വേണ്ട രീതിയില്‍ ഹാര്‍ബറിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാത്ത പക്ഷം, മണ്ഡലം എംഎല്‍എ അബ്ദുറബ്ബിന്റ വീട്ടിലേക്ക് സമരത്തിനൊരുങ്ങുകയാണ് മല്‍സ്യത്തൊഴിലാളി സിഐടിയു സംഘടന.

പദ്ധതി നഷ്ട്ടപ്പെടുത്തരുത്

കെ.പി.ഷാജഹാന്‍: പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍

ഈ പദ്ധതി ആദ്യഘട്ടത്തില്‍ ആലുങ്ങലില്‍ തന്നെ വരണമെന്ന വാദം ഉയര്‍ത്തിയതിനു കാരണം പ്രകൃത്യാലുള്ള ഹാര്‍ബറിനു അനുകൂലമാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ടെക്‌നിക്കല്‍ കമ്മിറ്റി അത് പ്രായോഗികമല്ല എന്ന തീരുമാനത്തിലെത്തുകയായിരുന്നു. പിന്നീട് ടെക്‌നിക്കല്‍ കമ്മിറ്റി കണ്ടെത്തിയ മുറിത്തോടിന് 300മീറ്റര്‍ വടക്ക് മാറി വളപ്പില്‍വരെയുള്ള സ്ഥലമാണ് ഹാര്‍ബറിന് അനുയോജ്യമെന്ന് കരുതുന്നു. കേവല പ്രാദേശിക വാദമുയര്‍ത്തി ഈ വന്‍പദ്ധതി നമ്മുടെ നാടിന് നഷ്ടപ്പെടുത്തരുതെന്ന അഭിപ്രായമാണ് എനിക്കുള്ളത്.
തര്‍ക്കം പരിഹരിക്കാന്‍ ലീഗ് ഉന്നതനേതൃത്വം ഇടപെടണം

സി.വി.കോയമോന്‍ (ഹാര്‍ബര്‍ സംരക്ഷണസമിതി ചെയര്‍മാന്‍)

ഞാന്‍ മുസ്ലിം ലീഗ് മണ്ഡലം കൗണ്‍സിലറാണ്. ഹാര്‍ബറിന് ഏറ്റവും അനുയോജ്യമായ സ്ഥലം ആലുങ്ങലാണ് എന്ന് കരുതിയിരുന്നയാളാണ്. ഈ പദ്ധതിക്കുവേണ്ടി 1996 മുതല്‍ ഇവിടെ ഹാര്‍ബര്‍ വേണമെന്ന ആവശ്യമുന്നയിച്ച് ഞങ്ങള്‍ അന്ന് തൊട്ട് നിരന്തരം പ്രയത്‌നിച്ചുകൊണ്ടിരിക്കുകയാണ്. ടെക്‌നിക്കല്‍ കമ്മറ്റി ആലുങ്ങലില്‍ പദ്ധതി സാധ്യമല്ല എന്ന റിപ്പോര്‍ട്ട് നല്‍കിയതോടെ മല്‍സ്യത്തൊഴിലാളികള്‍ക്ക് തങ്ങളുടെ തൊഴില്‍ മേഖലയിലെ വലിയൊരാവശ്യമായ ഹാര്‍ബര്‍ പരപ്പനങ്ങാടിയില്‍ എവിടെയായലും സ്ഥാപിക്കണമെന്നാണ് ഞങ്ങള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ പദ്ധതിയെ ഇല്ലാതാക്കാന്‍ ചിലര്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുകയാണ്.

മല്‍സ്യത്തൊഴിലാളികളുടെ ഒരു വലിയ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമെന്നു വന്നതോടെ ഇവിടെ വേണമെന്ന കാര്യത്തില്‍ ശക്തമായ പ്രാദേശികവാദം ഉയര്‍ന്നു വന്നു. ഇതോടെ മുസ്ലിം ലീഗിലടക്കം എല്ലാ പാര്‍ട്ടിക്കാരും പരപ്പനങ്ങാടി ചാപ്പപ്പടിയില്‍ ഹാര്‍ബര്‍ വേണമെന്നും ചെട്ടിപ്പടി ആലുങ്ങലില്‍ ഹാര്‍ബര്‍ വേണമെന്നും ഉള്ള വാദം ഉയര്‍ന്നു.

തര്‍ക്കം രൂക്ഷമായതോടെ ഈ പദ്ധതി നഷ്ടപ്പെട്ടു പോവുമെന്ന ഘട്ടത്തില്‍ ഞാനടക്കമുള്ള ഹാര്‍ബര്‍ സംരക്ഷണസമിതി. പ്രാദേശിക സങ്കുചിതവാദം മാറ്റിവെച്ച് ടെക്‌നിക്കല്‍ കമ്മറ്റി നിര്‍ദ്ദേശിക്കുന്ന ഏതിടത്തും ഹാര്‍ബര്‍ നിര്‍മ്മാണത്തിന്പിന്തുണ നല്‍കുമെന്ന്‌ തീരുമാനിച്ചു. അതിന്റെ ഭാഗമായി ടെക്‌നിക്കല്‍ കമ്മറ്റി കണ്ടെത്തിയ മുറിത്തോട് മുതല്‍ വളപ്പില്‍ വരെയുള്ള മേഖലയില്‍ ഹാര്‍ബര്‍ നിര്‍മ്മിക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ഞങ്ങള്‍ ഈ ഹര്‍ത്താലിലൂടെ ആവശ്യപ്പെടുന്നത്

ഹാര്‍ബര്‍ പദ്ധതി പരപ്പനങ്ങാടിക്ക് നഷ്ടപ്പെടാതിരിക്കാന്‍ വര്‍ഷങ്ങളായി തിരൂരങ്ങാടി മണ്ഡലവും പഞ്ചായത്തും ഭരിക്കുന്ന മുസ്ലീംലീഗ് ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ഞാന്‍ മുസ്ലീം ലീഗ് ജില്ലാനേതൃത്വത്തോടും സംസ്ഥാന നേതൃത്വത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരും ഒരെ സ്വരത്തില്‍ പറയുന്നത് ‘ഹാര്‍ബര്‍ പരപ്പനങ്ങാടിയില്‍ വരണം, വിദഗ്ദ സമിതി പറയുന്നിടത്ത് വരണം’ എന്നാണ്.
ഇതുപറയുമ്പോഴും കേവല പ്രാദേശിക വാദത്തിന്റെ പേരില്‍ നടക്കുന്ന അന്തര്‍നാടകങ്ങള്‍ തുടരുകയാണ്. പ്രാദേശിക രാഷ്ട്രീയ ഉപജാപങ്ങള്‍ക്ക് അധികാരികള്‍ വഴങ്ങിക്കൊടുത്ത് വിദഗ്ദ സമിതി റിപ്പോര്‍ട്ടിനെ മറികടന്ന് ഹാര്‍ബര്‍ നിര്‍മിച്ചാല്‍ ചിലപ്പോള്‍ ചോമ്പാലപോലെ ഉപയോഗ ശൂന്യമാകും. കോടിക്കണക്കിന് നികുതിപ്പണത്തിന്റെ ദുര്‍വ്യയവും ഒരു പ്രദേശത്തിന്റെ തൊഴില്‍ സാധ്യതയും സാമ്പത്തിക ഭദ്രതയും അതോടൊപ്പമുള്ള പൊതു വികസനവുമാണ് ഇതോടെ നഷ്ട്ടമാവുക. കഴിഞ്ഞ മണ്‍സൂണുകളില്‍ മത്സ്യ ബന്ധനത്തിന് പോകവെ റോഡപകടത്തില്‍ പെട്ട് ജീവന്‍ പൊലിഞ്ഞ മത്സ്യ തൊഴിലാളികളോട് കാണ്ിക്കുന്ന അനാദരവുകൂടിയാകും ഈ മത്സരം.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!