Section

malabari-logo-mobile

നടനകലയുടെ പെരുന്തച്ഛന്‍ വിടവാങ്ങി.

HIGHLIGHTS : മലയാള സിനിമയിലെ ധിക്കാരത്തിന്റെ എക്കാലത്തെയും ദൃശ്യ ചാരുത തിലകന്‍

മലയാള സിനിമയിലെ ധിക്കാരത്തിന്റെ എക്കാലത്തെയും ദൃശ്യ ചാരുത തിലകന്‍ ഇനി ഓര്‍മ. ഇന്ന് പുലര്‍ച്ചെ 3.35 മണിയോടെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.  ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 21-ാം തിയ്യതി മുതല്‍ ഇദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 77 വയസ്സായിരുന്നു.ഒരു മാസമായി ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ 11-ന് വി.ജെ.ടി ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.  ശവസംസ്‌ക്കാരം വൈകീട്ട് തിരുവനന്തപുരം ശാന്തികവാടത്തില്‍ വെച്ച് നടക്കും.

2009 ല്‍ ഇന്ത്യയിലെ സിവിലിയന്‍ പുസ്‌ക്കാരമായ പത്മശ്രീ ലഭിച്ച തിലകന്‍ 1956ല്‍ ഇന്റര്‍ മീഡിയേറ്റില്‍ പഠിക്കുമ്പോളാണ് മുഖത്ത് ഛായമിട്ടത്. പിന്നീട് ഈ നടന വൈഭവത്തിന്റെ മഹാരഥന്‍ നടന്നു കയറിയത് മലയാള സിനിമയുടെ ഉത്തുംഗശ്രിംഗങ്ങളിലേക്കായിരുന്നു. 1979 ല്‍ പുറത്തിറങ്ങിയ ഉള്‍ക്കടല്‍ എന്ന ചിത്രത്തിലൂടെയാണ് ഇദേഹത്തിന്റെ സിനിമാ ലോകത്തേക്കുള്ള കടന്നു വരവ്. 1981 ല്‍ യവനിക എന്ന ചിത്രത്തിലെ നാടകമുതലാളിയുടെ വേഷം അദേഹത്തിന് ആദ്യത്തെ സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തു. ഋതുഭേദത്തിലെ മുത്തച്ഛനായി 1988 ല്‍ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും അദേഹത്തെ തേടിയെത്തി. നിരവധി തവണ അഭിനയത്തിനുള്ള സംസ്ഥാന അവാര്‍ഡുകള്‍ അദേഹത്തെ തേടിയെത്തി.

sameeksha-malabarinews

എംടിയുടെ തൂലികയില്‍ വിരിഞ്ഞ പെരുനന്തച്ഛനിലൂടെ തിലകന്റെ അഭിനയ തികവ് ദേശിയ അവാര്‍ഡ് കമ്മിറ്റിക്ക് മുന്നില്‍ മാര്‍ക്കിടാനെത്തിയപ്പോള്‍ ദുഷിച്ച സ്വജനപക്ഷപാതം അവര്‍ഡ് നിര്‍ണയത്തില്‍ വില്ലനായി. എങ്കിലും പ്രത്യേക പരാമര്‍ശങ്ങളിലൂടെയും സ്‌പെഷല്‍ ജൂറി അവാര്‍ഡുകളിലൂടെയും തിലകനെ വീണ്ടും ഇവര്‍ക്ക് പരിഗണിക്കേണ്ടിവന്നു.

മൂന്നാംപക്കത്തിലെ മുത്തചഛനും കാട്ടുകുതിരയിലെ കൊച്ചുവാവയും , കിരീടത്തിലെ അച്ചുതന്‍ നായരും, നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പിലെ രണ്ടാനച്ഛനും, സന്മനസുള്ളവര്‍ക്ക് സമാധനത്തിലെ ദാമോദര്‍ജിയുമടക്കമുള്ള നിരവധി കഥാപാത്രങ്ങള്‍ അഭനയവൈവിദ്ധ്യങ്ങളുടെ പൂമരങ്ങളായി .

ഷമ്മി തിലകന്‍, ഡബ്ബിങ് ആര്‍ടിസ്റ്റായ ഷോബി തിലകന്‍ എന്നിവര്‍ ഉള്‍പ്പെടെ ആറ് മക്കളുണ്ട്. ഭാര്യ സരോജം. മറ്റു മക്കള്‍-ഷാജി, ഷിബു, സോണിയ, സോഫിയ.

മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറിസം കല്‍പിച്ച ഊരുവിലക്കിനെ അതിലംഘിച്ച് നൈസര്‍ഗികാഭിനയ സമഗ്രതയുടെ ആള്‍രൂപമായി ഇന്ത്യന്‍ റുപ്പിയിലും. ഉസ്താദ് ഹോട്ടലിലും നിറഞ്ഞാടിയതിന് ശേഷമാണ് മലയാളത്തിന്റെ ഈ പ്രിയ നട്ടുവന്‍ വിടവാങ്ങുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!