Section

malabari-logo-mobile

ദേശത്തിന്റെ നടുവരമ്പിലൂടെ……

HIGHLIGHTS : റഷീദ് പരപ്പനങ്ങാടി കുതിരയുടെ കുളമ്പടി ശബ്ദം കേട്ടുണരുന്ന അങ്ങാടി. പനയത്തില്‍ പള്ളിയില്‍ നിന്ന് സുബ്ഹി നമസ്‌കാരം കഴിഞ്ഞ് കാരണവന്‍മാര്‍ നിരത്തിലേക്കി...

റഷീദ് പരപ്പനങ്ങാടി
കുതിരയുടെ കുളമ്പടി ശബ്ദം കേട്ടുണരുന്ന അങ്ങാടി. പനയത്തില്‍ പള്ളിയില്‍ നിന്ന് സുബ്ഹി നമസ്‌കാരം കഴിഞ്ഞ് കാരണവന്‍മാര്‍ നിരത്തിലേക്കിറങ്ങുമ്പോഴേക്കും കോഴിക്കോട് നിന്നുള്ള പാസഞ്ചര്‍ വണ്ടി സ്റ്റേഷനിലേക്കെത്തിയിട്ടുണ്ടാകും.വന്നിറങ്ങുന്നവരെക്കാത്ത് കുതിരക്കാരന്‍ വണ്ടിയുടെ കെട്ടിത്തൂക്കിയ കുടമണി കിലുക്കി സാന്നിധ്യം ഉറപ്പ് വരുത്തുന്നു. രണ്ടോ മൂന്നോ കുതിരവണ്ടികള്‍ പുറപ്പെട്ടു കഴിഞ്ഞാല്‍ “വണ്ടിപ്പേട്ട” ശൂന്യം.
വെള്ളിയാഴ്ച തോറും മാറി വരുന്ന സിനിമയുടെ അറിയിപ്പുമായി “കൊട്ടക”യില്‍ നിന്ന് തുടങ്ങി അങ്ങാടി മുഴുവന്‍ ചെണ്ട കൊട്ടി അറിയിക്കുന്ന ചൂലന്‍ കുട്ടി. ചൂലന്‍ കുട്ടിയുടെ കൈയില്‍ പട്ടികയില്‍ തറച്ചു നിര്‍ത്തിയ “നല്ല തങ്ക” യിലെ മിസ് കുമാരിയുടെ വലിയ പോസ്റ്റര്‍ .പോസ്റ്റര്‍ ഉയര്‍ത്തിപ്പിട്ച്ച് ചെണ്ടക്കാരന്റെ മുമ്പില്‍ കക്ഷത്തില്‍ വര്‍ണ്ണ നോട്ടീസുകളുമായി നടന്നുനീങ്ങുന്ന ചൂലന്‍ കുട്ടിക്ക് രാജാവിന്റെ തലയെടുപ്പ്. കക്ഷത്തിലെ നോട്ടീസിന് ഇടവഴിയുടെ ഓരങ്ങളില്‍ നിന്ന് പാഞ്ഞെത്തുന്ന കുട്ടികളെ ആട്ടിപ്പായിക്കുമ്പോള്‍ ആ ഗൗരവം ഒന്നുകൂടി വര്‍ദ്ധിക്കുന്നു.
പത്തുമണിയോടെ കക്ഷികളും വക്കീലന്മാരും അവര്‍ക്കിടയില്‍ കേസുകെട്ടുമായി തിരിഞ്ഞും മിറഞ്ഞും പിടക്കുന്ന വക്കീല്‍ ഗുമസ്തന്മാരും ചേര്‍ന്ന് കോടതിപ്പടി സജീവമാക്കുന്നു. കേസിനായി അകലങ്ങളില്‍ നിന്ന് വന്നിട്ടുള്ളവര്‍ക്കായി ഒരുക്കിയിരിക്കുന്ന ചോറ്റുപുരകള്‍. വീടു വിട്ടാല്‍ മറ്റൊരു വീടെന്ന പോലെ വറുത്തതും മുളകിട്ടതും കൂട്ടി തരാതരം പോലെ ഭക്ഷണം കഴിച്ച് പുല്‍പായയില്‍ പടാപ്പുറങ്ങളില്‍ വിശ്രമിച്ച് കക്ഷികള്‍ കാശു കൊടുത്ത് തിരിച്ചു പോവുമ്പോള്‍ അവരുടെ മനസ്സുകളില്‍ പൂര്‍ണ്ണ തൃപ്തി.
വൈകുന്നേരമാവുമ്പോഴേക്ക് കടപ്പുറത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ കൂട്ടത്തോടെ കിഴക്കോട്ട് നീങ്ങുകയായി. അവര്‍ക്ക് വയറു നിറക്കാന്‍ പൊരിഞ്ഞ് പണിയെടുത്ത് അലമാരയില്‍ നിരത്ത ിയിരിക്കുന്ന പലഹാരങ്ങള്‍. അവയത്രയും മണിക്കൂറുകള്‍ കൊണ്ട് തിന്നു കഴിയുമ്പോള്‍ മുതലാളിയുടെ മുഖത്ത് നിറഞ്ഞ സന്തോഷം.
രാത്രിയില്‍ പീടികയടച്ചും കൊട്ടകയില്‍ നിന്ന് ‘ഒന്നാംകളി’ വിട്ടും ഓലച്ചൂട്ടി മിന്നി പാടവരമ്പിലൂടെ വഴിപിരിയുന്നവര്‍. ഒറ്റച്ചൂട്ടിന്റെ വെളിച്ചം കവലയില്‍ വെച്ച് രണ്ടോ മൂന്നോ ആയി വേര്‍പിരിയുന്നു. പിന്നെ ഇരുട്ടില്‍ അലയുന്ന വെളിച്ചത്തിന്റെ നേരിയ പൊട്ടുകള്‍. അവരുടെ മനസ്സിലും ഇരുട്ടകന്ന സ്‌നേഹത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും സൗഹൃദത്താല്‍ ഒരിക്കലും കെടാത്ത മറ്റൊരു വെളിച്ചം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!