Section

malabari-logo-mobile

ചെമ്പരത്തി മേടിലെ വീട്…

HIGHLIGHTS : തെക്കു നിന്നും വടക്കു നിന്നും വരുന്നവര്‍ ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനെ സ്‌നേഹിക്കുവാന്‍ കാരണം തൊട്ടടുത്ത്ഒരു’ബാര്‍’ഉള്ളത്‌കൊണ്ട്മാത്...

തെക്കു നിന്നും വടക്കു നിന്നും വരുന്നവര്‍ ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനെ സ്‌നേഹിക്കുവാന്‍ കാരണം തൊട്ടടുത്ത്ഒരു’ബാര്‍’ഉള്ളത്‌കൊണ്ട്മാത്രമല്ല…!!അത് ഇളം വെയില്‍ കൊള്ളാന്‍ കിടക്കും യന്ത്രകരിംചേരകളുടെ ഇടത്താവളമായതുമല്ല… തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്‍ ക്ലാരയെ യാത്രയയച്ചതു പോലെ പ്രണയത്തിന്റെയും വിരഹത്തിന്റെയും തീവണ്ടികള്‍ ചൂളം വിളിച്ച് പോകും റെയില്‍വേ സ്റ്റേഷന്‍ ആയതു കൊണ്ടുമല്ല. അവിടെ നിന്നും അഷ്ടദിക്കിലേക്കും ഇറങ്ങിപുറപ്പെട്ടാല്‍ കിട്ടുന്ന അനുഭൂതികളുടെ വിസ്മയകരമായ ഒത്തുചേരല്‍ തന്നെയാണ് ഷൊര്‍ണ്ണൂരിനെ പ്രിയപ്പെട്ടതാക്കുന്നത്. റെയിലിനോരം ചേര്‍ന്ന് ഒഴുകുകയും, ഒഴുകാതെയും, നിറഞ്ഞും കവിഞ്ഞും, തളം കെട്ടിയും, നേര്‍ത്തൊലിച്ചും, കൂലം കുത്തിയും ഒഴുകുന്ന നിളയുടെ കാറ്റേറ്റ് നമുക്കീ സ്റ്റേഷനില്‍ വണ്ടിയിറങ്ങാം.

ജനനം മുതല്‍ മരണം വരെയുള്ള എല്ലാ യാത്രകളും പ്രതീക്ഷിതവും അപ്രതീക്ഷിതവുമാണല്ലോ? ഓരോ യാത്രയുടെയും ഒരുക്കങ്ങളും അനുഭവങ്ങളും, രീതികളും വ്യത്യസ്തമായിരിക്കും. ഓര്‍മ്മകളുടെ ഇടവഴികളിലൂടെ നടക്കുമ്പോള്‍ എത്രയെത്ര ആകസ്മികതകള്‍?
സ്‌കൂള്‍ പൂട്ടിയപ്പോള്‍ പാര്‍ക്കാന്‍ പോയതും, ഉത്സവത്തിന് പോയതും, പരീക്ഷക്ക് പോയതും, കാമുകിയെ കാണാന്‍ പോയതും, പെണ്ണു കാണാന്‍ പോയതും, ആശുപത്രിയില്‍ പോയതുമായ എത്രയെത്ര ഓര്‍മ്മകളാണ് ഓരോ യാത്രക്കും കുട പിടിക്കുന്നത്.

sameeksha-malabarinews

ഇനി നമ്മളൊരുമിച്ച് പോകുന്നത് ഷൊര്‍ണ്ണൂര്‍ ബസ് സ്റ്റാന്റില്‍ നിന്നും’മയിലമ്മ’എന്നു പേരുള്ള, കൊക്കൊക്കോള എന്ന വിഷക്കമ്പനിയെ കെട്ടുകെട്ടിച്ച സമരതീഷ്ണമായ ജീവിതം നയിച്ച് ഊരിനും പാരിനും കാവലാളായ ധീരയുടെ പേരിലുളള ഒരു പാവം’ചിറകുള്ള ബസ്സി’ലാണ്…
ആ ബസ്സ് നമ്മളേയും കൊണ്ടോ, അല്ലെങ്കില്‍ ആ ബസ്സിനെ നമ്മടെ പ്രതീക്ഷകളോ ഓടിക്കുന്നത് കൈലിയാട് വഴി ചെര്‍പ്പുളശ്ശേരിയിലേക്കാണ്. അവിടെ ചെര്‍പ്പുളശ്ശേരി ജംഗ്ഷനില്‍ (മോഹന്‍ ലാല്‍ പറഞ്ഞതു പോലെ അമേരിക്കയിലെ ജംഗ്ഷനലല്ല…!) നമ്മളെ കാത്ത് ഒരു ജീപ്പുമായി ആരെങ്കിലും ഒരാള്‍ നില്‍ക്കുന്നുണ്ടാകും. മനസ്സില്‍ നിറയെ നിഷ്‌കളങ്കതയും, നെഞ്ചില്‍ നിറയെ സ്‌നേഹവുമുള്ളവര്‍. ചെര്‍പ്പുളശ്ശേരി ഇറങ്ങി ജീപ്പിന് പോകാനിഷ്ടമില്ലാത്തവര്‍ക്ക് നമുക്കിറങ്ങേണ്ട’മേട്’എന്ന സ്റ്റോപ്പിലേക്ക് നേരിട്ട് പോകുകയും ചെയ്യാം.
ഇനി നമ്മള്‍ ഒരു കുന്ന് കയറുകയാണ്, വാഹനത്തിലോ, നടന്നോ കിതച്ചു കൊണ്ട്, ശുദ്ധവായു ആഞ്ഞു ശ്വസിച്ചു നമുക്ക് മുന്നേറാം. കാറ്റിന് ചെമ്പരത്തിയുടെയും, അരിപ്പൂവിന്റെയും, പേരറിയാ കാട്ടുപൂക്കളുടെയും മണം. അന്തരീക്ഷത്തില്‍ ഇതു വരെ കാണാത്ത കിളികളുടെ കലപിലകള്‍, മൂകാംബികയില്‍ പോയവരുങ്കെില്‍ അവരറിയാത്ത ദേവിയെ വിളിച്ച് സ്മരിച്ചു പോകുന്നൊരിടം. ഇരുവശത്തു നിന്നും ചെമ്പരത്തികള്‍ രക്താഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്ന ചരല്‍വഴി പിന്നിടുമ്പോള്‍ നമ്മള്‍ വിപ്ലവകരമായ ചിന്തകള്‍ ഉദിക്കുന്ന ലളിതവും സുന്ദരവുമായ ചെമ്പരിത്തി മേട് എന്ന കുന്നിന്‍പുറത്തെത്തും. അവിടെ നമ്മളെയും കാത്ത് കബീര്‍ക്കയുടെ“സോങ് ഓഫ് സോങ്‌സ്”എന്ന പ്രണയക്കൂട്.
ഏക്കറുകളോളം ചെമ്പരത്തി പൂത്ത് നില്‍ക്കുന്ന ചെമ്പരിത്തി മേടിന്റെ താഴ്‌വരയിലെ

ലൊരു വരി കവിത പോലുള്ള ഈ ഇരട്ട വീടുകളിലേക്ക് ഏവര്‍ക്കും സ്വാഗതം…

കാറ്റടിക്കുമ്പോള്‍ ഇളകിയാടുന്ന ചെമ്പരിത്തികളാല്‍ ഒരു ചെങ്കടല്‍ അലയടിച്ചു വരികയാണെന്നു തോന്നും. മൂന്നേക്കര്‍ മറ്റാര്‍ക്കും കടന്നുവരാനാവാത്ത പ്രകൃതിഭംഗികളില്‍ നമുക്ക് കാട്ടുകുരുവികളെ പോലെ പാറിനടക്കാം. ചെറിയ താമരകുളങ്ങളും, കാടിറങ്ങിവരുന്ന മയില്‍കൂട്ടങ്ങളും കാണേണ്ട കാഴ്ച തന്നെ…വലിയ കാടിനുള്ളില്‍ പടച്ചവന്‍ പ്രിയപ്പെട്ടവര്‍ക്കായി കനിഞ്ഞരുളുന്ന സൗഭാഗ്യം.
ഹുമയൂണ്‍ കബീര്‍ എന്ന കബീര്‍ക്ക, കുഞ്ഞുനാളിലെ നന്നായി ചിത്രം വരയ്ക്കുന്ന മൂപ്പര്‍ക്ക് പി.ഡി.സി. കഴിഞ്ഞതും ഒരു ചൂടിന് സിവില്‍ എഞ്ചിനിയറാവാന്‍ പൂതിയുദിച്ചു. പഠനം കഴിഞ്ഞപ്പോള്‍ കോണ്‍ക്രീറ്റും കമ്പിയും മടുത്തു. ചിത്രകല ശാസ്ത്രീയമായി പഠിക്കാന്‍ മോഹം. പഠിച്ചിറങ്ങിയതും തന്റെ ആത്മീയ ഗുരുവിനെ കണ്ടെത്തി. ചെറുതും കലാപരവുമായ ചിലവുകള്‍ കുറഞ്ഞ വീടുകള്‍ നിര്‍മ്മിക്കുന്ന ജി. ശങ്കര്‍ എന്ന ഇപ്പോഴത്തെ പത്മശ്രീ ഹാബിറ്റേറ്റ് ശങ്കര്‍ജിയെ. ഒരു വീടെന്നാല്‍ വെറും തടിയും മണ്ണും കമ്പിയും കരിങ്കല്ലുമല്ല, ജീവിക്കുന്ന സ്വപ്നങ്ങളാണെന്ന തിരിച്ചറിവ് കബീര്‍ക്കക്കുണ്ട്.

ചെമ്പരിത്തി മേട്ടില്‍ വൈകുന്നേരം വണ്ടിയിറങ്ങുന്നതാണ് ഭംഗി. കുന്നു കയറുമ്പോള്‍ തന്നെ വഴിക്കിടതുവശത്തുള്ള ആനപ്പാറയില്‍ കയറി ഇരിക്കുകയും കിടക്കുകയും ചെയ്യാം. വലിയ ഉയരത്തില്‍ നീലാകാശത്തെ തൊട്ട് വലിയ ആഴങ്ങളിലേക്ക് ഉന്മാദത്തോടെ നോക്കിയിരുന്നു. മനുഷ്യനെ നമ്മുടെ വലിയ സ്വപ്നങ്ങളെയും നിസ്സഹായതകളെയും നമുക്ക് ഓര്‍ത്തെടുക്കാം. നാലു ഭാഗത്തുനിന്നും വീശിയടിക്കുന്ന കാറ്റില്‍ കൂട്ടുകാരിയെ ചേര്‍ന്നിരിക്കാം. അവളുടെ മുടിയിഴകളില്‍ ഒരു കാര്‍മുകില്‍ അലിഞ്ഞില്ലാതാവുന്നത് കാണാം. അസ്തമയ സൂര്യന്‍ സന്ധ്യദീപം കാണിച്ച് ചുവന്ന കുറിയിട്ടു തരുന്നത് കാണാം. പതിയെ നടന്ന്“സോങ് ഓഫ് സോങ്‌സില്‍”എത്തിയാല്‍ പാറക്കെട്ടുകളിലെ ചെറുചോലകളില്‍ നിന്ന് ഒഴുകി വരുന്ന ജലതണുപ്പില്‍ മുങ്ങിക്കുളിക്കാം, നീന്തിക്കളിക്കാം, ഒരു പക്ഷേ മനസ്സിലും ശരീരത്തിലുമുള്ള എല്ലാ അശുദ്ധിയും ഒരു പാപനാശിനിയില്‍ മുങ്ങിനിവരും പോലെ ഇല്ലാതാക്കുന്ന ജന്മാന്തരങ്ങളുടെ തണുപ്പുള്ള വെള്ളക്കൈകള്‍ നമ്മെ കെട്ടിപ്പിടിച്ച് കിടക്കാന്‍ പ്രേരിപ്പിക്കും. കുളിച്ച് തോര്‍ത്തി കയറിയാലും കുളം വിടാതെ നിലാവില്‍ നീന്തിത്തുടിക്കുന്നത് നിങ്ങളുടെ പാവം ഉള്ളം തന്നെയാവും.
കുളി കഴിഞ്ഞുവന്നാല്‍ നിങ്ങള്‍ പറയുന്നതെന്തും വച്ചുാക്കി തരുന്ന റാഫിയെ കാണാം. മീനും, ഇറച്ചിയും, പച്ചക്കറിയുമാണ് റാഫിയുടെ ഇഷ്ടവിഷയങ്ങള്‍. ചോറും, കഞ്ഞിയും, ചപ്പാത്തിയും, കപ്പയും വേണമെങ്കില്‍ റെഡി. നല്ല നാടന്‍ ചീനമുളകും പുളിയും, വെളിച്ചെണ്ണയും വിരലില്‍ ഞെരടി റാഫി തരുമ്പോള്‍ വിഷം പോലും നമ്മള്‍ തിന്നുപോകും. ഇടയ്‌ക്കെപ്പോള്‍ വേണമെങ്കിലും റാഫിയുടെ വക ചുക്കുകാപ്പിയും അവിലു കുഴച്ചതും തരും. വയറു നിറച്ച് സ്‌നേഹമുണ്ട്. രാത്രി മുഴുവന്‍ നക്ഷത്രങ്ങളെണ്ണി കവിത ചൊല്ലിയും, പാട്ടു പാടിയും, ഓടക്കുഴലൂതിയും, സോളമന്റെ വരികളെ നമുക്ക് കാതോര്‍ക്കാം……രാത്രി കിനിഞ്ഞിറങ്ങുന്ന തണുപ്പില്‍ മൂടിപ്പുതച്ചുറങ്ങാം. വേണ്ടുവോളം പ്രണയത്തിന്റെ തീ കായാം. അതിരാവിലെ ഉണര്‍ന്ന്“മുന്തിരിവള്ളികള്‍ പൂത്തോ…”എന്നു പോയി നോക്കാം.
മഞ്ഞു കൊണ്ടും, മൂടിപ്പുതച്ചും, വിരലു കോര്‍ത്തും പ്രഭാതസവാരി നടത്താം…ഉദയസൂര്യനെ കണ്ണുകളിലേക്കെടുത്ത് പ്രതീക്ഷകള്‍ക്ക് പുതുകിരണങ്ങള്‍ ചാര്‍ത്താം. ജീവിതത്തിലെ ഓരോരോ ഇടത്താവളങ്ങളെ, അന്തിയുറങ്ങും ഇടങ്ങളെ, ഉണര്‍ന്നെണീക്കുമ്പോള്‍ പുഞ്ചിരിച്ചു സ്വീകരിക്കും സൂര്യകിരണങ്ങളെ നോക്കി നമുക്ക് പുഞ്ചിരി തൂകാം.
തിരിച്ചു ചെന്ന് കുളിച്ചുകയറിയാല്‍ തക്കാളിച്ചമ്മന്തിയും, ഇഢലിയും, പുട്ടും, പപ്പടവും റാഫി തയ്യാറാക്കിയിട്ടുാവും. സ്വന്തം വീട്ടില്‍ നിന്നെന്ന പോലെ ആവിശ്യത്തിന് കഴിക്കാം. ഉച്ച വരെ നിങ്ങള്‍ക്ക് ആ കാടു മുഴുവന്‍ ചുറ്റിനടന്നു കാണാം..

photos Vijesh Ariyallor

ഉച്ചയ്ക്ക് കുത്തരിച്ചോറ് വേണോ, നെയ്‌ച്ചോറ് വേണോ റാഫി നളന്‍ റെഡി. ആ വീടിന്റെ അകത്തളങ്ങളില്‍ കബീര്‍ക്കയിലെ കലാകാരന്‍ നിറം ചാര്‍ത്തിയിരിക്കുന്നു. പുറം കാഴ്ച്ചക്ക് മാത്രമല്ല ഈ കിളിക്കൂട് ഭംഗി…നിറയെ വള്ളിക്കൂടും പൂക്കളും പടര്‍ന്ന് കയറുന്നത് സ്വപ്നങ്ങളിലേക്കാണ്. ഉള്ളില്‍ സ്‌നേഹവും, പ്രണയവും, ആര്‍ദ്രതയും, കരുണയുമുള്ള ആര്‍ക്കും ഇവിടെ വന്ന് രാപ്പാര്‍ക്കാം. ഉച്ച മയങ്ങുമ്പോള്‍ ഇറങ്ങാനുള്ള തിടുക്കത്തിലാകും നമ്മള്‍. വെയിലാറുമ്പോള്‍, ആസക്തികളുടെയും, ആര്‍ഭാടങ്ങളുടെയും, ആശങ്കകളുടെയും, ലോകത്തില്‍ നിന്നും തീര്‍ത്തും മാറിനില്‍ക്കാവുന്ന ഈ ഇടത്തെ ഒരു മഹാതപസ്യയുടെ പൂര്‍വ്വാശ്രമമായി തോന്നിയേക്കാം. അതു കൊണ്ടാവാം എന്തും വച്ചുവിളമ്പുന്ന റാഫിയോട് വരുന്നവരെല്ലാം കഞ്ഞിയും പുഴുക്കും കപ്പയും ചമ്മന്തിയുമൊക്കെ മതിയെന്ന് പറയുന്നത്.
ഓര്‍മ്മകളിലേക്ക്ചൂളം വിളിച്ച് തീവണ്ടിയോടുമ്പോള്‍ നമ്മള്‍ക്ക് ചെമ്പരിത്തി മേടിനെ വെറുമൊരു സുഖവാസ സ്ഥലമായി കാണാന്‍ പറ്റില്ല, മറിച്ച് ഇത് പച്ചയായ മനുഷ്യരുടെയും പ്രകൃതിജീവജാലങ്ങളുടെയും കാണാതുരുത്തായിട്ടാണ് നമ്മുടെ മനസ്സില്‍ കുടിയേറുക. ഉള്ളില്‍ പച്ചപ്പുള്ള ആര്‍ക്കും ഇവിടെ വന്ന് താമസിക്കാവുന്നതാണ്. വലിയ ടൂറിസം ഹെറിറ്റേജുകളുടെ കാര്‍ക്കശ്യമോ, കൊള്ളകച്ചവടമോ ഇല്ലാത്ത ഈ സ്ഥലം നിങ്ങള്‍ക്ക് വേണ്ടത്ര ദിവസങ്ങളില്‍ ഏറ്റെടുക്കാവുന്നതാണ്. ആ നിമിഷം അപ്പുറത്ത് നിങ്ങളെ സ്വീകരിക്കാന്‍ ചെമ്പരിത്തി മേട്ടില്‍  ഒരു ചെമ്പരത്തി മൊട്ടിട്ടിരിക്കും…!!!

സോങ്ങ് ഓഫ് സോങ്ങ്‌സ് ,

M D ഷാക്കിറ   9497662632

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!