Section

malabari-logo-mobile

ഖത്തറിലെ അഫ്ഗാന്‍ താലിബാന്‍ ഓഫീസര്‍ തലവന്‍ സയ്യിദ് തയ്യിബ് ആഗ രാജിവെച്ചു

HIGHLIGHTS : ദോഹ: ഖത്തറിലെ അഫ്ഗാന്‍ താലിബാന്‍ ഓഫീസിന്റെ തലവന്‍ സയ്യിദ് തയ്യിബ് ആഗ രാജിവെച്ചതായി റിപ്പോര്‍ട്ട്. ബി ബി സി ഉള്‍പ്പടെയുള്ള മാധ്യമങ്ങളും വാര്‍ത്താ ഏജ...

qatarദോഹ: ഖത്തറിലെ അഫ്ഗാന്‍ താലിബാന്‍ ഓഫീസിന്റെ തലവന്‍ സയ്യിദ് തയ്യിബ് ആഗ രാജിവെച്ചതായി റിപ്പോര്‍ട്ട്. ബി ബി സി ഉള്‍പ്പടെയുള്ള മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളുമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
അഫ്ഗാന്‍ താലിബാന്‍ തലവന്‍ മുല്ല ഉമറിന്റെ മരണത്തെത്തുടര്‍ന്ന് ഉടലെടുത്ത ഭിന്നതയാണ് രാജിക്ക് കാരണമെന്ന് ബി ബി സി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുല്ല ഉമര്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു. അഫ്ഗാന്‍ താലിബാന്റെ നേതാവായി കഴിഞ്ഞ ദിവസം മുല്ല അഖ്തര്‍ മന്‍സൂറിനെ തെരഞ്ഞെടുത്തിരുന്നു. ഇതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചാണ് സയ്യിദ് തയ്യിബ് ആഗ രാജിവെച്ചതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. താലിബാന്റെ യുവനേതൃനിരയിലെ ഏറ്റവും ശക്തനായ നേതാവായിരുന്നു സയ്യിദ് തയ്യിബ് ആഗ. താലിബാനെ സംബന്ധിച്ചിടത്തോളം അവരുടെ പ്രധാനശക്തി ഖത്തര്‍ താലിബാന്‍ ഓഫീസാണ്. ഖത്തറിലെ ഓഫീസ് അടച്ചിട്ടിരിക്കുകയാണെങ്കിലും പ്രതിനിധികള്‍ ദോഹയില്‍ തന്നെയുണ്ട്. സയ്യിദ് തയ്യിബ് ആഗ രാജിവെച്ചതോടെ പുതിയ തലവനെ കണ്ടെത്തേണ്ടതുണ്ട്. മുല്ല മന്‍സൂറിന്റെ നിയമനത്തിനെതിരെ താലിബാനില്‍ നിന്നുതന്നെ അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നത്. മുല്ല മന്‍സൂറിനെ നേതാവായി അവരോധിക്കുന്നതിനു മുമ്പ് തങ്ങളുമായി ചര്‍ച്ചയോ കൂടിയാലോചനകളോ നടത്തിയിട്ടില്ലെന്ന് ചില താലിബാന്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
ഭാവിയില്‍ ഉണ്ടാകാനിടയുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനായി ഖത്തര്‍ താലിബാന്‍ ഓഫീസ് നേതൃപദവിയില്‍ നിന്നും രാജിവെയ്ക്കുന്നുവെന്നാണ് സയ്യിദ് തയ്യിബ് ആഗ വ്യക്തമാക്കുന്നത്. നേരത്തെ മുല്ല ഉമറിന്റെ പേഴ്‌സണല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സയ്യിദ് ആഗ. മുല്ല മന്‍സൂറിന്റെ നിയമനത്തിലൂടെ ചരിത്രപരമായ തെറ്റാണ് ചെയ്തതെന്നും ആഗ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിനു പുറത്തുനിന്നാണ് ഈ നിയമനം ഉണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ പുറത്ത് അധിവസിക്കുന്ന ജനങ്ങളെ കണക്കിലെടുത്താണ് തീരുമാനം.
പാകിസ്ഥാന്‍ സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ മുല്ല മന്‍സൂറിന്റെ നിയമത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന വാര്‍ത്തകളെ പരാമര്‍ശിച്ചാണ് ആഗ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിനുള്ളിലെ തീരുമാന പ്രകാരമാണ് പുതിയ നേതാവിനെ നിശ്ചയിക്കേണ്ടതെന്നും ആഗ വ്യക്തമാക്കുന്നു. തങ്ങളുടെ എല്ലാ കാര്യങ്ങളും അഫ്ഗാനിസ്ഥാന്റെ ഉള്ളില്‍ വെച്ചാണ് കൈകാര്യം ചെയ്യേണ്ടത്. രണ്ടുവര്‍ഷത്തോളം മുല്ല ഉമറിന്റെ മരണം രഹസ്യമാക്കിവെച്ചതിനെയും ആഗ വിമര്‍ശിച്ചു. രണ്ടു വര്‍ഷം മുമ്പ് പാകിസ്ഥാന്‍ നഗരമായ കറാച്ചിയിലെ ഒരു ആശുപത്രിയില്‍ മുല്ല ഉമര്‍ മരണപ്പെട്ടതായി അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ എവിടെ വെച്ച്, എന്ന്, എങ്ങനെ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്താന്‍ അഫ്ഗാന്‍ താലിബാന്‍ ഇതുവരെയും തയാറായിട്ടില്ല.
മുല്ല മന്‍സൂറിന്റെ നിയമനം അഫ്ഗാന്‍ താലിബാനില്‍ ഭിന്നത രൂക്ഷമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ആഗയുടെ രാജിക്കത്ത് സ്ഥിരീകരിക്കാന്‍ താലിബാന്‍ വക്താവ് സെയ്ബുല്ല മുജാഹിദ് തയ്യാറായിട്ടില്ല. എന്നാല്‍ ആഗ തിങ്കളാഴ്ച രാജി വെച്ചതായി ഖത്തര്‍ താലിബാന്‍ ഓഫീസിലെ രണ്ടു മുതിര്‍ന്ന അംഗങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുല്ല ഉമര്‍ ജീവിച്ചിരുന്ന കാലത്തുപോലും മുല്ല മന്‍സൂറും തയ്യിബ് ആഗയും തമ്മില്‍ നല്ല സൗഹൃദബന്ധത്തിലായിരുന്നില്ലെന്ന് ആഗയുമായി അടുപ്പമുള്ള മറ്റൊരു താലിബാന്‍ അംഗം ചൂണ്ടിക്കാട്ടി. 2013 ജൂണ്‍ 18നായിരുന്നു താലിബാന്‍ ഓഫീസ് ദോഹയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇസ്‌ലാമിക് റിപ്പബ്ലിക്ക് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന് പേരിട്ട ഓഫീസില്‍ താലിബാന്റെ വെള്ള പതാക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ഓഫീസ് പൂട്ടാന്‍ കാരണമായത്. താലിബാന്‍ ഭരണകാലത്ത് ഉപയോഗിച്ച പേരും കൊടിയും ഉപയോഗിക്കുന്നതിനെതിരെ പ്രസിഡന്റ് ഹമീദ് കര്‍സായി അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. ഇതിനെതിരെ താലിബാനും ഉറച്ച നിലപാട് സ്വീകരിച്ചു. അഫ്ഗാന്‍ ഭരണകൂടവും താലിബാനും തമ്മിലുള്ള സമാധാന ചര്‍ച്ച ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് ഖത്തറില്‍ ഓഫീസ് തുറന്നത്. എന്നാല്‍ വളരെ പെട്ടന്നുതന്നെ ഓഫീസ് അടച്ചുപൂട്ടേണ്ടിവന്നു. അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഗ്വാണ്ടനാമോ ജയിലില്‍ തടവിലാക്കപ്പെട്ട അഞ്ചു താലിബാന്‍ തടവുകാരെ ഖത്തറിലേക്ക് മാറ്റിയതോടെയാണ് ഓഫീസ് വീണ്ടും തുറക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ന്നത്. അഫ്ഗാനിസ്ഥാനും താലിബാനും തമ്മില്‍ പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ കഴിഞ്ഞ മാസം ആദ്യം നടന്ന ചര്‍ച്ചയില്‍ ഖത്തര്‍ താലിബാന്‍ ഓഫീസ് പങ്കെടുത്തിരുന്നില്ല. ഇപ്പോള്‍ നടക്കുന്ന സമാധാനചര്‍ച്ചകളില്‍ തങ്ങള്‍ക്കു പ്രാധാന്യം വേണമെന്നാണ് ഖത്തര്‍ താലിബാന്‍ ആഗ്രഹിക്കുന്നതെന്ന് താലിബാന്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാഷ്ട്രീയകാര്യങ്ങളിലും അഫ്ഗാനിസ്ഥാനുമായും ആഗോള കമ്യൂണിറ്റിയുമായുള്ള ചര്‍ച്ചകളില്‍ നേതൃത്വം വഹിക്കാന്‍ മുല്ല ഒമര്‍ തന്നെ ചുമതലപ്പെടുത്തിയതായി  സയ്യിദ് തയ്യിബ് അഗ അവകാശപ്പെട്ടിരുന്നു. അടുത്തിടെ നോര്‍വെയില്‍ നടന്ന രാജ്യാന്തര സമ്മേളനത്തില്‍ തയ്യിബ് അഗ പങ്കെടുത്തിരുന്നു. ഇസ്‌ലാമിക് എമിറേറ്റ് എന്നറിയപ്പെടാനും അതിന്റെ കൊടി ഉപയോഗിക്കാനും തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.  ദോഹയിലെ ഓഫീസ് വീണ്ടും തുറന്നാല്‍ തങ്ങളെ ബന്ധപ്പെടാന്‍ സ്ഥിരമായൊരു മേല്‍വിലാസമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ആഗ രാജിവെച്ചതോടെ ഖത്തര്‍ താലിബാന്‍ ഓഫീസ് പ്രവര്‍ത്തനം ഇനി എങ്ങനെയാകുമെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!