Section

malabari-logo-mobile

കിഫ്ബിയിലൂടെ പരമ്പരാഗത നിക്ഷേപസങ്കല്‍പങ്ങള്‍ക്ക് കഴിയാത്ത  കുതിച്ചുചാട്ടമുണ്ടാക്കും -മുഖ്യമന്ത്രി പിണറായി വിജയന്‍

HIGHLIGHTS : പരമ്പരാഗത നിക്ഷേപസങ്കല്‍പം കൊണ്ട് സാധ്യമല്ലാത്ത അവിശ്വസനീയമായ കുതിച്ചുചാട്ടം വികസനരംഗത്ത് കിഫ്ബിയിലൂടെ സൃഷ്ടിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വി...

പരമ്പരാഗത നിക്ഷേപസങ്കല്‍പം കൊണ്ട് സാധ്യമല്ലാത്ത അവിശ്വസനീയമായ കുതിച്ചുചാട്ടം വികസനരംഗത്ത് കിഫ്ബിയിലൂടെ സൃഷ്ടിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വന്തം വിഭവങ്ങളില്‍നിന്ന് തന്നെ കിഫ്ബിക്ക് കടങ്ങള്‍ വീട്ടാനാകുമെന്നും അദ്ദേഹം പറഞ്ഞു. ‘പശ്ചാത്തലസൗകര്യ വികസന ധനസമാഹരത്തിലെ അവസരങ്ങളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചുകൊല്ലം കൊണ്ട് പതിനായിരക്കണക്കിന് കോടിയുടെ വികസന നിക്ഷേപം എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ നെറ്റിചുളിച്ചവരുണ്ട്. എന്നാല്‍ ആദ്യ രണ്ട് ബജറ്റുകളിലൂടെ മാത്രം കിഫ്ബി വഴി നടപ്പാക്കാനായി പ്രഖ്യാപിച്ചത് 51,000 കോടി രൂപയുടെ പദ്ധതികളാണ്. ഇത് വികസനരംഗത്ത് അവിശ്വസനീയമായ കുതിച്ചുചാട്ടം സൃഷ്ടിക്കും. 12,600 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിക്കഴിഞ്ഞു. 2612 കോടിയുടെ പദ്ധതികള്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്.
കിഫ്ബി ആദ്യം പണം സമാഹരിച്ച് പദ്ധതികള്‍ക്ക് നല്‍കുകയല്ല ചെയ്യുന്നത്. പണം മുന്‍കൂട്ടി സമാഹരിച്ച് കൈവശംവെച്ചാല്‍ പലിശ നല്‍കേണ്ടിവരും. പദ്ധതികളുടെ ഓരോഘട്ടവും പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് വേണ്ടുന്ന ധനം നല്‍കുകയാണ്. അതിനനുസരിച്ച് ധനസമാഹരണത്തിനുള്ള സംവിധാനങ്ങള്‍ കിഫ്ബിയില്‍ രൂപപ്പെടുത്തുകയാണ്.
സ്വന്തം പദ്ധതികളില്‍നിന്ന് പ്രതീക്ഷിക്കുന്ന വരുമാനത്തിന് പുറമേ സര്‍ക്കാരില്‍നിന്ന് തടസ്സം കൂടാതെ റവന്യൂ പ്രവഹിക്കാനുളള വഴികള്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആക്ട് ഭേദഗതിചെയ്ത് സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്.
3600 കോടിയോളം രൂപ ഇപ്പോള്‍തന്നെ നിക്ഷേപസമാഹരണത്തിനുള്ള ഗ്യാരന്റിയായുണ്ട്. ഗവണ്‍മെന്റ് ഗ്യാരന്റീസ് ആക്ടിലെ നിലവിലുള്ള പരിധിപ്രകാരം 21,000 കോടി വരെയുള്ള കടവായ്പകള്‍ക്ക് സര്‍ക്കാരിന് ഗ്യാരന്റി നല്‍കാനാകും. ഇതല്ലാതെ  സാമൂഹികപ്രതിബദ്ധതയുടെ ഭാഗമായി ഏറ്റെടുക്കുന്ന അടിസ്ഥാനസൗകര്യപദ്ധതികള്‍ക്ക് ആനുപാതികമായി വരുമാനം സൃഷ്ടിക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തുന്നതിലൂടെതന്നെ കിഫ്ബിക്ക് കടങ്ങള്‍ വീട്ടാനാകും.
പൊതുവിപണിയില്‍നിന്നും ആഗോളസ്ഥാപനങ്ങളില്‍നിന്നും ധനസമാഹരണത്തിന് ആവശ്യമായ ഗ്യാരന്റിയും വിശ്വാസ്യതയും ഉറപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. നടത്തിപ്പിലെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ പ്രത്യേകദൗത്യനിര്‍വഹണ സംവിധാനം അതത് പദ്ധതികളുടെ സ്വഭാവത്തിനനുസരിച്ച് തയാറാക്കും.
പദ്ധതികളുടെ തിരഞ്ഞെടുപ്പ്, പരിശോധന, അംഗീകാരം, നിര്‍വഹണം എന്നിവ അവലോകനം ചെയ്യാന്‍ ഒരുക്കിയിട്ടുള്ള സംവിധാനം സവിശേഷമാണ്. ആഗോളസ്വീകാര്യതയുള്ള സാമ്പത്തിക വികസന വിദഗ്ധരെയാണ് നാം നിയോഗിച്ചിരിക്കുന്നത്. സെബി, റിസര്‍വ് ബാങ്ക് എന്നിവയുടെ അംഗീകാരമുള്ള നൂതന ധനസമാഹരണ സംവിധാനങ്ങളായ ഓള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെബ്റ്റ് ഫണ്ട്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് എന്നിവ വഴിയാണ് ധനം സമാഹരിക്കുന്നത്. ഇതിലേക്കായി കിഫ്ബിയുടെ കീഴില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് മാനേജ്‌മെന്റ് കമ്പനി രൂപീകരിക്കുന്നതിനുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിച്ചു. സാമ്പത്തിക വികസനരംഗത്ത് വഴിത്തിരിവാണ് കിഫ്ബിയെന്നും ഇതിന്റെ ഫലങ്ങള്‍ രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് അവതരണ സമയത്ത് സംശയം പ്രകടിപ്പിച്ചവരുടെ ആശങ്കകള്‍ ഇപ്പോള്‍ മാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെബി സ്ഥിരാംഗം ജി. മഹാലിംഗം മുഖ്യപ്രഭാഷണം നടത്തി. ധനകാര്യ അഡീ. ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം സ്വാഗതവും കിഫ്ബി ജോയിന്റ് ഫണ്ട് മാനേജര്‍ ആനി ജൂലാ തോമസ് നന്ദിയും പറഞ്ഞു. രാവിലെ മുതല്‍ മൂന്നു സെഷനുകളിലായി രാജ്യത്തെ പ്രമുഖ ധനകാര്യവിദഗ്ധര്‍ സെമിനാര്‍ വിഷയാവതരണം നടത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!