മലപ്പുറം: ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്
ലാന്ങ്വിജ് യൂനിവേസിറ്റി (ഇഫ്ളു)മലപ്പുറം കാംപസില്‍ അടുത്ത അധ്യയന വര്‍ഷം ക്ലാസുകളാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. ഇഫ്ളു ബോര്‍ഡ് ഓഫ് റിസര്‍ച്ച് സ്റ്റഡീസ് ചെര്‍മാന്‍ പി.മാധവന്, അസോസിയേറ്റ് പ്രൊഫസര്‍ സി.വിപിന്‍കുമാര്‍, കലക്ടര്‍ എം.സി.മോഹന്‍ദാസ് തുടങ്ങിയവരോടൊപ്പം നിര്‍ദ്ദിഷ്ട ഇഫ്ളു കാംപസിന്റെ പ്രാഥമിക സ്ഥലപരിശോധന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം കാംപസിന് ഇപ്പോള്‍ വകയിരുത്തിയ 20 കോടിയ്ക്ക് പുറമെ 12-ാം പഞ്ചവത്സര പദ്ധതിയിലുള്‍പ്പെടുത്തി 124 കോടിയുടെ പ്രൊപ്പോസല്‍ യു.ജി.സിക്ക് സമര്‍പ്പിക്കും. ഇഫ്ളു കാംപസിന് അംഗീകാരം ലഭിച്ചാലുടന്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും സ്ഥലപരിശോധനയ്ക്കെത്തിയ യൂനിവേസിറ്റി പ്രതിനിധികള്‍ അറിയിച്ചു.
കാംപസ് യാഥാര്‍ഥ്യമായാല്‍ 13 ഭാഷകളില്‍ ഉന്നത പഠനത്തിനും ഗവേഷണത്തിനും സൗകര്യമുണ്ടാകും. 3000 വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനവസരം ലഭിക്കും. അന്താരാഷ്ട്ര തലത്തിലുള്ള ട്രെയിനിങ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കാന്‍ കഴിയും. 1000 അധ്യാപകേതര ജീവനക്കാരുണ്ടാകും. 25 ശതമാനം വിദേശ വിദ്യാര്‍ഥികള്‍ക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുമുണ്ടാകും. വിമാനത്താവളവും റെയില്‍വെ സ്റ്റേഷനും അടുത്തുള്ളത് വിദ്യാര്‍ഥികള്‍ക്ക് കാംപസിലെത്താന് സഹായകരമാകും.കടലുണ്ടിപ്പുഴയില്‍ തടയണ നിര്‍മിച്ച് കാംപസിലേക്കാവശ്യമായ ജലം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വാകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് അറിയിച്ചു.
ജില്ലയില്‍ ഇഫ്ളു കാംപസ് യാഥാര്‍ഥ്യമാകുമ്പോള്‍ രാജ്യം കടപ്പെട്ടിരിക്കുന്നത് ആധുനിക ഇന്ത്യയുടെ ശില്പിയും ഒന്നാമത്തെ പ്രധാന മന്ത്രിയുമായ ജവഹര്‍ നെഹ്റുവിനോടാണ്.
ഇംഗ്ലീഷ് ഭാഷ നന്നായി ഉപയോഗിക്കാനറിയുന്ന ഒരു തലമുറയെ സൃഷ്ടിക്കണമെന്നും ഇംഗ്ലീഷ് പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് ഭാഷാ പരിജ്ഞാനമുണ്ടെങ്കില്‍ ഇത് സാധ്യമാകുമെന്നുള്ള നെഹ്റുവിന്റെ തിരിച്ചറിവാണ് 1958 ല്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ്(സി.ഐ.ഇ) എന്ന ഇംഗ്ലീഷ് ടീച്ചര്‍ ട്രൈനിങ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുന്നതിന് വഴിയൊരുക്കിയത്. 1972 ല്‍ ഇംഗ്ലീഷിനു പുറമെ മറ്റ് പ്രധാന വിദേശ ഭാഷകള്‍കൂടി പഠനത്തിനും ഗവേഷണത്തിനും ഉള്‍പ്പെടുത്തുന്നതിനായി സി.ഐ.ഇ -സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ് ആന്റ് ഫോറിന് ലാന്ങ്വിജസ്(സി.ഐ.ഇ.എഫ്.എല്‍) എന്ന് പുന:നാമകരണം ചെയ്തു. ഭാഷാ പഠന രംഗത്ത് ഉന്നത നിലവാരം പുലര്‍ത്തിയതിനുള്ള അംഗീകാരമായി 1973 ല്‍ യു.ജി.സി ഇതിന് കല്പിത സര്‍വകലാശാലാ പദവി നല്കി. ഇതേ വര്‍ഷം ഷില്ലോങില്‍ പ്രാദേശിക സെന്റര്‍ സ്ഥാപിച്ചു. 1974 ല്‍ വിദൂര വിദ്യാഭ്യാസ കേന്ദ്രവുമാരഭിച്ചു.
2006 ല്‍ സി.ഐ.ഇ.എഫ്.എല്‍ കേന്ദ്ര യൂനിവേസിറ്റിയായി മാറി. 2007 ല്‍ പാര്‍ലമെന്റ് നിയമം പാസാക്കുകയും സി.ഐ.ഇ.എഫ്.എല്‍ -ദി ഇംഗ്ലീഷ് ആന്‍ഡ് ഫോറിന് ലാന്ങ്വിജസ് യൂനിവേസിറ്റി(ഇ.എഫ്.എല്‍.യു) എന്നാക്കി മാറ്റുകയും ചെയ്തു. ഇഫ്ളു ഇന്ന് വെറും ഒരു ഭാഷാ പഠന കേന്ദ്രം മാത്രമല്ല ഇംഗ്ലീഷ് സാഹിത്യം, ഇംഗ്ലീഷ് ഭാഷാധ്യാപനം, കള്‍ച്ചറല്‍ സ്റ്റഡീസ്, ഭാഷയുടെ ഉല്പത്തി, ഉച്ചാരണം, മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ തുടങ്ങി വിവിധ മേഖലകളില്‍ അത്യുന്നത നിലവാരം പുലര്‍ത്തുന്ന രാജ്യത്തിന് പുറത്തുള്ളവര്‍ പോലും ആശ്രയിക്കുന്ന സര്‍വകലാശാലയാണ്.




