Section

malabari-logo-mobile

ആത്മ വിശ്വാസത്തോടെ സ്റ്റുഡന്റ് പൊലീസ് സമൂഹത്തിലേയ്ക്ക്

HIGHLIGHTS : മലപ്പുറം : 2010 മുതലുള്ള കായികവും

മലപ്പുറം : 2010 മുതലുള്ള കായികവും മാനസികവുമായ വൈവിധ്യങ്ങളായ പരിശീലനങ്ങള്‍ക്കൊടുവില്‍ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയുടെ പ്രതിഫലനമായി 477 വിദ്യാര്‍ഥികള്‍ ഇനി സമൂഹത്തിന്റെ മുഖ്യധാരയിലുണ്ടാവും. 2010 ല്‍ ജില്ലയിലെ 14 സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത 616 എട്ടാം ക്ലാസ് വിദ്യാര്‍ഥികളില്‍ 477 പേരാണ് എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളുടെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. 257 ആണ്‍കുട്ടികളും 220 പെണ്‍കുട്ടികളും പങ്കെടുത്ത പരേഡില്‍ വ്യവസായ – ഐ.റ്റി വകുപ്പു മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി സല്യൂട്ട് സ്വീകരിച്ചു. ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ്, ജില്ലാ പൊലീസ് സൂപ്രണ്ട് കെ. സേതുരാമന്‍, എം.എസ്.പി കമാണ്ടന്റ് യു.ഷറഫലി, പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ ഡി.വൈ.എസ്.പി. എം.പി.മോഹന ചന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ജില്ലയിലെ 13 പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തെരഞ്ഞെടുത്ത ഓരോ സ്‌കൂളിലും പരപ്പനങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് സ്‌കൂളിലുമാണ് സ്റ്റുഡന്റ് കെഡറ്റ് പദ്ധതി നടപ്പാക്കിയത്. വിദ്യാര്‍ഥികളെ സമൂഹത്തിനോട് ഉത്തരവാദിത്തമുള്ളവരാക്കാനും വ്യക്തിത്വ വികസനത്തിനും ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് വിവിധ വകുപ്പുകള്‍ ഏകോപിച്ച് പ്രവര്‍ത്തിച്ചു.
ദുരന്ത നിവാരണം പ്രാഥമിക ശുശ്രൂഷ, പകര്‍ച്ചവ്യാധി പ്രതിരോധം, റോഡ് ഗതാഗതം, ലഹരി വിരുദ്ധ ബോധവത്കരണം തുടങ്ങിയ വിഷയങ്ങളില്‍ കെഡറ്റുകള്‍ക്ക് വിദഗ്ധര്‍ ക്ലാസുകള്‍ നല്‍കിയിരുന്നു. ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നതിനും സഹിഷ്ണുത വളര്‍ത്തുന്നതിനുമായി റസിഡന്‍ഷല്‍ കാംപുകള്‍ സംഘടിപ്പിക്കുകയും ആദിവാസി കോളനികളും വന മേഖലകളും സന്ദര്‍ശിക്കാനും അവസരമൊരുക്കിയിരുന്നു. വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം കുറയ്ക്കുന്നതിനായി എക്‌സൈസ് വകുപ്പ് നടത്തുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങളിലും പൊലീസിന്റെ ‘ശുഭയാത്ര’പരിപാടിയിലും പങ്കാളികളായി ഇവര്‍ സാന്നിധ്യം അറിയിച്ചു. സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ഇടാതെയും മദ്യപിച്ചും വാഹനമോടിച്ചിരുന്നവരെ ഇവര്‍ തടഞ്ഞു നിര്‍ത്തി ഉപദേശിച്ചത് മുതിര്‍ന്ന പലരിലും മനംമാറ്റമുണ്ടാക്കിയതായി നോഡല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തുന്നു.

sameeksha-malabarinews

ആഴ്ചയിലൊരിക്കല്‍ പൊലീസിലെ തന്നെ ഡ്രില്‍ ഇന്‍സ്‌പെക്ടര്‍മാരുടെ ചുമതലയില്‍ സ്‌കൂളുകളില്‍ കായിക പരിശീലനം നല്‍കിയിരുന്നത് കെഡറ്റുകളുടെ കായികക്ഷമത വര്‍ദ്ധിപ്പിച്ചു. കെഡറ്റുകള്‍ക്ക് ഡ്രില്‍ ഇന്‍സ്‌പെക്ടര്‍മാരുമായുള്ള ചങ്ങാത്തം സ്‌കൂള്‍ പരിസരം കേന്ദമാക്കി നടത്തുന്ന പല കുറ്റകൃത്യങ്ങളും കണ്ടു പിടിക്കുന്നതിന് പൊലീസിനും സഹായകമായിട്ടുണ്ട്. പൊലീസിന് സമാനമായി യൂനിഫോമും പി.റ്റി ഡ്രസും, കാംപ് നടത്താനുള്ള സംവിധാനവുമൊരുക്കി ആത്മ വിശ്വാസത്തോടെ ഇവരെ സമൂഹത്തിലെ ചലനങ്ങളില്‍ പങ്കാളികളും നിരീക്ഷകരുമാകാന്‍ സജ്ജരാക്കുമ്പോള്‍ ഇവര്‍ക്കൊപ്പം ആദരിക്കപ്പെടേണ്ടത് ജില്ലാ പഞ്ചായത്താണ്. സ്റ്റുഡന്റ് പൊലീസ് കെഡറ്റ് പദ്ധതിക്കായി 2011-12 ല്‍ ജില്ലാ പഞ്ചായത്ത് 14 ലക്ഷമാണ് നല്‍കിയത്. ഓരോ സ്‌കൂളിനും ഒരു ലക്ഷം വീതം. സംസ്ഥാനത്ത് ഈ പദ്ധതിക്കായി തുക വകയിരുത്തിയ ഏക ജില്ലാ പഞ്ചായത്തെന്ന ബഹുമതി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!