അല്‍ജസീറ മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ചു

ദോഹ: ഈജിപ്ത് സൈന്യം പിടികൂടി തടങ്കലിലാക്കിയ അല്‍ജസീറ ഇംഗ്ലീഷ് ചാനലിലെ നാല് മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ചു. കറസ്‌പോണ്ടന്റ് വെയ്ന്‍ ഹേ, കാമറാമാന്‍ ആദില്‍ ബ്രാഡ്‌ലോ, പ്രൊഡ്യൂസര്‍മാരായ റസ്ഫിന്‍, മുഹമ്മദ് ബാഹര്‍ എന്നിവരെയാണ് ഈജിപ്ത് ഭരണകൂടം വിട്ടയച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവരെ കാരണം കൂടാതെ അറസ്റ്റ് ചെയ്തത്. അഞ്ചുദിവസത്തിന് ശേഷം കേസെന്നും ചുമത്താതെ വിട്ടയക്കുകയായിരുന്നുവെന്ന് അല്‍ ജസീറ ചാനല്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. അതേസമയം, ഈജിപ്ഷ്യന്‍ സുരക്ഷാ സേന കഴിഞ്ഞ ദിവസം പിടികൂടിയ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ഷിഹാബ് എല്‍ദിന്‍ ഷറാവിയെ  അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഷറാവിയെ കൂടാതെ, കറസ്‌പോണ്ടന്റ് അബ്ദുല്ല അല്‍ഷാമിയും അല്‍ജസീറ ഈജിപ്ത് കാമറാമാന്‍ മുഹമ്മദ് ബദറും ഇപ്പോഴും തടവിലാണ്. അബ്ദുല്ല അല്‍ ഷാമി ആഗസ്ത് 14 മുതലും മുഹമ്മദ് ബദര്‍ ഒരു മാസത്തിലധികവുമായി തടവിലായിട്ട്. അറസ്റ്റിന് മുമ്പ് അല്‍ ജസീറയുടെ ഈജിപ്തിലെ ഓഫിസ് സുരക്ഷാസേന റെയ്ഡ് ചെയ്യുകയും ഉപകരണങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഉപകരണങ്ങള്‍ തിരിച്ചേല്‍പ്പിക്കുകയും മാധ്യമ പ്രവര്‍ത്തകരെ ഉപാധികളില്ലാതെ വിട്ടയക്കണമെന്നും അല്‍ ജസീറ ഈജിപ്ഷ്യന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പിരിമുറക്കം നിറഞ്ഞ ദിവസങ്ങളില്‍ തങ്ങളെ സഹായിച്ചവര്‍ക്ക് അല്‍ജസീറ മീഡിയ നെറ്റ്‌വര്‍ക്ക് നന്ദിയറിയിച്ചു.
Share news
error: Content is protected !!
Scroll to Top