അല്‍ഗാനിം ബസ് അപകടത്തില്‍ മരണം സംഭവിച്ചെന്ന വാര്‍ത്തകള്‍ അഭ്യൂഹം മാത്രം

ദോഹ: അല്‍ഗാനിം സ്റ്റേഷനില്‍ വെയ്റ്റിംഗ് ഷെഡിലേക്ക് ബസ് ഇടിച്ചു കയറിയ സംഭവത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ് തിട്ടില്ലെന്ന്  ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ രണ്ടു പേര്‍ മരിച്ചതായി അഭ്യൂഹങ്ങള്‍ പരക്കുകയും ഒരു മരണം സംഭവിച്ചിട്ടുണ്ടെന്ന് ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം വാ ര്‍ത്ത നല്കുകയും ചെയ്തത് ആശങ്ക പരത്തിയിരുന്നു.  ചികിത്സയില്‍ കഴിയുന്നവരുടെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്നലെ രാത്രി ആശുപത്രി സന്ദര്‍ശിച്ച മാധ്യമ പ്രവര്‍ത്തകരോട് അപകടത്തില്‍ ആരും മരിച്ചിട്ടില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു. അതേസമയം അപകടത്തില്‍പ്പെട്ട് എല്ലുകള്‍ക്ക് ഒടിവ് പറ്റിയ നാലു പേര്‍ ഇപ്പോഴും ചികിത്സയിലുണ്ട്. 13 പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ഇവരില്‍ ഒന്‍പതു പേരെ കഴിഞ്ഞ ദിവസം  ഡിസ്ചാര്‍ജ് ചെയ്തു. ബാക്കിയുള്ള നാലു പേര്‍ക്ക് സാരമായ പരുക്കുള്ളതിനാല്‍ ചികിത്സയില്‍ തുടരുകയാണ്. നേപ്പാള്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നാലു പേരാണ് ഇപ്പോഴും ചികിത്സയില്‍ തുടരുന്നത്. കൈകാലുകളിലെ എല്ലുകളും തോളെല്ലും പൊട്ടിയ നിലയിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് നഗരത്തെ ഞെട്ടിച്ച അപകടം സംഭവിച്ചത്. മതാര്‍ ഖദീം റൂട്ടിലോടുന്ന പതിനൊന്നാം നമ്പര്‍ ബസാണ് യാത്രക്കാര്‍ക്കിടയിലേക്ക് ഓടിക്കയറിയത്. മുവാസലാത്തിന്റെയും അല്‍ഗാനിം ബസ് സ്റ്റേഷന്റെയും ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു അപകടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ബസ് ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയിലാണ്. പൊലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി കസ്റ്റഡിയിലെടുത്ത ഘാന പൗരനായ ഡ്രൈവറെ ചോദ്യം ചെയ്തു വരികയാണെന്നാണ് അറിയുന്നത്. ഡ്രൈവര്‍ അശ്രദ്ധമായി ബ്രേക്കിന് പകരം ആക്‌സിലറേറ്ററില്‍ കാല്‍ അമര്‍ത്തിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. മുവാസലാത്തുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും ഇതേ അനുമാനത്തിലാണ്. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് യാത്രക്കാരെ കയറ്റുന്നതിനായി ബേയിലേക്ക് നീങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബേയില്‍ നിര്‍ത്താനായി ബ്രേക്കില്‍ കാല്‍ അമര്‍ത്താന്‍ ശ്രമിച്ച ഡ്രൈവര്‍ അശ്രദ്ധമായി ആക്‌സിലറേറ്ററില്‍ കാല്‍ വെക്കുകയും ബസ് യാത്രക്കാര്‍ക്കിടയിലേക്ക് കുതിക്കുകയുമായിരുന്നു.
ബസ് കാത്ത് ബഞ്ചിലിരുന്ന യാത്രക്കാരും  ബസിലേക്ക് കയറാനായി വന്ന യാത്രക്കാരുമാണ് അപകടത്തിനിരകളായത്.

Share news
error: Content is protected !!
Scroll to Top