തിരൂരങ്ങാടി: തിരൂരങ്ങാടി പിഎസ്എം കോളേജില്‍ പ്രിന്‍സിപ്പലിനെ എംഎസ് എഫുകാര്‍ മുറിയില്‍ പൂട്ടിയിടുകയും തക്കാളിയെറിയുകയും ചെയ്തു. ഇതെ തുടര്‍ന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു.
അനുവാദമില്ലാതെ കോളേജ് യൂണിയന്റെ പേരില്‍ ക്ലാസുകളില്‍ കയറി നോട്ടീസ് വിതരണം ചെയ്ത് പ്രിന്‍സിപ്പല്‍ എതിര്‍ത്തതോടെയാണ് ചൊവ്വാഴ്ച മുതല്‍ കോളേജില്‍ എംഎസ്എഫുകാര്‍ സമരമാരംഭിച്ചത്. ബുധനാഴ്ച കോളേജിലേക്ക് എംഎസ്എഫുകാര്‍ മാര്‍ച്ച് നടത്തുകയും പ്രധാന ഗേറ്റ് അടച്ചിടുകയും ചെയ്തു. പിന്നീട് പോലീസെത്തി തുറക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ. ഹാറൂണിന്റെ മുറിയിലേക്ക് എംഎസ്എഫുകാര്‍ എത്തുകയും പൂട്ടിയിടുകയുമായിരുന്നു. ഇതിനിടെ പ്രിന്‍സിപ്പലിന് നേരെ ചീഞ്ഞ തക്കാളിയും എറിഞ്ഞു. ഇത് മറ്റ് രണ്ട് അധ്യാപകരുടെ ശരീരത്തില്‍ ത്ട്ടിയതോടെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി. ഇതോടെയാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചത്.
നേരത്തെ ഉണ്ടായിരുന്ന പ്രിന്‍സിപ്പലും എംഎസ്എഫുകാര്‍ സമരത്തിനിറങ്ങിയതോടെ സ്ഥാനമൊഴിഞ്ഞിരുന്നു. ‘സി’ സോണ്‍ കലോത്സവ വേദിയെ സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു അന്ന് പ്രിന്‍സിപ്പലിനെതിരെ എംഎസ്എഫുകാര്‍ സമരരംഗത്തെത്തിയത്. ഇതോടെ പ്രിന്‍സിപ്പല്‍ രാജിവെക്കുകയായിരുന്നു. ്തുടര്‍ന്ന് പുതിയ പ്രിന്‍സിപ്പലായി ചാര്‍ജ്ജെടുത്ത ഹാറൂണിനെതിരെയും തുടക്കത്തില്‍ തന്നെ എംഎസ്എഫുകാര്‍ സമരരംഗത്തായിരുന്നു. കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയായവരുള്‍പ്പെടെയുള്ളവര്‍ എത്തി കോളേജ് ഡെ നടത്താന്‍ ശ്രമിച്ചത് പ്രിന്‍സി്പ്പല്‍ തടഞ്ഞതോടെയാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഇതെ തുടര്‍ന്ന് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. മാനേജ്‌മെന്റ് ഇടപെട്ടതിനെ തുടര്‍ന്ന് അടുത്തിടെ കേളേജ് തുറന്നത്.
മുസ്ലീംലീഗിന്റെ പ്രധാന നേതാക്കള്‍ ഉള്‍ക്കൊള്ളുന്ന മാനേജ്‌മെന്റ്ിന്റെ നിയന്ത്രണത്തിലുള്ള തിരൂരങ്ങാടി കോളേജില്‍ പ്രിന്‍സിപ്പലിനെതിരെ എംഎസ്എഫുകാര്‍ സ്ഥിരമായി രംഗത്തുവരുന്നതും ഇതുമൂലം കോളേജ് അടച്ചിടേണ്ടി വരുന്നതും ലീഗ് നേതൃത്വത്തിന് തലവേദനയുണ്ടാക്കികൊണ്ടിരിക്കുകയാണ്.




