മലപ്പുറം: സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പാനൊരുങ്ങുന്ന നിതാഖത്ത് നിയമത്തിന്റെ സമയപരിധി ബുധനാഴ്ച അവസാനിക്കാനിരിക്കെ മലപ്പുറത്തെ ഒരു ലക്ഷത്തോളം വരുന്ന പ്രവാസികളുടെ കുടുംബങ്ങള്‍ കനത്ത ആശങ്കയില്‍.
നിതാഖത്ത് നിയമമനുസരിച്ചുള്ള നിബന്ധനകള്‍ പൂര്‍ത്തയാകുന്നതോടെ 20 ലക്ഷത്തോളം വിദേശികള്‍ തൊഴിലുപേക്ഷിച്ച് സൗദി വിടേണ്ടിവരുമെന്നാണ് കണക്ക് . ഇത് കേരളത്തില്‍ നിന്നുള്ളവരെയാണ് ഏറ്റവും അധികം ബാധിക്കുക.
സൗദിയില്‍ മാത്രം എട്ടു ലക്ഷത്തോളം മലയാളികളുണ്ട്. ഇതില്‍ 60% ഫ്രീവിസയില്‍ ഇവിടെ തൊഴിലിനെത്തിയവരാണ്.ഇവര്‍ സൗദിയിലെത്തിയ ശേഷം ഇഖാമ തരപ്പെടുത്തിജോലികളില്‍ ഏര്‍പ്പടുന്നവരാണ്. ഇവര്‍ക്ക് ഏത് ജോലിയും ചെയ്യാമെന്നുള്ളതിനാല്‍ ലക്ഷക്കണക്കിന് രൂപ നല്‍കിയാണ് മലയാളികള്‍ ഇത്തരം വിസയില്‍ ഇവിടെയെത്തിയിരുന്നത്. ഇവര്‍ക്കാണ് പധാനമായും ഈ നിയമം ഇരുട്ടടിയാവുക.ഇത്തരം ഇഖാമകള്‍ പുതുക്കിനല്‍കാതാവുന്നതോടെ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വരും.
മലബാറില്‍ നിന്നുള്ളവരാണ് ഇതില്‍ ഭൂരിഭാഗവും. മലപ്പുറത്തു നിന്നു മാത്രം സൗദിയില്‍ മൂന്ന് ലക്ഷം പേര്‍ ജോലി ചെയ്യുന്നുണ്ട്. നിയമം കര്‍ക്കശമാക്കിയാല്‍ ഇതില്‍ ഒരു ലക്ഷം പേരെങ്കിലും മടങ്ങേണ്ടിവരുമെന്നാണ് കരുതുന്നത്.
കൂടാതെ എല്ലാ സ്ഥാപനങ്ങളിലും സ്വദേശി വേണമെന്നതും നിയമത്തില്‍ പറയുന്നുണ്ട് ഇത് സൗദി പൗരന്‍മാരുടെ പേരില്‍ സ്ഥാപനങ്ങള്‍ നടത്തുന്നവരെയും ബാധിക്കും. സ്‌പോണ്‍സര്‍മാര്‍ക്ക് ഒരു നിശ്ചിത തുക കഫാലത്ത് ആയി നല്‍കി നടത്തി വരുന്ന ഈ സ്ഥാപനങ്ങളില്‍ സൗദി പൗരന്‍മാരെ നിയമിക്കേണ്ടിവരും വന്‍തുക ഇവര്‍ക്ക ശമ്പളമായി നല്‍കി സ്ഥാപനങ്ങള്‍ നടത്തികൊണ്ടു പോകുക എന്നതും അസാധ്യമായി മാറും.
ഇപ്പോള്‍ തന്നെ സൗദിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തില്‍ വന്‍ കുറവ് അനുഭവപ്പെട്ടു തുടങ്ങി.ഏറ്റവും അധികം പ്രവാസി നിക്ഷേപമുള്ള മലപ്പുറം ജില്ലയില്‍ മുന്ന് മാസത്തിനകം 462കോടി രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. ജില്ലയില്‍ കെട്ടിടനിര്‍മാണമേഖലയും റിയല്‍ എസ്‌റ്റേറ്റ് മേഖലയും സ്ംത്ഭനാവസ്ഥയിലാണ്. വരും ദിവസങ്ങളില്‍ ആയിരങ്ങള്‍ ജോലി നഷ്ടപ്പെട്ട് തിരികെ വരാന്‍ തുടങ്ങിയാല്‍ അത് ജില്ലയില്‍ രൂക്ഷമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.




