സ്‌പോണ്‍സര്‍ഷിപ്പ്‌ നിയമം: ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളികളെ തിരഞ്ഞെടുക്കുന്നത്‌ കാര്യക്ഷമമാക്കും

Untitled-1 copyദോഹ: വരുന്ന ഡിസംബറില്‍ നടപ്പിലാകാനിരിക്കുന്ന പുതിയ സ്‌പോണ്‍സര്‍ഷിപ്പ്‌ നിയമം പ്രാബല്യത്തില്‍ വുന്നതോടെ ഗാര്‍ഹിക തൊഴിലാളികളുടെ തിരഞ്ഞെടുപ്പ്‌ കൂടുതല്‍ കാര്യക്ഷമമാകും. ഖത്തറിലേക്ക്‌ തൊഴിലിനായി എത്തുന്നവര്‍ രാജ്യത്തേക്ക്‌ പ്രവേശിക്കുന്നതിന്‌ മുമ്പുതന്നെ നിര്‍ബന്ധമായും തൊഴില്‍ കരാറില്‍ ഒപ്പിടണമെന്നാണ്‌ പുതിയ നിയമം നിര്‍ദേശിക്കുന്നത്‌. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള്‌ കരാറാണ്‌ ഏറ്റവും പ്രധാനം.

ഗാര്‍ഹിക ജീവനക്കാരെ ആവശ്യമായി വരുന്ന വീട്ടുകാര്‍ ആദ്യം തന്നെ തൊഴിലാളികളെ നല്‍കുന്ന റിക്രൂട്ട്‌മെന്റ്‌ ഏജന്‍സിയുമായി കരാറില്‍ ഒപ്പിടണമെന്നാണ്‌ പുതിയ നിയമം. ഇരുപാര്‍ട്ടികള്‍ളുടെയും ഒപ്പിനു പുറമെ തൊഴില്‍ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പിന്റെ അനുമതിയും കരാറിന്‌ ആവശ്യമാണ്‌. കരാറിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്‌ച വരുത്തിയാല്‍ ഗാര്‍ഹിക തൊഴിലാളിയെ തിരിച്ച്‌ സ്വദേശത്തേക്ക്‌ അയക്കാനുള്ള അവകാശം തൊഴിലുടമയ്‌ക്കുണ്ടായിരിക്കുമെന്നും ഭരണനിര്‍വഹണ വികസന, തൊഴില്‍, സാമൂഹികകാര്യ മന്ത്രാലയം പറഞ്ഞു. പുതിയ നിയമം നടപ്പാക്കുന്നതിന്റെ മുന്നോടിയായി ഗാര്‍ഹിക തൊഴിലാളികളുടെ തിരഞ്ഞെടുപ്പ്‌ സംബന്ധിച്ച്‌ തൊഴിലുടകള്‍ക്കിടയില്‍ ബോധവല്‍ക്കരണം ലക്ഷ്യമിട്ട്‌ പുതി ഫേസ്‌ബുക്ക്‌ പേജ്‌ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്‌.

പുതിയ നിയമം സ്‌പോണ്‍സര്‍ഷിപ്പ്‌ സംവിധാനത്തിന്‌ പകരമായുള്ളതാണ്‌. ഇതുപ്രകാരം വിദേശതൊഴിലാളിയുടെ തൊഴില്‍ പൂര്‍ണമായും കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും. കരാറിലെ വ്യവസ്ഥകള്‍ പാലിക്കാത്ത റിക്രൂട്ടിങ്‌ ഏജന്‍സിക്കെതിരെ മന്ത്രാലയത്തില്‍ തൊഴിലുടമയ്‌ക്ക്‌ പരാതി നല്‍കാം. എന്നാല്‍ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പിന്റെ അനുമതിയോടെ തൊഴിലുടമയും റിക്രാട്ട്‌മെന്റ്‌ ഏജന്‍സിയും ഒപ്പിട്ട്‌ എഴുതി തയ്യാറാക്കിയ കരാറായിരിക്കണം. ഈ കരാറില്‍ ഏജന്‍സി വീഴ്‌ച വരുത്തിയാല്‍ തൊഴിലുടമയ്‌ക്ക മന്ത്രാലയത്തില്‍ പാരിതി നല്‍കാം.

തൊഴില്‍ കാലപരിധിയും പരിശീലന കാലഘട്ടവും കൃത്യമായി നിശ്ചയിച്ചിരിക്കണം. തൊഴിലുടമയുടെ കീഴില്‍ ജോലി ആരംഭിക്കുന്ന ദിവസം തൊട്ട്‌ മൂന്ന്‌ മാസക്കാലമാണ്‌ പരിശീലന ഘട്ടം. തൊഴിലാളി രാജ്യത്തെത്തിയാല്‍ ഉടന്‍ ആരോഗ്യ പരിശോധന നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം. ആദ്യമായി രാജ്യത്തെത്തിയവര്‍ക്ക്‌ യാതൊരു തരത്തിലുള്ള അസുഖവും ഇല്ലെന്നും ഉറപ്പു വരുത്തേണ്ടതാണ്‌.

തൊഴിലാളികളുടെ കരാറുകള്‍ ശ്രദ്ധയോടെ വായിക്കാനും കരാറിന്റെ കോപ്പി കൈവശം സൂക്ഷിക്കാനും തൊഴിലുടമ ശ്രദ്ധിക്കണമെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നുണ്ട്‌. തൊഴിലാളിയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ നല്‍കുന്ന തുകയുടെ ബില്ലുകള്‍ സൂക്ഷിക്കണമെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നുണ്ട്‌. തൊഴില്‍ കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കുകയോ ആരോഗ്യപരമായി അയോഗ്യത കണ്ടെത്തുകയോ ചെയ്‌താല്‍ തൊഴിലുടമയ്‌ക്ക്‌ ഗാര്‍ഹിക തൊഴിലാളിയെ സ്വദേശത്തേക്ക്‌ മടക്കി അയക്കാം.

തൊഴിലാളികളുടെ ബയോഡാറ്റ തൊഴിലുടമയ്‌ക്ക്‌ ആവശ്യപ്പെടാം. ഇതുപ്രകാരം തൊഴിലാളികളെ തിരഞ്ഞെടുക്കുന്നകാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളാവുന്നതാണ്‌. കരാറില്‍ പറഞ്ഞിട്ടുള്ള സമയത്തിനുള്ളില്‍ ഗാര്‍ഹിക തൊഴിലാളികളെ നല്‍കാന്‍ കഴിയാതെ വന്നാല്‍ തൊഴിലുടമയ്‌ക്ക്‌ ഏജന്‍സിയോട്‌ നഷ്ടപരിഹാരം ആവശ്യപ്പെടാമെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നുണ്ട്‌.

Related Articles