തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് ശാരീരികവും മാനസികവുമായ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പരാതി പരിഹാര സമിതികള്‍ രൂപവത്കരിക്കണമെന്ന് ജില്ലാ കലക്റ്റര്‍ എം.സി. മോഹന്‍ദാസ് അറിയിച്ചു. സുപ്രീം കോടതിയുടേയും ഹൈക്കോടതിയുടേയും ഉത്തവ് പ്രകാരം നേരത്തെ ഇത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും മിക്ക സ്ഥാപനങ്ങളിലും പരാതി സമിതി രൂപവത്കരിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ 50 ഓ അതിലധികമോ ജീവനക്കാരുളള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഇത്തരം സമിതികള്‍ രൂപവത്കരിക്കണം. സ്വകാര്യ മേഖലയ്ക്കും ഉത്തരവ് ബാധകമാണ്. ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്മെന്റ് ആക്റ്റ് ലെ നിബന്ധനകള്‍ക്കൊപ്പം സുപ്രീം കോടതിയുടെ ഉത്തരവും സ്വകാര്യ മേഖലയില്‍ നടപ്പാക്കേണ്ടതാണ്.
സ്ഥാപനത്തിലെ മുതിര്‍ന്ന വനിതാ ഉദേ്യാഗസ്ഥയായിരിക്കണം സമിതി അധ്യക്ഷ. മുതിര്‍ന്ന ഉദ്യോഗസ്ഥ/ഉദ്യോഗസ്ഥന്, വനിതാ ജനപ്രതിനിധി/കേന്ദ്രസര്‍ക്കാര്‍ ഉദ്യോസ്ഥന് എന്നിവര്‍ അംഗമാവണം. സമിതി രണ്ട് മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് മിനുറ്റ്സ് കൃത്യമായി രേഖപ്പെടുത്തണം. പരാതികളില്ലെങ്കിലും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തണം.
ഓഫീസ് അന്തരീക്ഷത്തില്‍ സ്ത്രീകളോട് ലൈംഗിക ചുവയുളള പരമാര്‍ശങ്ങള്‍, സ്പര്‍ശം, അശ്ലീല ചിത്രങ്ങള്‍ കാണിക്കുക തുടങ്ങിയവ ചെയ്താല്‍ ലൈംഗീകാതിക്രമമായി കണക്കാക്കും. ഇരകളെ കുറ്റപ്പെടുത്താനുളള നീക്കങ്ങള്‍ തടയേണ്ടത് സമിതിയുടെ ചുമതലയാണ്. പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും മാറിനില്ക്കുന്നതിനായി സ്ഥലമാറ്റ അപേക്ഷ നല്കിയാല് പരിഗണിക്കേണ്ടതാണ്. പീഡിപ്പിച്ചയാളുടെ സ്ഥലം മാറ്റവും സമിതി പരിശോധിക്കേണ്ടതാണ്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയാല്‍ സര്‍വീസ് റൂള്‍സ് പ്രകാരമുളള അച്ചടക്ക നടപടിയെടുക്കാവുന്നതാണ്. ഓഫീസിന് പുറത്ത് നിന്നുളള വ്യക്തിയെ സംബന്ധിച്ച പരാതി ലഭിക്കുകയാണെങ്കിലും ആവശ്യമായ സഹായങ്ങള്‍ നല്‍കേണ്ട ചുമതല സമിതിക്കുണ്ട്. സുപ്രീം കോടതിയുടേയും സര്‍ക്കാറിന്റേയും ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ malappuram.gov.in ല്‍ ലഭിക്കും. സ്ഥാപന മേധാവികള്‍ വിശദാംശങ്ങള്‍ ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും പരാതി പരിഹാര സമിതികള്‍ ഉടന്‍ രൂപവത്കരിക്കണമെന്നും ജില്ലാ കലക്റ്റര്‍ അറിയിച്ചു.




