സെലിബ്രിറ്റി ഫുട്‌ബോള്‍ : ഓണം വാരാഘോഷത്തിന് ആവേശ തുടക്കം

കോഴിക്കോട്: സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരത്തോടെ നഗരത്തിലെ ഓണം വാരാഘോഷത്തിന് ആവേശത്തുടക്കം. ജില്ലാ കളക്ടറുടെയും മേയറുടെയും ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കളിക്കാര്‍, കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കൊമ്പുകോര്‍ത്തത് കൗതുകമുണര്‍ത്തുന്ന കാഴ്ചയായി.
പി.വി ഗംഗാധരന്‍ ക്യാപ്റ്റനായ കളക്‌ടേഴ്‌സ് ഇലവനും റസാഖ് നയിച്ച ജില്ലാ പഞ്ചായത്തും ഏറ്റുമുട്ടിയ ആദ്യ മത്സരത്തില്‍ രാമകൃഷ്ണന്റെ രണ്ട് ഗോളുകള്‍ക്ക് കളക്‌ടേഴ്‌സ് ഇലവന്‍ വിജയം കണ്ടും. ഗോള്‍ രഹിതമായ ആദ്യ പകുതിയില്‍ കളക്‌ടേഴ്‌സ് ഇലവന്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും രണ്ടാം പകുതിയില്‍ 19-ാം മിനിറ്റിലാണ് ഗോള്‍വല കുലുങ്ങിയത്. 15 മിനിറ്റുകള്‍ വീതമുളള രണ്ട് പകുതികളിലായാണ് കളി പൂര്‍ത്തിയായത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും മേയേര്‍സ് ഇലവനും പങ്കെടുത്ത രണ്ടാമത്തെ മത്സരത്തില്‍ 2-0 ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിജയികളായി. മത്സരത്തില്‍ തലമുതിര്‍ന്ന കളിക്കാരായ പ്രേംനാഥ്, ഫിലിപ്പ്, കെ.പി സേതുമാധവന്‍ തുടങ്ങിയവര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ജേഴ്‌സിയണിഞ്ഞു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ടീമിനെ എം.ഹാരിസും മേയേര്‍സ് ഇലവനെ ശ്രീകുമാറും നയിച്ചു. ഫൈനല്‍ മത്സരത്തില്‍ കളക്‌ടേഴ്‌സ് ഇലവനും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ഏറ്റുമുട്ടും.
മത്സരങ്ങള്‍ക്ക് മെമ്പോടിയായി നടന്ന കമ്പവലിയില്‍ കോര്‍പ്പറേഷന്‍ വനിതാ കൗണ്‍സിലര്‍മാരും ജില്ലാ പഞ്ചായത്ത് വനിതാ അംഗങ്ങളും കൈക്കരുത്ത് തെളിയിച്ചു. വടംവലി മത്സരത്തില്‍ ജില്ലാ പഞ്ചായത്ത് ജേതാക്കളായി. സെലിബ്രറ്റി ഫുട്‌ബോള്‍ മത്സരത്തിന് ആവേശം പകര്‍ന്നുകൊണ്ട് ജില്ലാ കളക്ടര്‍ സി.എ ലതയും മേയര്‍ എ.കെ പ്രേമജവും പവലിയനില്‍ ഉണ്ടായിരുന്നു. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സ്‌പോര്‍ട്‌സ് ആന്റ് മാര്‍ഷല്‍ ആര്‍ട്‌സ് കമ്മിറ്റിയും സംയുക്തമായാണ് ഫുട്‌ബോള്‍ സംഘടിപ്പിച്ചത്.

 

Share news
error: Content is protected !!
Scroll to Top