HIGHLIGHTS : തിരു: സര്‍ക്കാരിനെ അട്ടിമറിക്കേണ്ടെന്ന് ഇടതുമുന്നണി നേതൃത്വത്തില്‍ ധാരണ.
തിരു: സര്‍ക്കാരിനെ അട്ടിമറിക്കേണ്ടെന്ന് ഇടതുമുന്നണി നേതൃത്വത്തില്‍ ധാരണ. സര്‍ക്കാര്‍ തകരുന്ന ഘട്ടം വന്നാല്‍ പ്രതിപക്ഷത്തിന്റെ കടമ നിര്‍വ്വഹിച്ചാല്‍ മതിയെന്നാണ് ഇപ്പോഴത്തെ എല്‍ഡിഎഫ് ധാരണ. കെ എം മാണിയോട് രാഷ്ട്രീയ ഐത്തമില്ലെന്ന് പ്രഖ്യാപിച്ച് ബദല്‍ സര്‍ക്കാരിനായി നീക്കമുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തിപെടുത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും പിന്നീട് നിലപാട് മാറ്റി.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കുന്ന കാര്യം ഇടതു മുന്നണിയുടെ അജണ്ടയിലില്ലെന്ന് സിപിഐഎം നേതാക്കളുമായുള്ള കൂടികാഴ്ചക്ക് ശേഷം പന്ന്യന്‍ വ്യക്തമാക്കി.


എകെജി സെന്ററില്‍ പന്ന്യന്‍ രവീന്ദ്രനും പിണറായി വിജയനുമായി കൂടികാഴ്ച നടത്തുകയും ബദല്‍ നീക്കം എന്ന പ്രചാരണം കൂടുതല്‍ ശക്തിപെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് രാവിലെ നടന്ന സിപിഐഎമ്മിന്റെ അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇതിനെതിരായ വികാരമായിരുന്നു ഉയര്‍ന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം എല്‍ഡിഎഫിന് അനുകൂലമാണെന്നും അത് കൂടുതല്‍ അനുകൂലമാക്കാന്‍ കാത്തിരിക്കുകയാണ് വേണ്ടതെന്നുമായിരുന്നു യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം. സര്‍ക്കാരിനെ വീഴ്ത്താന്‍ അതുകൊണ്ടു തന്നെ തല്‍ക്കാലം ബദല്‍ നീക്കങ്ങള്‍ വേണ്ടെന്ന ധാരണയിലാണ് യോഗം എത്തിയത്. കൂടികാഴ്ചക്ക് ശേഷം പുറത്തു വന്ന മാധ്യമങ്ങളോട് സംസാരിക്കവേ പന്ന്യന്‍ രവീന്ദ്രന്‍ രാവിലത്തെ നിലപാടില്‍ ചെറിയ മാറ്റം വരുത്തി സംസാരിക്കുന്നതാണ് കണ്ടത്. ഇപ്പോള്‍ ഭരണമാറ്റത്തിനുള്ള സാഹചര്യമില്ലെന്ന് പന്ന്യന്‍ പറഞ്ഞു. അതേ സമയം മുഖ്യ മന്ത്രി രാജിവെക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും സര്‍ക്കാരിനെതിരായ സമരം തുടരുമെന്നും പന്ന്യന്‍ പറഞ്ഞു.
സര്‍ക്കാരിനെ ഏത് വിധേനെയും താഴെയിറക്കാന്‍ ഇല്ലെങ്കിലും യുഡിഎഫിനെ അന്തഛിദ്രങ്ങള്‍ കൊണ്ട് നിലം പതിച്ചാല്‍ അപ്പോള്‍ നോക്കാമെന്നാണ് എല്‍ഡിഎഫിന്റെ നിലപാടെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു.
ബദല്‍ നീക്കമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ശനിയാഴ്ച നടക്കുന്ന സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മാത്രമേ ഇടതുനിലപാടില്‍ കൂടുതല്‍ വ്യക്തത കൈവരികയൊള്ളൂ.