സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റിന് സ്റ്റാര്‍ട്ടിങ്ങ്ട്രബിള്‍

പരപ്പനങ്ങാടി : ഏറെ ആഘോഷങ്ങളോടെ ആരംഭിച്ച തിരൂരങ്ങാടി മണ്ഡലത്തിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണി മൊബൈല്‍ യൂണിറ്റിന് തുടക്കത്തിലെ മുടക്കം. ഞായറാഴ്ച തുടങ്ങിയ മൊബൈല്‍ യൂണിറ്റ് ഉദ്ഘാടന ദിവസമൊഴികെ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഡ്രൈവറില്ല എന്ന കാരണത്താല്‍ പരപ്പനങ്ങാടിയിലെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ വഴിമുടക്കി പ്രവര്‍ത്തനരഹിതമായി നില്‍ക്കുകയാണ് ഈ മൊബൈല്‍ സൂപ്പര്‍മാര്‍ക്കറ്റ്.

ഈ മൊബൈല്‍ യൂണിറ്റിലേക്ക് നിയമിച്ച രണ്ട് ജീവനക്കാരും ഇപ്പോള്‍ താല്‍ക്കാലികമായി പരപ്പനങ്ങാടി ത്രിവേണിയിലാണ്.

മലപ്പുറത്ത് 5 മൊബൈല്‍ യൂണിറ്റുകളാണ് ത്രിവേണി നന്‍മ പദ്ധതിയുടെ ഭാഗമായി തുടങ്ങിയത്. പൊതുമാര്‍ക്കറ്റില്‍ നിന്ന് 20% വിലകുറവില്‍ ആഴ്ചയില്‍ ഒരിക്കല്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 ഓളം പലവ്യജ്ഞനങ്ങള്‍ നല്‍കുന്ന പദ്ധതിയാണിത്. ഈ യൂണിറ്റ് നിശ്ചിത റൂട്ടുണ്ടാക്കി ഓരോ കവലയിലും നിര്‍ത്തിയിട്ട് വില്‍പന നടത്തുന്ന രീതിയാണ് ആവിഷ്‌കരിച്ചത്.

സാധാരണക്കാരന് ഏറെ ഗുണം ചെയ്യുന്ന ഈ പദ്ധതി തുടക്കത്തിലെ കാര്യക്ഷമമല്ലാതെ കൈകാര്യം ചെയ്യുന്ന സ്വകാര്യ കച്ചവടക്കാരെ സഹായിക്കാനാണെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.

Related Articles