HIGHLIGHTS : ദില്ലി: ഐപിഎല്‍ വാതുവെപ്പില്‍ ശ്രീശാന്തിനെതിരായ കുരുക്കുകള്‍ മുറുകുന്നു.
ദില്ലി: ഐപിഎല്‍ വാതുവെപ്പില്‍ ശ്രീശാന്തിനെതിരായ കുരുക്കുകള്‍ മുറുകുന്നു. ശ്രീശാന്തിനെതിരായ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി ദില്ലി പോലീസ് വ്യക്തമാക്കി. ശ്രീശാന്ത് പിടിയിലാകുമ്പോള്‍ ശ്രീശാന്തിനൊപ്പം ഒരു മറാഠി നടിയുമുണ്ടായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. ഇവരെ അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യുമെന്നും അവര്‍ക്ക് വാതുവെപ്പുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കും.
അതെസമയം വാതുവെപ്പുകാരുമായി ശ്രീശാന്ത് നേരിട്ട് ആശയവിനിമയം നടത്തിയിട്ടില്ലെന്നും ഒത്തുകളിക്കുള്ള പ്രതിഫലത്തില്‍ 10 ലക്ഷം രൂപ മുന്‍കൂറായി ജിജു കൈപറ്റിയെന്നും പോലീസ് അറിയിച്ചു. എന്നാല്‍ ജിജുവിന്റെ മൊബൈല്‍ ഫോണില്‍ നിന്നും ശ്രീശാന്ത് വിളിച്ചതിന് തെളിവുകളുണ്ടെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ശ്രീശാന്തിന്റെയും ചാന്ദിലയുടെയും മുംബൈയിലെ താമസസ്ഥലത്ത് നടത്തിയ റെയിഡില്‍ ലാപ്‌ടോപ്പും ഡയറിയും പിടിച്ചെടുത്തിരുന്നു. കൂടാതെ വാതുവെപ്പുകാരുമായി നടത്തിയ ചര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസിന്റെ ഓപ്പറേഷന്‍ യൂടേണിലാണ് ശ്രീശാന്ത് പിടിയിലായത്.
ശ്രീശാന്ത് ഉള്‍പ്പെടെയുള്ള കളിക്കാരെയും വാതുവെപ്പുകാരെയും എയിംസ് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.
ശ്രീശാന്തിന് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകയായ റബേക്ക ജോണ്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്.
അതെസമയം വാതുവെപ്പുമായി ബന്ധപ്പെട്ട് സിസിഐ ഇന്ന് അടിയന്തിര യോഗം ചേരും.