HIGHLIGHTS : ഗുരുവായൂര്‍: പതിനാല് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മജ്ഞുവാര്യര്‍
ഗുരുവായൂര്‍: പതിനാല് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മജ്ഞുവാര്യര്‍ വീണ്ടും ചിലങ്കയണിഞ്ഞു. മലയാളത്തിന്റെ പ്രിയതാരമായിരുന്ന മജ്ഞുവാര്യര്‍ നവരാത്രി നൃത്തോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് ഗുരുവായൂരില്‍ കുച്ചുപ്പുടി അവതരിപ്പിച്ചത്. തിങ്ങി നിറഞ്ഞ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ആരാധകര്‍ക്കുമുന്നില്‍ നിറഞ്ഞാടിയ മജ്ഞുവിന്റെ നടനം ആസ്വാദകമനസില്‍ കുളിര്‍മഴയായി.
ഒരുമണിക്കൂര്‍ നീണ്ടുനിന്ന നൃത്തം ലാസ്യവും വിരഹവും പ്രണയവും ഭക്തിയും ഇടകലര്‍ന്നതായിരുന്നു. പാരമ്പര്യരീതിയില്‍ രാഗമാലികയില്‍ ആദിതാളത്തില്‍ ഓം നമശ്ശിവായ സ്തുതിയോടെയായിരുന്നു തുടക്കം. ധനശ്രീരാഗത്തില് ആദിതാളത്തില്‍ തില്ലാനയോടെയാണ് തിരശ്ശീല വീണത്.

നൃത്തം കാണാന്‍ അമ്മ ഗിരിജ, അച്ഛന് മാധവന്, സഹോദരനും നടനുമായ മധു വാര്യര്‍, ഭാര്യ സബിത എന്നിവര്‍ക്ക് പുറമെ സംവിധായകരായ സത്യന് അന്തിക്കാട്, രജ്ഞിത്ത്, കെ പി എസി ലളിത, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവരും എത്തിയിരുന്നു.