വില്ലയില്‍ തീപ്പിടുത്തം: കുട്ടിയുള്‍പ്പെടെ രണ്ടു മരണം

ദോഹ: ശമാലില്‍ വില്ലയിലുണ്ടായ തീ പിടുത്തത്തില്‍ ഒരു പുരുഷനും ഒരു കുട്ടിയും സംഭവ സ്ഥലത്ത് മരിച്ചതായി സ്ഥിരീകരിച്ചു.
രണ്ടു കുട്ടികള്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയീല്‍ ചികിത്സയില്‍ കഴിയുകയാണ്. ഇവരുടെ പരുക്കുകള്‍ സംബന്ധിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ലഭ്യമല്ല.
ഖത്തറി പാസ്‌പോര്‍ട്ടുള്ള 49കാരനായ പാകിസ്താന്‍ പൗരനും ബന്ധുവായ കുട്ടിയുമാണ് അപകടത്തില്‍ മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. പാതിരാത്രിയുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടം വിതച്ചത്. വില്ലയില്‍ കുട്ടികള്‍ ഉറങ്ങിക്കിടന്ന മുറിയിലാണ് തീ പിടുത്തമുണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന നാലു കുട്ടികളില്‍ മൂന്നു പേരെയും രക്ഷപ്പെടുത്തിയ ശേഷമാണ് മരച്ചയാള്‍ നാലാമത്തെ കുട്ടിയുമായി മരണത്തിന് കീഴടങ്ങിയത്. മൂന്നു കുട്ടികളെ രക്ഷപ്പെടുത്തിയ ശേഷം നാലാമത്തെ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബോധരഹിതനായി വീണാണ് പാക് വംശജന്‍ മരിച്ചതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിട്ടുള്ളത്. അപകടത്തില്‍പ്പെട്ട കുട്ടികളെല്ലാവരും തന്നെ  അഞ്ചിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ളവരായിരുന്നു.
ജോര്‍ദാനില്‍ നിന്നും ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തെക്കുറിച്ച് ആഭ്യന്തര വകുപ്പിലെ ബന്ധപ്പെട്ട വിഭാഗം അന്വേഷണം നടത്തുന്നുണ്ട്.
Share news
error: Content is protected !!
Scroll to Top