HIGHLIGHTS : തിരു: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍
തിരു: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ പോലീസ് കസ്റ്റഡിയില്‍ ഇരുന്നുകൊണ്ട് പരാതിക്കാരുമായി ഫോണില്‍ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ട്. തനിക്കെതിരെ പരാതി നല്‍കിയില്ലെങ്കില്‍ പണം തിരിച്ചു തരാമെന്നും സരിത പറഞ്ഞു. പെരുമ്പാവൂരില്‍ പോലീസ് കസ്റ്റഡിയില്‍ ഇരിക്കെയാണ് സരിത പരാതിക്കാരെ വിളിച്ചത്. തട്ടിയെടുത്ത പണം സൂക്ഷിച്ചിട്ടുണ്ടെന്നും സരിത വെളിപ്പെടുത്തിയിട്ടുണ്ട്.
അതേ സമയം സരിതയുടെയും ബിജുവിന്റെയും തട്ടിപ്പിനിരയായ നൂറോളം ആളുകളുടെ പേരുകള്‍ പുറത്ത് വന്നു. രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ ഈ പട്ടികയില്‍ ഉണ്ട്. പലര്‍ക്കും ഒരു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവരില്‍ പലരും പോലീസില്‍ പരാതി നല്‍കിയിട്ടില്ല. നിയമ നടപടിക്ക് പിന്നാലെ പോകേണ്ടി വരുമെന്നതിനാലാണ് പരാതിയുനായി പോകാത്തതെന്ന് തട്ടിപ്പിനിരയായ ചിലര്‍ വ്യക്തമാക്കി.


പണം നഷ്ടപ്പെട്ട 54 പേരുടെ പട്ടിക തന്റെ കൈവശമുണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 18 കോടിയുടെ തട്ടിപ്പിന്റെ കണക്കാണ് പുറത്ത് വന്നിട്ടുള്ളതെന്നും പി സി ജോര്‍ജ്ജ് വ്യക്തമാക്കി. പലരും സരിതോര്‍ജ്ജം ഉപയോഗിച്ചവരാണെന്നും അതുകൊണ്ടാകാം പണം നഷ്ടമായിട്ടും പരാതി നല്‍കാതിരുന്നതെന്നും ചീഫ് വിപ്പ് പറഞ്ഞു.