രാഹുല്‍ ഗാന്ധിക്ക് വധഭീഷണി

Rahul_Gandhi_sa6411ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വധഭീഷണിയെന്ന് പാര്‍ട്ടി നേതൃത്വം. പുതുച്ചേരി കോണ്‍ഗ്രസ് പാര്‍ട്ടിക്കാണ് രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് സൂചിപ്പിച്ചുള്ള ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ കാണും. രാഹുല്‍ ഗാന്ധി നാളെ പുതുച്ചേരിയിലെ കാരയ്ക്കലില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താനിരിക്കെയാണ് ഭീഷണി ഉണ്ടായിരിക്കുന്നത്.

തമിഴില്‍ എഴുതിയ കത്താണ് ലഭിച്ചിരിക്കുന്നതെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. പുതുച്ചേരിയിലെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി. നാരായണസ്വാമിക്കാണ് കത്ത് ലഭിച്ചത്. രാഹുല്‍ ഗാന്ധിയെ കഷ്ണങ്ങളാക്കുമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയങ്ങള്‍ ചുമട്ടുതൊഴിലാളികളെ ദോഷകരമായി ബാധിച്ചെന്നും വ്യവസായശാലകള്‍ പൂട്ടിയതോടെ തൊഴിലാളികള്‍ ദുരിതത്തിലാണെന്നും പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത കത്തില്‍ പറയുന്നു.

മുതിര്‍ന്ന നേതാക്കളായ ആനന്ത് ശര്‍മ, അഹമ്മദ് പട്ടേല്‍ എന്നിവരാണ് രാജ്‌നാഥ് സിംഗിനെ കാണുന്നത്. രാഹുല്‍ ഗാന്ധിക്ക് മതിയായ സുരക്ഷ ഒരുക്കണമെന്നും കേന്ദ്രം കത്തിനെ കുറിച്ച് അന്വേഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെടും.

നിലവില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സുരക്ഷാ വിഭാഗമായ എസ്പിജി ഗ്രൂപ്പിലാണ് ഗാന്ധികുടുംബത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരെ കൂടാതെ പ്രധാനമന്ത്രി മുന്‍ പ്രധാനമന്ത്രിമാര്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കാണ് എസ്പിജി സുരക്ഷ ലഭിക്കുന്നത്. 1991-ല്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നിയമഭേദഗതിയിലൂടെയാണ് ഗാന്ധി കുടുംബത്തെ എസ്പിജിയില്‍ ഉള്‍പ്പെടുത്തിയത്.

Related Articles