HIGHLIGHTS : തിരു: ഉമ്മന്‍ചാണ്ടിയേക്കാള്‍ ഭേദം കെ എം മാണി തന്നെ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍
തിരു: ഉമ്മന്‍ചാണ്ടിയേക്കാള്‍ ഭേദം കെ എം മാണി തന്നെ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേക്കാള്‍ മാന്യനാണ് കെ എം മാണി എന്നും രാഷ്ട്രീയത്തില്‍ ദീര്‍ഘകാലത്തെ പാരമ്പര്യമുള്ള രാഷ്ട്രീയ പക്വത പുലര്‍ത്തുന്ന വ്യക്തിയുമാണ് കെ എം മാണി എന്ന് പന്ന്യന്‍ പറഞ്ഞു. മാണിയോട് എല്‍ഡിഎഫിന് തൊട്ടുകൂടായ്മ ഇല്ലെന്നും യുഡിഎഫി നെ താങ്ങി നിര്‍ത്തേണ്ട ബാധ്യത എല്‍ഡിഎഫിനില്ലെന്നും പന്ന്യന്‍ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ തന്ത്രങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും യുദ്ധത്തിന് പോകുമ്പോള്‍ അടവുകളും തന്ത്രങ്ങളും പുറത്ത് പറയാറില്ലെന്നും കെ എം മാണി മുഖ്യമന്ത്രിയാകുമോ ഇല്ലയോ എന്നത് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും പന്ന്യന്‍ വ്യക്തമാക്കി. അതേ സമയം ലോക സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ മാറ്റം ഉണ്ടാകുമെന്നും പന്ന്യന്‍ പറഞ്ഞു.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താനായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി പന്ന്യന്‍ രവീന്ദ്രന്‍ കൂടികാഴ്ച നടത്തും. ഈ കൂടികാഴ്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.
സര്‍ക്കാരിനെ താഴെയിറക്കില്ലെന്നത് മുന്‍ നിലപാടാണെന്നും ഈ നിലപാട് പുനഃപരിശോധിക്കുമെന്നും സിപിഐഎം പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള ഇന്നലെ വ്യക്തമാക്കിയിരുന്നു. കെ.എം മാണിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്നത് സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.