HIGHLIGHTS : അരി സ്റ്റോക്ക് തീര്‍ന്നതിനാല്‍ കുറ്റിപ്പുറം എഫ്.സി.ഐ ഗോഡൌണ്‍ പ്രവര്‍ത്തനം നിലച്ചു.
കുറ്റിപ്പുറം : മലപ്പുറം ജില്ലയിലെ റേഷന്‍ വിതരണം സ്തംഭനത്തിലേക്ക്. അരി സ്റ്റോക്ക് തീര്‍ന്നതിനാല്‍ കുറ്റിപ്പുറം എഫ്.സി.ഐ ഗോഡൌണ്‍ പ്രവര്‍ത്തനം നിലച്ചു. കുതിച്ചുയരുന്ന അരിവില പിടിച്ചുനിര്‍ത്താന്‍ റേഷന്‍ വിതരണം കാര്യക്ഷമമാക്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ഇക്കാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ ഇടപെടലുണ്ടായിട്ടില്ല.
തിരൂര്‍ പൊന്നാനി തിരൂരങ്ങാടി താലൂക്കുകളിലെ റേഷന്‍ കടകളിലേക്ക് അരിയെത്തിക്കേണ്ടത് കുറ്റിപ്പുറം എഫ്.സി.ഐ ഗോഡൌണില്‍ നിന്നാണ്. കഴിഞ്ഞ മാസം 19നാണ് ഗോഡൌണിലേക്ക് അവസാനമായി ധാന്യങ്ങളെത്തിയത്. മാസത്തില്‍ 250 ലോഡ് അരിയും 100 ലോഡ് ഗോതമ്പുമാണ് വിതരണത്തിന് വേണ്ടത്. ഇതിന് പുറമെ സ്പെഷ്യല്‍ പ്രഖ്യാപിക്കുമ്പോള്‍ വേറെയും വേണം. എന്നാല്‍ ഇപ്പോള്‍ ഏതാനും ചാക്ക് ധാന്യങ്ങള്‍ മാത്രമേ ഇവിടെയുള്ളൂ. ഗോഡൌണ്‍ പൂട്ടുമെന്ന ഭീതിയില്‍ ഉള്ള അരി വിതരണം ചെയ്യാതെ പിടിച്ചുവെച്ചിരിക്കയാണ്

40 വാഗണുകള്‍ക്ക് നിര്‍ത്താന്‍ സൌകര്യമുള്ളിടത്തേ ധാന്യങ്ങള്‍ ഇറക്കൂവെന്ന റെയില്‍വെ അധികൃതരുടെ നിലപാടാണ് കുറ്റിപ്പുറത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് എഫ്.സി.ഐ അധികൃതര്‍ പറയുന്നത്. കുറ്റിപ്പുറത്ത് 16 വാഗണുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൌകര്യമേയുള്ളൂ. റെയില്‍വെ- ഭക്ഷ്യ മന്ത്രാലയങ്ങള്‍ അടിയന്തിര നടപടികളെടുക്കുന്നില്ലെങ്കില്‍ മലപ്പുറം ജില്ല രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയിലേക്കാവും നീങ്ങുക.