ഭീതി വിതച്ച പോത്തിനെ പോലീസ് വെടിവെച്ചു കൊന്നു

താനൂര്‍: താനൂര്‍ ഒട്ടുംപുറത്ത് പരിഭ്രാന്തി പരത്തിയ പോത്തിനെ പോലീസ് വെടിവെച്ചുകൊന്നു. കഴിഞ്ഞ ദിവസം വള്ളിക്കുന്ന്, കടലുണ്ടി പ്രദേശങ്ങളില്‍ പരിഭ്രാന്തി പരത്തിയ പോത്താണ് ഇതെന്ന് അനുമാനിക്കുന്നു. ഇന്നലെ രാവിലെ 6.30 ഓടെയാണ് ഒട്ടുംപുറത്ത് പോത്ത് പരിഭ്രാന്തി സൃഷ്ടിച്ചത്.

കുറ്റിക്കാട്ടില്‍ നിന്നും പുറത്തേക്കു വന്ന പോത്ത് തീരദേശത്തെ ഭീതിയിലാഴ്ത്തി. പോത്തിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ ഒട്ടുംപുറം സ്വദേശികളായ കോമുക്കാന്റെ പുരക്കല്‍ കോമുക്കുട്ടി (51), വടക്കകത്ത് റഫീഖ് (23) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ താനൂരിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പോത്തിന്റെ പരാക്രമം രൂക്ഷമായതോടെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോത്തിനെ പിടികൂടാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് പോലീസ് പോത്തിനെ വെടിവെച്ചുകൊല്ലുകയായിരുന്നു. എ എസ് ഐ അയ്യപ്പനാണ് 2 റൗണ്ട് വെടിയുതിര്‍ത്ത് പോത്തിനെ വീഴ്ത്തിയത്. തുടര്‍ന്ന് മൃഗഡോക്ടറുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ജഡം കുഴിച്ചിട്ടു.

 

Share news
error: Content is protected !!
Scroll to Top