മുംബൈ: പത്തു വയസ്സുള്ള കുട്ടികള്‍ക്കും ഇനി ബാങ്ക് അക്കൗണ്ട് തുടങ്ങാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഐസിഐസിഐ ബാങ്കുമാണ് കുട്ടികള്‍ക്ക് ഈ സൗകര്യവുമായി രംഗത്തെത്തിയിരുക്കുന്നത്. സ്വന്തം പേരില്‍ എടിഎം കാര്‍ഡ് ലഭിക്കുന്നതോടൊപ്പം അക്കൗണ്ട് ഇടപാടുകള്‍ നിയന്ത്രിക്കാനും, ചെക്കില്‍ ഒപ്പിടാനും സാധിക്കും.
കുട്ടികള്‍ക്കായി അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിന് എസ് ബി ഐ പെഹല കദം, പെഹലി ഉദാന്‍ എന്നീ രണ്ട് പദ്ധതികള്‍ അവതരിപ്പിച്ചിരുന്നു. ശരിയായി ഒപ്പ് രേഖപ്പെടുത്താന്‍ കഴിയുന്ന പത്ത് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും പെഹലി ഉദാന്‍ പദ്ധതി പ്രകാരം അക്കൗണ്ട് തുടങ്ങാന്‍ സാധിക്കുമെന്ന് എസ് ബി ഐ അറിയിച്ചു. എന്നാല്‍ ഒപ്പിന്റെ കാര്യത്തില്‍ യാതൊരു ഇളവും അനുവദിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി.
സ്മാര്‍ട്ട് സ്റ്റാര്‍ അക്കൗണ്ടുകളാണ് ഐ സി ഐ സി ഐ ബാങ്ക് പ്രായപൂര്‍ത്തിയായവര്‍ക്കായി അവതരിപ്പിച്ചത്. കുട്ടികള്‍ക്കു വേണ്ടി മുതിര്‍ന്നവര്‍ നിയന്ത്രിക്കുന്ന അക്കൗണ്ടിന് പകരം മുതിര്‍ന്നവരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ കുട്ടികള്‍ നിയന്ത്രിക്കുന്ന അക്കൗണ്ടുകള്‍ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ഐ സി ഐ സി ഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജീവ് സബര്‍വാള്‍ അറിയിച്ചു. സുരക്ഷക്കുവേണ്ടി ഇത്തരം അക്കൗണ്ടുകളില്‍ നിന്ന് പ്രതിവര്‍ഷം പിന്‍വലിക്കാവുന്ന പരമാവധിതുക 50,000 രൂപയായി തിട്ടപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. രക്ഷിതാക്കളുടെ സമ്മതത്തോടെ ആണെങ്കില്‍ 2 ലക്ഷമായി ഈ പരിധി ഉയര്‍ത്തും.
നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ ഇരു ബാങ്കുകളും കുട്ടികള്‍ക്ക് നല്‍കും. എടിഎം സ്‌കൂള്‍ പരിസരത്ത് തന്നെ ലഭ്യമാക്കുന്നത് സംബന്ധിച്ച് വിവിധ സ്‌കൂളുകളുമായി ബാങ്കുകള്‍ ചര്‍ച്ചയാരംഭിച്ചു കഴിഞ്ഞു. ഓവര്‍ഡ്രാഫ്റ്റ്, ക്രെഡിറ്റ് എന്നീ സൗകര്യങ്ങള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നല്‍കില്ലെന്നും കൂടാതെ കുട്ടികള്‍ക്കിടയില്‍ സമ്പാദ്യശീലം വളര്‍ത്താനും കൂടിയായിരുന്നു ഇതിന്റെ ലക്ഷ്യമെന്ന് ആര്‍ ബി ഐ അറിയിച്ചു.




