തിരൂരങ്ങാടി : പിഎസ്എംഒ കോളേജില്‍ നിന്ന് വിരമിക്കുന്ന അധ്യാപകന്റെ കാര്‍ യാത്രയയപ്പ് ചടങ്ങിനിടെ കേടുവരുത്തിയതായി പരാതി. കോളേജിലെ ഫിസിക്സ് വിഭാഗം മേധാവി പ്രൊഫ. വി പി സുരേഷിന്റെ കാറിലാണ് ആണികൊണ്ടും കുപ്പിച്ചിലുകൊണ്ടും നിറയെ കുത്തി വരഞ്ഞത്. ടയറുകള്‍ക്കിടയിലും ആണികള്‍ വിതറിയിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം നടന്നത്. കോളേജ് ഓഡിറ്റോറിയത്തിലാണ് യാത്രയയപ്പ് ഒരുക്കിയിരുന്നത്.
കോളേജ് മാനേജരും പ്രിന്സിപ്പലുമടക്കമുള്ളവര് പങ്കെടുത്ത ചടങ്ങിനിടെയാണ് സുരേഷിന്റെ കാര്‍ മാത്രം തെരഞ്ഞുപിടിച്ചു കേടുവരുത്തിയത്. കോളേജ് യൂണിയന് ചെയര്മാന് അടക്കമുള്ള എംഎസ്എഫ് നേതാക്കള്‍ക്ക് ഹാജര്‍ ഇല്ലാത്തതിന്റെ പേരില്‍ കോളേജില്‍ വിവാദമുയര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ എംഎസ്എഫ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായതും പരീക്ഷ അലങ്കോലപ്പെടുത്തിയതും പ്രതിഷേധമുയര്‍ത്തിയിരുന്നു. ഹാജര്‍ പ്രശ്നത്തിന്റെ പ്രതികാരമാണ് സംഭവത്തിന് പിന്നിലെന്ന് സംശയമുയര്‍ന്നിട്ടുണ്ട്.
പ്രിന്‍സിപ്പല്‍ തിരൂരങ്ങാടി പോലീസില്‍ പരാതി നല്കി. പ്രൊഫ. വി പി സിരേഷിന്റെ കാര്‍ കേടുവരുത്തിയ നടപടിയില്‍ എകെപിസിടിഎ പിഎസ്എംഒ കോളേജ് യൂണിറ്റ് പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എം മുഹമ്മദ് അധ്യക്ഷനായി. പ്രെഫ. പി മമ്മദ് ,ഡോ.പിപി അബ്ദു റസാഖ്, കെ ബാബുരാജ് എന്നിവര്‍ സംസാരിച്ചു.




