കൊച്ചി : ദുല്‍ഖര്‍ സല്‍മാനെതിരെ പോലീസ് പെറ്റി കേസെടുത്തു. ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രമായ ‘നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമി’ എന്ന സിനിമയുടെ ഓഡിയോ സിഡി പ്രകാശന ചടങ്ങില്‍ ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ചതിനാണ് ദുല്‍ഖറിനെതിരെ ട്രാഫിക് പോലീസ് കേസെടുത്തത്. കൊച്ചിയിലെ ബുള്ളറ്റ് ക്ലബ്ബുകളുമായി സഹകരിച്ച് നൂറിലധികം ബൈക്ക് യാത്രികര്‍ പങ്കെടുത്ത റാലിയാണ് ദുല്‍ഖര്‍ നയിച്ചത്.
വൈകീട്ട് അഞ്ചോടെയാണ് ചടങ്ങിനെത്തിയ ദുല്‍ഖര്‍ സല്‍മാന്റെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നും ചിത്രത്തിന്റെ ലോഞ്ചിങ്ങ് നടക്കുന്ന ഐഎംഎ ഹാളിലേക്ക് ദുല്‍ഖര്‍ ബൈക്ക് യാത്ര നയിച്ചത്. ഏറ്റവും മുന്നിലായി സഹതാരം സണ്ണി വെയ്‌നിനും ബാലതാരം അനഘക്കൊപ്പവുമാണ് ഹെല്‍മറ്റ് ധരിക്കാതെ താരം ബൈക്കോടിച്ചത്.
പൊതുജനങ്ങള്‍ക്ക് മാതൃകയാവേണ്ട താരങ്ങള്‍ തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത് തെറ്റാണെന്നാണ് പോലീസിന്റെ പക്ഷം. സംഭവം വിവാദമായതോടെ പോലീസ് ദുല്‍ഖറിനെതിരെ കേസെടുക്കുകയായിരുന്നു.
രണ്ട് മാസം മുമ്പ് ലൈറ്റിട്ട് മന്ത്രിയെ പിന്‍തുടര്‍ന്നതിന് യുവനടന്‍ ആസിഫ് അലിയും പോലീസ് പിടിയിലായിരുന്നു.




