HIGHLIGHTS : പരപ്പനങ്ങാടി: ഗര്‍ഭണിയായ ഭാര്യയെ
പരപ്പനങ്ങാടി: ഗര്‍ഭണിയായ ഭാര്യയെ തീവെച്ച് കൊന്നകേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പരപ്പനങ്ങാടി അഞ്ചപ്പുരയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന തിരൂര്‍ മംഗലം സ്വദേശിനി കോഴിശ്ശേരി ദിവ്യ(26) തീപൊള്ളലേറ്റ് മരിച്ച കേസില്‍ ഭര്‍ത്താവ് പാലക്കാട് ഒറ്റപ്പാലം സ്വദേശി ചീനിക്കപറമ്പില്‍ രതീഷിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റുചെയ്തു.
ഇയാള്‍ക്കെതിരെ 302 ാം വകുപ്പു പ്രകാരം കൊലക്കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രതീഷിനും സംഭവത്തില്‍ കൈകള്‍ക്ക് പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ വെച്ചാണ് അറസ്റ്റ് നടന്നത്.

കഴിഞ്ഞ ഫെബ്രുവരി 27 ന് രാത്രി 8.30 നാണ് ദിവ്യയെ പൊള്ളലേറ്റ് ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച 6 ന് പകല്‍ 11 മണിക്ക് ദിവ്യ മരണമടയുകയായിരുന്നു.
ആദ്യം മജിസ്ട്രേറ്റിന് വിളക്കില്‍ നിന്ന് തീ പടര്‍ന്നു പിടിച്ചതാണെന്ന് ദിവ്യ മൊഴി നല്‍കിയിരുന്നു. പിന്നീട് പോലീസിന് മുന്നില്‍ സ്ത്രീധനം പോരാ എന്ന് പറഞ്ഞ് ഭര്‍ത്താവ് രതീഷ് തെന്നെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് വീണ്ടും മൊഴി നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് രതീഷിനും രതീഷിന്റെ അച്ഛനും അമ്മയ്ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.