ടൂറിസം സാധ്യതകള്‍ യാഥാര്‍ഥ്യമാക്കി ബിയ്യം ബ്രിഡ്ജ്‌ പദ്ധതിക്ക് 2.57 കോടി

പൊന്നാനി : ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലെ ടൂറിസം സാധ്യതകള്‍ യാഥാര്‍ഥ്യമാക്കി ബിയ്യം ബ്രിഡ്ജ്‌ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. മാറഞ്ചേരി പഞ്ചായത്തിനെയും പൊന്നാനി നഗരസഭയെയും ബന്ധിപ്പിക്കുന്ന ബിയ്യം ബ്രിഡ്ജിനോടനുബന്ധിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചതായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍(ഡി.റ്റി.പി.സി) ചെയര്‍മാന്‍കൂടിയായ ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് അറിയിച്ചു. ഇതിനായി 2.57 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്.

പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ മലബാര്‍ മേഖലയില്‍ വാട്ടര്‍ സ്‌പോര്‍ട്‌സിന് അനുയോജ്യമായ ഏറ്റവും മികച്ച കേന്ദ്രമായി ബിയ്യം കായല്‍ മാറും. കയാക്കിങ്, കനൂയിങ്, റോബോട്ടിങ്, വാട്ടര്‍ബോള്‍സ്, വാട്ടര്‍ സ്‌കൂട്ടര്‍ തുടങ്ങി വിവിധ വാട്ടര്‍ സ്‌പോര്‍ട്‌സ് ഇനങ്ങള്‍ നടത്താനുള്ള മികച്ച സൗകര്യവും ഇവിടെയൊരുക്കും. സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി സഹകരിച്ച് പരിശീലന കേന്ദ്രവും ആരംഭിക്കും.
ഡി.റ്റി.പി.സിയുടെ നേതൃത്വത്തില്‍ ടെക്‌നോ ആര്‍ക്കിറ്റെക്ച്ചറാണ് പ്രൊജക്റ്റ് രൂപകല്‍പന ചെയ്തത്. തുടര്‍ന്ന് ടൂറിസം മന്ത്രി എ.പി.അനില്‍കുമാറിന്റെയും പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍.എയുടെയും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഭേദഗതി വരുത്തി സമര്‍പ്പിച്ച അന്തിമ പ്രൊജക്ടിനാണ് ഭരണാനുമതി ലഭിച്ചത്.
കുട്ടികളുടെ പാര്‍ക്ക്, ആംഫി തിയെറ്റര്‍, ബോട്ടുജട്ടി, നടപ്പാത, മേല്‍ക്കൂര, പാര്‍ക്കിങ് സൗകര്യം, ഫിഷിങ് ഡെക്ക്, വാച്ച് ടവര്‍, പ്രകാശ സംവിധാനം എന്നിവയുള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക.
ഓരുവെള്ളം കയറി കൃഷി നാശം സംഭവിക്കാതിരിക്കാന്‍ 1936 ല്‍ ബ്രിട്ടീഷുകാരാണ് കാഞ്ഞിരമുക്ക് പുഴക്ക് കുറുകെ പഴയ ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജ്‌ സ്ഥാപിച്ചത്. ഇതില്‍ നിന്നുള്ള വെള്ളം ബിയ്യം കായല്‍ വഴി അറബിക്കടലില്‍ ചേരും. പ്രസിദ്ധമായ കനോലി കനാലും കാഞ്ഞിരമുക്ക് പുഴയില്‍ ചേരുന്നുണ്ട്.ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് പഴയ പാലം സംരക്ഷിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.

പൊന്നാനിയില്‍നിന്നും മൂന്നും എടപ്പാളില്‍നിന്നും എട്ടും കുറ്റിപ്പുറത്ത്‌നിന്നും 23ഉം കി.മീറ്ററാണ് പദ്ധതി പ്രദേശത്തേയ്ക്കുള്ളത്. ചമ്രവട്ടം പാലം യാഥാര്‍ഥ്യമായതോടെ ബിയ്യം കായലും ബ്രിഡ്ജുമായി ബന്ധപ്പെട്ട 27 ച.ക.മീ പ്രദേശത്ത് വന്‍ ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിക്കാനായത്.

 

Related Articles