ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തും;മഞ്ഞളാംകുളി അലി

മലപ്പുറം:ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഗാര്‍ഹിക കുടിവെളള കണക്ഷനുകള്‍ക്ക് വാട്ടര്‍ അതോറിറ്റിയില്‍ തുക നിക്ഷേപിച്ചിട്ട് കണക്ഷന്‍ ലഭിക്കാനുണ്ടാവുന്ന കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നഗരകാര്യ- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുളി അലി പറഞ്ഞു. കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയായിരുന്നു മന്ത്രി. മലപ്പുറം – എടപ്പാള്‍ ഡിവിഷനുകളുടെ കീഴില്‍ ഇത്തരത്തില്‍ ഡിപ്പൊസിറ്റ് തുകയടച്ചവരുടെ ലിസ്റ്റ് ലഭ്യമാക്കാന്‍ മന്ത്രി വാട്ടര്‍ അതോറിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം ജലവിതരണം കൂടുതല്‍ കാര്യക്ഷമമായതായി എം.എല്‍.എ. മാരും ജന പ്രതിനിധികളും അഭിപ്രായപ്പെട്ടു. എങ്കിലും ചില പ്രദേശങ്ങളില്‍ കുടിവെളള ക്ഷാമം പരിഹരിക്കാന്‍ നടപടികള്‍ ത്വരിതപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. സ്വകാര്യ വ്യക്തികളുടെ കിണര്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ശുചിയാക്കി പരിസര പ്രദേശങ്ങളിലുളളവര്‍ക്കും കൂടി ഉപയോഗ പ്രദമാക്കുന്നതിനുള നടപടി സ്വകരിക്കും.

എം.എല്‍.എ. മാര്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ യോഗങ്ങള്‍ക്ക് ശേഷം ഭരണാനുമതിക്കായി കലക്റ്ററേറ്റില്‍ നല്‍കിയ അപേക്ഷകള്‍ പരിശോധിക്കുന്നതിന് കൂടുതല്‍ ജീവനക്കാരെ ചുമതലപ്പെടുത്തിയതായി ജില്ലാ കലക്റ്റര്‍ എം.സി. മോഹന്‍ദാസ് അറിയിച്ചു. വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായി കലക്റ്റര്‍ അറിയിച്ചു. ടാങ്കര്‍ ലോറികളില്‍ കുടിവെളള വിതരണത്തിന് തനത് ഫണ്ടില്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അപേക്ഷ നല്‍കിയാല്‍ 50,000 രൂപ മുന്‍കൂറായി അനുവദിക്കും. തുക ചെലവഴിച്ച് രശീത് നല്‍കിയാല്‍ 50,000 രൂപ കൂടി നല്‍കും. പമ്പിങ് സ്റ്റേഷനുകളില്‍ ബൂസ്റ്റര്‍ സ്ഥാപിക്കുന്നതിനായി ഓര്‍ഡര്‍ നല്‍കിയതായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. കുഴല്‍ കിണറുകളും ഹാന്‍ഡ് പമ്പുകളും നന്നാക്കുന്ന പ്രവൃത്തികള്‍ ഒരു ദിവസം കൊണ്ട് തീര്‍ക്കും. പൈപ്പ് ലൈന്‍ നീട്ടുന്നതിന് ഡെപ്പോസിറ്റ് നല്‍കിയ പ്രവൃത്തികള്‍ അടുത്തയാഴ്ച ടെന്‍ഡര്‍ ചെയ്യും.

പ്രധാന പമ്പിങ് സ്റ്റേഷനുകളിലേയ്ക്ക് പ്രതേ്യക വൈദ്യുതി ലൈന്‍ (ഡെഡിക്കേറ്റഡ് ലൈന്‍) വലിക്കുന്നതിന് 1.60 കോടിയുടെ എസ്റ്റിമെട് തയ്യാറാക്കിയതായി കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു. ജനറേറ്ററിന്റെ വാടകയും മറ്റ് ചെലവുകളും കണക്കിലടുത്താല്‍ ജനറേറ്റര്‍ ഉപയോഗിക്കുന്നത് പ്രായോഗികമല്ലെന്നും അറിയിച്ചു.
ജില്ലയിലെ 51 പമ്പ് ഹൗസുകള്‍ക്ക് അനുവദിച്ച മോട്ടോറുകള്‍ സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജലസേചന വകുപ്പ് എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.
എം.എല്‍.എ. മാരായ പി.ഉബൈദുളള, കെറ്റി.ജലീല്‍, എം.ഉമ്മര്‍, കെ.മുഹമ്മദുണ്ണി ഹാജി, നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ, മന്ത്രിമാരുടെയും എം.എല്‍.എ. മാരുടെയും പ്രതിനിധികള്‍ ഉദേ്യാഗസ്ഥര്‍ പങ്കെടുത്തു.

 

Related Articles