HIGHLIGHTS : കറാച്ചി : വിശ്വവിഖ്യാത ഗസല്‍ ഗായകന്‍ മെഹദി ഹസ്സന്‍(84) അന്തരിച്ചു. ഗുരുതരമായ കരള്‍രോഗത്തെ തുടര്‍ന്ന് പാക്കിസ്ഥാനിലെ ആഗാഖാന്‍ ആശുപത്രിയില്‍

കറാച്ചി : വിശ്വവിഖ്യാത ഗസല്‍ ഗായകന്‍ മെഹദി ഹസ്സന്‍(84) അന്തരിച്ചു. ഗുരുതരമായ കരള്‍രോഗത്തെ തുടര്‍ന്ന് പാക്കിസ്ഥാനിലെ ആഗാഖാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദേഹം ഇന്ന് ഉച്ചയോടെയാണ് അന്തരിച്ചത്.
1972 ജൂലൈ 18ന് രാജസ്ഥാനിലെ ലൂനഗ്രാത്തിലാണ് അദ്ദേഹം ജനിച്ചത്. 6-ാം വയസുമുതല്‍ സംഗീതം അഭ്യസിച്ച് തുടങ്ങിയ അദേഹത്തിന്റെ ആദ്യഗുരു പിതാവ് ഉസ്ദാത് അസീംഖാനായിരുന്നു. 8-ാം വയസ്സില്‍ തന്നെ മെഹദി ഹസ്സന്‍ തന്റെ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. പിന്നീട് അമ്മാവനായ പ്രശസ്ത ഹിന്ദുസ്ഥാനി ഗായകന്‍ ഉസ്താദ് ഇസ്മയില്‍ ഖാന്റെയും ശിക്ഷണം അദേഹത്തിന് ലഭിച്ചു.
ആദ്യകച്ചേരിയോടെതന്നെ ജെയ്പൂര്‍ രാജസദസ്സിലെ ആസ്ഥാന ഗായകനായി അദേഹം മാറി.
പിന്നീട് വിഭജനകാലത്ത് അദ്ദേഹത്തിന്റെ കുടുംബം പാക്കിസ്ഥാനിലേക്ക് കുടിയേറി ഈ കാലത്ത് സാമ്പത്തക ഭദ്രത തകര്‍ന്ന കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവന്നപ്പോള്‍ ചെറിയ കാലയളവിലെങ്കിലും അദ്ദേഹത്തിന്റെ ജീവ വായു നിലനില്‍കുന്ന സംഗീതത്തിന്റെ ലോകത്ത് നിന്ന് മാറിനില്‍ക്കേണ്ടതായി വന്നു. 20-ാം വയസ്സില്‍ ലാഹോറില്‍ അദേഹം മെക്കാനിക്കായും സൈക്കിള്‍ഷോപ്പിലെ ജീവനക്കാരനായും ജോലിചെയ്തു. പിന്നീട് 1956 ല്‍ തന്റെ ആദ്യ സിനിമാഗാനം ആലപിച്ചു. ഗസല്‍ ആരാധകര്‍ക്ക് മെഹദിയുടെ വിഷാദവും പ്രണയവും ഇഴചേര്‍ന്ന ഗസല്‍ രാവുകളായിരുന്നു സമ്മാനിച്ചത്. 80 കള്‍ വരെ ഗസല്‍ ലോകം ഈ പ്രതിഭയുടെ അനുഗ്രഹത്താല്‍ നിറഞ്ഞൊഴുകി.
പിന്നീട് രോഗബാധയെ തുടര്‍ന്ന് അദ്ദേഹത്തിന് രംഗത്ത് നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നെങ്കിലും അദ്ദേഹത്തിന്റെ ഗസലുകള്‍ ഈ ലോകം മുഴുക്കെ നിലാവുപോലെ നിറഞ്ഞൊഴുകി.