HIGHLIGHTS : കൊച്ചി: കോതമംഗലം മാര്‍ ബസേലിയോസ്
കൊച്ചി: കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ ആശുപത്രിയില്‍ നഴ്‌സുമാര്‍ സമരം തുടരുന്നു. ഇവര്‍ നടത്തിയ സമരം ഒരു ഘട്ടത്തില്‍ പിന്‍വലിച്ചെങ്കിലും മാനേജ്‌മെന്റ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ അംഗീകരിക്കാതെ നഴ്‌സുമാരെ ആശുപത്രിയില്‍ രജിസ്റ്ററില്‍ ഒപ്പിടുന്നത് തടഞ്ഞതോടെ സമരം പുനരാരംഭിച്ചു. ആത്മഹത്യാ ഭീഷണി മുഴക്കിയ നഴ്‌സുമാര്‍ വീണ്ടും ആശുപത്രിയുെട ടെറസിലെത്തി സമരം തുടരുകയാണ്.
ഇതോടെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് ഇരച്ചുകയറുകയും ആംബുലന്‍സ് വാന്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് കനത്ത സംഘര്‍ഷമാണ് കോതമംഗലത്ത് ഉണ്ടായത്. പോലീസ് ജനങ്ങള്‍ക്കുനേരെ നിരവധി തവണ ലാത്തിചാര്‍ജ്ജ് ചെയ്തു.

നൂറു ദിവസത്തിലധികമായി നഴ്‌സുമാര്‍ നടത്തിവരുന്ന സമരത്തില്‍ അവരുടെ ആവശ്യം മാനേജ്‌മെന്റ് അംഗീകരിക്കാത്ത സാഹചര്യത്തിലാണ്, ഇന്നു രാവിലെ മൂന്ന് നഴ്‌സുമാര്‍ ആശുപത്രി കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. വൈകീട്ട് നഴ്‌സുമാരുമായി പ്രതിപക്ഷ നേതാവ് വിഎസും തൊഴില്‍ മന്ത്രി ഷിബു ബേബി ജോണും ഫോണില്‍ സംസാരിച്ചു. തുടര്‍ന്നാണ് ആര്‍ഡിഒയുമായി ചര്‍ച്ച നടന്നതും സമരം പിന്‍വലിച്ചതും.
രാവിലെ മുതല്‍ നഴ്‌സുമാരുടെ ആത്മഹത്യാ ഭീഷണിയെ തുടര്‍ന്ന് സംഭവസ്ഥലത്തേക്കെത്തിയ വന്‍ജനക്കൂട്ടം പോലീസിനും ആശുപത്രി മാനേജ്‌മെന്റിനുമെതിരെ മുദ്രാവാക്യം വിളിച്ചു. പിന്നീട് ക്ഷുഭിതരായ ജനക്കൂട്ടവും സമരം ചെയ്യുന്ന നഴ്‌സുമാരും കൊച്ചി-മധുര ദേശിയ പാദ ഉപരോധിച്ചു. ഉപരോധ സമരത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
കേരളത്തില്‍ ദയയുടേയും കാരുണ്യത്തിന്റേയും അപ്പോസ്തലന്‍മാരായി ചമയുന്നവര്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്നാണ് പാവപ്പെട്ട നഴ്‌സുമാര്‍ കൊടിയ പീഢനം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. ആത്മഹത്യ ഭീഷണി മുഴക്കി സമരം ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ സ്വന്തം വീടുപോലും വിദ്യഭ്യാസവായ്പയുടെ പേരില്‍ ജപ്തിയുടെ വക്കിലാണ്.