HIGHLIGHTS : കൊല്ലം: കര്‍ണാടകയില്‍ നീതിയുടെ
കൊല്ലം: കര്‍ണാടകയില്‍ നീതിയുടെ സൂര്യോദയമുണ്ടായതിനാല്ല തനിക്ക് ജാമ്യം ലഭിച്ചതെന്നും ഇതേ കാരണത്താല്‍ തടവിലുള്ള രണ്ടുപേര്‍ക്ക് ജാമ്യം അനുവദിച്ചതിനാലാണ് തനിക്കും കോടതി ജാമ്യം അനുവദിച്ചതെന്ന് അബ്ദുള്‍ നാസര്‍ മഅദനി പറഞ്ഞു. നീതിയുടെ നേരിയ പ്രകാശ കിരണം പോലും കാണാന്‍ കഴിയുന്നില്ലെന്നും എങ്കിലും നിരാശയില്ലെന്നും കേരളത്തിലെ ജനങ്ങള്‍ ഒപ്പമുണ്ടെന്നതില്‍ അഭിമാനമുണ്ടെന്നും മഅദനി പറഞ്ഞു. മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് കൊല്ലം കൊട്ടിയത്തെ വിവാഹവേദിയിലാണ് മഅദനി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കര്‍ണാടകത്തേക്കാള്‍ ആയിരം മടങ്ങ് ഭേദം തമിഴ്‌നാടായിരുന്നെന്നും മഅദനി പറഞ്ഞു. വേദനയും പീഡനവും അനുഭവിച്ച് കഴിയുന്ന നിരപരാധികള്‍ രാജ്യത്തൊട്ടാകെയുണ്ടെന്നും അദേഹം പറഞ്ഞു. തന്റെ വലതു കണ്ണിന്റെ കാഴ്ച പൂര്‍ണമായി കുറഞ്ഞതായും ഇടതുകണ്ണിന്റെ കാഴ്ച കുറഞ്ഞു വരുന്നതായും തന്റെ മോചനത്തിനായി കഷ്ടപ്പെടുന്ന എല്ലാവരോടും തികഞ്ഞ നന്ദിയുണ്ടെന്നും മഅദനി പറഞ്ഞു.
പ്രതികരണങ്ങള്‍ ഹൃദയത്തില്‍ ഒതുക്കണമെന്നും മഅദനി അണികളോട് ആവശ്യപ്പെട്ടു.
പിണറായി വിജയന്‍, ഇ ടി മുഹമ്മദ് ബഷീര്‍, തോമസ് ഐസക്ക്, സി ദിവാകരന്‍ തുടങ്ങി സിപിഐഎം, സിപിഐ, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ മദനിക്കൊപ്പം വിവാഹവേദിയിലുണ്ടായിരുന്നു.
മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രണ്ടു വര്‍ഷത്തിന് ശേഷമാണ് മഅദനി ജന്മനാട്ടിലെത്തിയത്. ആവേശകരമായ വരവേല്‍പ്പാണ് മഅദനിക്ക് പിഡിപി പ്രവര്‍ത്തകര്‍ നല്‍കിയത്.
അടുത്ത ബന്ധുക്കളെ മാത്രം കാണാനേ അനുവാദമുള്ളു പാര്‍ട്ടി പ്രവര്‍ത്തകരേയോ, മാധ്യമ പ്രവര്‍ത്തകരെയോ കാണാന്‍ അനുവാദമില്ല. തിങ്കളാഴ്ച അന്‍വാശേരിയില്‍ എത്തി പിതാവിനെ സന്ദര്‍ശിക്കും. ബുധനാഴ്ച ബംഗളൂരുവിലേക്ക് മടങ്ങും. കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലാണ് അതുവരെ മഅദനിയുടെ ചികിത്സ നടക്കുക.