HIGHLIGHTS : പരപ്പനങ്ങാടി : ശരാശരിയില്‍ നിന്നും സൂര്യതാപം ഒരു സെല്‍ഷ്യസ് ചൂടിന്റെ
കാലാവസ്ഥയുടെ കഠിനചൂടിനോടൊപ്പം പ്രകൃതിക്ക് പൊള്ളലുപകരുന്ന അനുബന്ധ രാസകെമിക്കല്‍ വിസര്‍ജ്യങ്ങളുടെയും അസ്വസ്ഥതകള്‍ക്ക് നടുവില്‍ വേഴാമ്പലാവുകയാണ് യാത്രക്കാര്‍.

ശീതീകരണ സംവിധാനങ്ങളില്ലാത്ത ഇരു ചക്ര, മുചക്ര വാഹനങ്ങളിലെ യാത്രക്കാരാണ് ചുട്ടു പഴുത്ത യാത്രക്ക് നടുവില്‍ ആയാസം തേടി റോഡോരങ്ങളെ ഉറ്റു നോക്കുന്നത്. ഇതിനിടയില്‍ ഉപജീവനം തേടി ഒരു പറ്റം യുവാക്കള്‍ ദേശീയ പാതയോരത്തും സംസ്ഥാന പാതയോരങ്ങളിലുമായി കരിമ്പിന്റെ ആശ്വാസ മധുര ചാറുമായി നിലയുറപ്പിച്ചത് വലിയ ആശ്വാസമായി.
കേരളത്തിന്റെ ദാഹവും ക്ഷീണവുമകറ്റാന്‍ സംസ്ഥാനത്തിന്റെ മധുര കൈനീട്ടമാണ് കരിമ്പ് ജ്യൂസ് കൗണ്ടറുകളൊരുക്കുന്നത്. കര്‍ണ്ണാടകയില്‍ നിന്നാണ് കരിമ്പിന്റെ വരവ്. ഒരു ഗ്‌ളാസ് കരിമ്പിന്‍ ചാറിന്റെ വിലയായി ഈടാക്കുന്നത് 12 രൂപയാണ്. തണുപ്പ് പകരാന്‍ ചേര്‍ക്കുന്ന ഐസ് ചേരുവയും, അരപാതി ചെറുനാരങ്ങയും ഒഴിച്ചാല്‍ പിഴിഞ്ഞെടുക്കുന്ന കരിമ്പിന്‍ ചാറില്‍ ബാഹ്യ ചേരുവകളൊന്നുമില്ലെന്നുള്ളത് ഈ പാനീയത്തിന്റെ സത്യ പരിശുദ്ധിയായി കച്ചവടക്കാര്‍ വ്യാഖ്യാനിക്കുന്നു. മായം കലരാത്ത ഈ മധുര ചാറ് കച്ചവടം മഴപെയ്യുന്നതോടെ രംഗം വിടും. പഞ്ചസാരയുടെ നിയന്ത്രണം പൂര്‍ണ്ണമായും എടുത്തു മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉദാര സമീപനം പ്രാബല്യത്തില്‍ വരുന്നതോടെ കരിമ്പിന്‍ വില തൊട്ടാല്‍ പൊള്ളുമോ എന്ന ആശങ്കയും കരിമ്പിന്‍ ജ്യൂസ് കച്ചവടക്കാര്‍ക്കുണ്ട്.
കടുത്ത ചൂടിനിടയില്‍ അതിജീവനത്തിന്റെ മധുര ചാറായി മലയോര പാതയോരങ്ങളില്‍ കരിമ്പിന്‍ ജ്യൂസ് ജനകീയമായതോടെ കോളകളും കുപ്പി പാനീയങ്ങളും പ്ലാസ്റ്റിക് ബോട്ടില്‍ വെള്ളങ്ങളും വിപണിയില്‍ വില്പനമാന്ദ്യം നേരിടുകയാണ്.