ദോഹ: ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങളുടെ ഭാഗമായി ദോഹയില്‍ കനത്ത സുരക്ഷാ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ആഘോഷത്തിന്റെ മുഖ്യ വേദികളിലൊന്നായ ദോഹ കോര്‍ണിഷ്, വിവിധ പരിപാടികള്‍ അരങ്ങേറുന്ന വേദികള്‍, പാര്‍ക്കുകള്‍, ഷോപ്പിംഗ് മാളുകള്‍, സൂഖ് വാഖിഫ്, സീലൈന്‍ എന്നിവിടങ്ങളില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. ആഭ്യന്തര സുരക്ഷാ സേന (ലഖ്വിയ). അല്ഫസഅ, ട്രാഫിക് വിഭാഗങ്ങളുടെ 200 ഓളം വാഹനങ്ങളാണ് ഈ അവസരത്തില്‍ ദോഹയിലെ പ്രധാന റോഡുകളില്‍ പട്രോളിംഗ് നടത്തുകയെന്ന് ആയഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ഈദ് ഗാഹുകളിലും നമസ്കാരം നടക്കുന്ന സ്ഥലങ്ങള്‍ക്ക് പുറത്തും ഇവിടങ്ങളിലേക്കുള്ള റോഡുകളിലും ശക്തമായ പട്രോളിംഗ് ഉണ്ടായിരിക്കും. ഈദ് ദിനത്തില്‍ തിരക്കേറുന്ന ഷോപ്പിംഗ് കോംപ്ലക്സുകള്‍, പാര്‍ക്കുകള്‍, ദോഹ കോര്‍ണിഷ് മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള വാഹനഗതാഗതം സുഗമമാക്കാന്‍ കൂടുതല്‍ പോലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്. ഈദ് കാലത്ത് പതിവായ വാഹനാപകടങ്ങള്‍ ഇല്ലാതാക്കാന്‍ വാഹനമോടിക്കുന്നവരും കാല്‍നടക്കാരും പരമാവധി ശ്രദ്ധ പുലര്‍ത്തണമെന്ന് മന്ത്രാലയം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിട്ടുണ്ട്. ആഘോഷവേദികള്ക്കടുത്ത് അടിയന്തര സാഹചര്യങ്ങളില്‍ പ്രാഥമിക ശുശ്രൂഷ നല്കാന് ആംബുലന്‍സുകള്‍ അടക്കമുള്ള സംവിധാനങ്ങളുണ്ടാവും. ആഘോഷത്തിന് തടസ്സമുണ്ടാകാത്ത വിധത്തിലായിരിക്കും സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പിലാക്കുന്നത്. ഈദ് അവധിക്കാലത്ത് ആഭ്യന്തരമന്ത്രാലയത്തിലെ അവശ്യ സര്‍വീസുകളുടെ സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. വിവിധ സുരക്ഷാ വിഭാഗങ്ങള്‍, പാസ്പോര്‍ട്ട്, ട്രാഫിക് തുടങ്ങിയ വിഭാഗങ്ങള്‍ അവധിക്കാലത്ത് പ്രവര്‍ത്തിക്കും.




