Section

malabari-logo-mobile

ഇതെന്തര് മാടല് ?

HIGHLIGHTS : കേരളാമോഡല്‍ വികസനത്തെകുറിച്ച് വലിയ കോളം വാര്‍ത്തകള്‍

കേരളാമോഡല്‍ വികസനത്തെകുറിച്ച് വലിയ കോളം വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നതറിഞ്ഞ ഒരു തിരുവനന്തപുരത്തുകാരന്‍ ഗ്രാമീണന്റെ പ്രതികരണമാണ് തലവാചകം. സത്യത്തില്‍ മുഴുവന്‍ മലയാളികളും മൂക്കത്ത് വിരല്‍ വെച്ചു പോയില്ലെ, നമ്മള്‍ ഒരു മോഡല്‍ (മാതൃക) സൃഷ്ടിച്ച വാര്‍ത്തകേട്ടപ്പോള്‍. ഇന്നും നമ്മളാ മോഡലിന്റെ മേക്കിങ്ങില്‍ തന്നെയാണോ? നാം എവിടേയ്ക്കാണ്? ലോകരാജ്യങ്ങള്‍ മുഴുവന്‍ തങ്ങളുടെ ആവാസ വ്യവസ്ഥയെ സംരക്ഷിച്ച് അടിസ്ഥാന വിഭവങ്ങളിലൂന്നി വികസനത്തിന് മല്‍സരിക്കുമ്പോള്‍ മലയാളി എന്തു ചെയ്യുന്നു?
പതിനാല് നദികള്‍ക്കും അനേകം ചെറു നദികള്‍ക്കും ശുദ്ധ ജലതടാകങ്ങള്‍ക്കും കായലുകള്‍ക്കും ഉടമയായ ഈ ചെറിയ ദേശം ഇന്ന് വെള്ളത്തിനു വേണ്ടി കേഴുന്നു. നെല്‍പ്പാടങ്ങളെപോലും റബ്ബര്‍വല്‍ക്കരിച്ചും, കേര വൃക്ഷങ്ങളെ മന്ധരീകരണത്തിന് വിട്ടും, വനങ്ങളെ ടൂറിസ്റ്റ് വല്‍ക്കരിച്ചും, മണല്‍ കുത്തിവാരി നദികളെ കുളം തോണ്ടിയും, കണ്ടല്‍കാടുകളെ ഷണ്ഠീകരിച്ചും സ്വന്തം യുവജനശക്തിയെ മറുനാടുകളില്‍ പട്ടണങ്ങള്‍ പണിയാന്‍ വിട്ട് സ്വാഭിമാനത്തെപ്പോലും വ്യഭിചരിച്ചും നാം കുറച്ചു സമ്പന്നരെ സൃഷ്ടിക്കുന്നു. കുറെ മണിമേടകള്‍ പണിഞ്ഞുകൂട്ടുന്നു. അവിടെയും ഇവിടെയുമൊക്കെയായി എന്തൊക്കെയോ ചെയ്തുകൂട്ടുന്നു. സ്വന്തം വിഭവങ്ങളിലൂന്നിയുള്ള ഒരു സമഗ്ര വികസന പദ്ധതി നമുക്കിപ്പോഴും ഉണ്ടോ? വിഴിഞ്ഞം തുറമുഖ വികസന പദ്ധതിക്ക് എത്ര വയസ്സായി? എവിടെയെങ്കിലും എത്തിയോ? തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ ഇങ്ങനെ എത്ര അടിസ്ഥാന വികസന പദ്ധതികള്‍ വഴിമുട്ടി നില്‍ക്കുന്നു? നമ്മുടെ ജല സമ്പത്ത് ആര് സംരക്ഷിക്കണം. തെങ്ങ് നട്ട് വളര്‍ത്തിയ ചില കിഴക്കന്‍ രാജ്യങ്ങള്‍ നൂറില്‍പ്പരം തെങ്ങിന്‍വിഭവങ്ങള്‍ വിദേശ വിപണിയില്‍ വിറ്റുകാശാക്കുന്നു. നമുക്കിന്നും തേങ്ങാവെള്ളം കളയാനുള്ള വസ്തു. തേങ്ങ പാല്‍പ്പൊടിയുണ്ടാക്കുന്ന വിദ്യകള്‍ ആവിഷ്‌കരിക്കുന്നതിന് പകരം നാം കള്ളുഷാപ്പുകളില്‍ മറ്റെന്തോ വില്‍ക്കുന്നു. വിദേശമദ്യക്കച്ചവടം സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ തകൃതിയായി നടക്കുമ്പോള്‍ എന്തിനീ നാടന്‍ സാധനം എന്നായിരിക്കും. എല്ലാ ഡ്യൂട്ടിഫ്രീ ഷോപ്പുകളിലും റഷ്യന്‍ നാടന്‍ മദ്യമായ വോഡ്ക വിറ്റഴിക്കുന്നു. കള്ളിനും അത്തരം സാധ്യത ചിന്തിക്കാവുന്നതല്ലേ? കരിമ്പു കൃഷി കേരളത്തില്‍ അന്യംനിന്നു പോയി എന്നു തോന്നുന്നു. നെല്‍കൃഷി വംശനാശത്തിന്റെ വക്കിലും. പപ്പങ്ങ (കപ്ലങ്ങ) നേരെ കൃഷിചെയ്ത് മാര്‍ക്കറ്റ് ചെയ്താല്‍ പോലും കുറഞ്ഞത് പതിനായിരം കേരളീയ കുടുംബങ്ങള്‍ക്ക് സമ്പന്നരായി കഴിയാം. വെറുതെ വിത്തെങ്ങാനും ഒന്ന് കേരളത്തിന്റെ മണ്ണില്‍ വീഴാനിടയായാല്‍ വര്‍ഷങ്ങളോളം നൂറുമേനി വിളതരാന്‍ പോന്ന വിഭവം. ചക്കയും മാങ്ങയും എക്കാലവും ക്ഷാമകാലത്ത് കേരളീയലഞ്ചിന്റെ കറികൂട്ടുകള്‍ക്ക് ആഢ്്യത്വമേകിയിരുന്ന വൈല്‍ഡ് വിളകള്‍, അവക്കെന്ത് സംഭവിക്കുന്നു എന്ന് നമുക്ക് വല്ല വിവരവും ഉണ്ടോ ?
അന്യന്‍ കൊണ്ടു പോയി വിറ്റ് കാശാക്കുന്നു.കുരുമുളക് കൃഷി ചെയ്യാന്‍ കേരളീയന് എത്ര അധ്വാനം വേണം? അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത വിഭവങ്ങള്‍, പ്രകൃതി കനിഞ്ഞു നല്‍കിയ വരദാനങ്ങള്‍, ദൈവത്തിന്റെ സ്വന്തം നാടിന്. നമുക്ക് അവയോട് പുച്ഛം. കപ്പയും മീനും എന്ന അല്‍ഭുത കോമ്പിനേഷന്‍ തിരിഞ്ഞു പോലും നോക്കാതെ നമ്മുടെ കുഞ്ഞുങ്ങള്‍ ഫ്രഞ്ചു ഫ്രൈയുടെ പുറകെ പോകുന്നതില്‍ അതിശയിക്കേണ്ടതുണ്ടോ ? നമ്മുടെ സ്വന്തം വിളകളും അതില്‍ നിന്നുണ്ടാക്കിയ വിഭവങ്ങളും മാര്‍ക്കറ്റ് ചെയ്യേണ്ടതിന് പകരം നാം അമൂല്യ വിഭവങ്ങളായ തൊഴിലും, ഇപ്പോള്‍ ഭൂമിപോലും എക്‌സ്‌പോര്‍ട്ട് ചെയ്യുന്നതില്‍ ഊറ്റം കൊള്ളുന്നു.
ബന്ത് വിപ്ലവം ബഹുകേമം. മാസത്തില്‍ മൂന്നുപേരെ മുപ്പതെങ്കിലും തികയ്ക്കണം. അതിനുശേഷം വേണം സംഘടിത തൊഴിലാളി വര്‍ഗ്ഗത്തിന് ഒന്നിരുന്ന് ശമ്പളം വാങ്ങാന്‍. ഇപ്പോള്‍ ഖജനാവിന്റെ 80 ശതമാനം പറ്റുന്നത് നൂറു തികയ്ക്കാനുള്ള വഴികള്‍ സ്വസ്ഥമായി ഒന്നിരുന്ന് ചിന്തിക്കാന്‍. സംഘടിക്കാത്തവന് ശിക്ഷയും വേണമല്ലോ? ഇരിപ്പാളി, മറുകര തേടിക്കോട്ടെ ജീവിക്കണമെങ്കില്‍, അല്ലെങ്കില്‍ ശേഷിക്കുന്ന മണല്‍ കുത്തി വാരാനോ കൂലിത്തല്ലിനോ കാടുകയറാനോ പോയ്‌ക്കോട്ടെ. ജാതി, മത രാഷ്ട്രീയ വ്യക്ത്യധിഷ്ടിത ഇസങ്ങള്‍ വേണ്ടുവോളം ഉണ്ടല്ലോ നമുക്കുതാങ്ങായി, ഇടത്തും വലത്തും.
ഉപ്പു മുതല്‍ കര്‍പ്പൂരം വരെ തമിഴന്റെ പത്തായത്തില്‍ നിന്നും വരണം. .എന്നിട്ടാണ് മുല്ലപെരിയാര്‍ മാറ്റിപണിയാന്‍ അവനോട് മല്ലിടാന്‍. പണ്ടൊരു രാജാവിന്റെ കഥയില്‍ കൈ താങ്ങി തലയൂരി രക്ഷപ്പെടുക. അധര വിപ്ലവം ചെയ്ത് ശിഷ്ടകാലം കഴിയാമല്ലോ, അണ അതിനു മുന്‍പു പൊട്ടുന്നില്ലെങ്കില്‍? അല്ലാതെ എന്ത് ചെയ്യാന്‍.
എത്രനാള്‍ ഈ മോഡലുമായി മുന്നോട്ടു പോകും? നമ്മുടെ ത്ണ്ണീര്‍തടങ്ങളും സംസ്‌കൃതിയും നമുക്ക് നിലനിര്‍ത്തേണ്ടേ? സ്വയം പര്യാപ്തമാകണ്ടേ, അടിയന്തിര ഘട്ടങ്ങളില്‍ വേണ്ട ശാപ്പാടിന്റെ കാര്യത്തിലെങ്കിലും? എന്നും കേന്ദ്രത്തിനെ പഴിചാരി കയ്യും നീട്ടിയിരിക്കാനൊക്കുമോ? പത്ത് കപ്പല്‍ മണല്‍ ഇറക്കിയാല്‍ തന്നെ (ഇന്‍ഡ്യയ്ക്കകത്തുനിന്നോ പുറത്തു നിന്നോ) നമ്മുടെ ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ വലിയൊരളവുവരെ പരിഹരിക്കാവുന്നതേയുള്ളൂ, വിലക്കയറ്റം പിടിച്ചു നിറുത്തുന്നതുള്‍പ്പടെ. ഒരു മണല്‍ സപ്ലൈകോര്‍പ്പറേഷനുമാകാമല്ലോ ? എന്തേ അതേകുറിച്ച് ആരും ചിന്തിക്കുന്നില്ല?

കേരളത്ിലെ രാഷ്ട്രീയ നേതൃത്വം ഒരുമിച്ചിരുന്ന് പ്രശ്‌നങ്ങളെ സമഗ്രമായി പരിശോധിച്ച് വസ്തു നിഷ്ടമായി പഠിച്ച് വിശാല വീക്ഷണവും ധീഷണയും ഉള്‍ക്കൊണ്ട് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ പ്രബദ്ധ നേതൃത്വം, പ്രഹസനങ്ങള്‍ കണ്ടുമടുത്ത യുവ നേതൃത്വമെങ്കിലും യോജിപ്പിന്റെ വഴിക്ക് ചിന്തിച്ചാല്‍ ഇനിയും സമയം പാഴാക്കാതെ നമുക്കൊരു പുതിയകേരളാ മോഡല്‍ സൃഷ്ടിക്കാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക