HIGHLIGHTS : താനൂര്‍: ചായക്കൂട്ടുകള്ക്കൊണ്ടും ശില്പചാതുരികൊണ്ടും ഇഖ്ബാല്‍ കൃഷ്ണചരിതം
താനൂര്‍: ചായക്കൂട്ടുകള്ക്കൊണ്ടും ശില്പചാതുരികൊണ്ടും ഇഖ്ബാല്‍ കൃഷ്ണചരിതം ആവിഷ്ക്കരിക്കുന്നു, സൗഹാര്‍ദ്ദത്തിന്റെ ബ്രഷ്കൊണ്ട്. ശ്രീകൃഷ്ണജയന്തി പ്രധാനമായി ആഘോഷിക്കുന്ന താനൂര്‍, വളാഞ്ചേരി, മഞ്ചേരി തുടങ്ങി ജില്ലയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലേയും സംഘടനകള്‍ക്ക് വേണ്ടിയാണ് ഇദ്ദേഹം പെയിന്റിംഗുകളും ഫ്ളോട്ടുകളും നിര്‍മ്മിച്ച് നല്‍കുന്നത്. വിശ്രമറിയാതെയുള്ള ഈ സപര്യ തന്നെയാണ് ഇഖ്ബാലിനെ ശ്രദ്ധേയനാക്കുന്നതും.
കഴിഞ്ഞ റംസാനില്‍ ആത്മസംസ്കരണത്തിന്റെ നാളുകളിലും ഒറ്റദിവസം പോലും മുടങ്ങാതെയുള്ള വ്രതാനുഷ്ഠാനത്തിനിടയിലാണ് ഇദ്ദേഹം ശ്രീകൃഷ്ണജയന്തിക്കുള്ള ഒരുക്കങ്ങളില്‍ സജീവമായിരുന്നത്. 20 വര്‍ഷമായി ശ്രീകൃഷ്ണന്റെ ജീവല്‍ ചിത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നുണ്ട് ഇദ്ദേഹം. കംസനെ വധിക്കുന്ന ‘പരാ ശക്തി’യാണ് ഇഖ്ബാലിന്റെ മാസ്റ്റര്‍പീസ്. ഒപ്പം ജില്ലയിലെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ നടക്കുന്ന സമയത്തും സംഘാടകര്‍ ഇഖ്ബാലിനെ സമീപിക്കാറുണ്ട്. തന്റെ പ്രവൃത്തിയുടെ ഉള്‍പ്രേരണ സ്നേഹം മാത്രമാണെന്ന് ഇഖ്ബാല്‍ പറയുന്നു. ഒഴൂര്‍ സ്വദേശിനിയായ ആയിഷയാണ് ഭാര്യ.