ആദിവാസികള്‍ക്കെതിരായ അക്രമം തടയാന്‍ അടിയന്തര നടപടി: മന്ത്രി രമേശ്‌ ചെന്നിത്തല

Ramesh Chennithala2കോഴിക്കോട്‌: ആദിവാസികള്‍ക്കെതിരായ കൈയേറ്റങ്ങളും അക്രമങ്ങളും തടയാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട്‌ ഇന്നലെ പൊലീസ്‌ ക്ലബ്ബില്‍ നടന്ന ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ആദിവാസികളുമായി ബന്ധപ്പെട്ട കേസുകള്‍ പെട്ടെന്ന്‌ തീര്‍പ്പാക്കുന്നതിന്‌ നടപടി സ്വീകരിക്കും. ഇതിനായി ഹൈക്കോടതി ജഡ്‌ജിമാരുടെയും നിയമവകുപ്പിന്റെയും സഹായം തേടും. ആദിവാസി ഊരുകളില്‍ പൊലീസ്‌ നിരീക്ഷണം ശക്തമാക്കും. ആദിവാസികളുടെ പരാതികള്‍ സ്വീകരിക്കുന്നതിനായി ഹെല്‍പ്‌ ഡെസ്‌ക്കും ആദിവാസി ഊരുകളില്‍ പരാതിപ്പെട്ടികളും സ്ഥാപിക്കും. എസ്‌.ഐമാര്‍ ആഴ്‌ചയില്‍ ഒരിക്കല്‍ ആദിവാസി കോളനികള്‍ സന്ദര്‍ശിക്കണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചതായി മന്ത്രി പറഞ്ഞു.

കുടിവെള്ളം, വൈദ്യുതി, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളില്‍ ആദിവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതിന്‌ ജില്ലാ കലക്ടര്‍മാര്‍ക്ക്‌ നിര്‍ദേശം നല്‍കും. ആദിവാസി ഭൂപ്രശ്‌നം പരിഹരിക്കാന്‍ റവന്യൂവകുപ്പുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ ഗൗരവമായാണ്‌ കാണുന്നത്‌. നിയമം ഇല്ലാത്തതല്ല, നടപ്പാക്കുന്നതിലെ പോരായ്‌മകളാണ്‌ പ്രശ്‌നം. ബന്ധപ്പെട്ട ഐ.ജിമാര്‍ മൂന്നുമാസത്തിലൊരിക്കല്‍ ആദിവാസിമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിവ്യൂ നടത്തണം.

വ്യാജമദ്യത്തിന്റെ ഉപയോഗവും വില്‍പനയുമാണ്‌ ആദിവാസിമേഖലയെ തകര്‍ക്കുന്നത്‌. ഇത്‌ തടയാന്‍ പൊലീസും എക്‌സൈസും സംയുക്തമായി നടപടികള്‍ ആവിഷ്‌കരിക്കും. ആദിവാസിമേഖലകളില്‍ മാവോയിസ്‌റ്റ്‌ സാന്നിധ്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്‌. അവരെ അമര്‍ച്ച ചെയ്യാന്‍ ശക്തമായ നടപടിയുണ്ടാകും. മനുഷ്യാകാശ പ്രവര്‍ത്തകരോട്‌ ആഭ്യന്തര വകുപ്പിന്‌ ഒരു എതിര്‍പ്പുമില്ല. എന്നാല്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്ന വ്യാജേന നക്‌സലൈറ്റുകള്‍ക്കും മാവോയിസ്‌റ്റുകള്‍ക്കും തന്ത്രപരമായി സഹായം ചെയ്യാന്‍ മുതിര്‍ന്നാല്‍ നടപടിയുണ്ടാകും. അക്കാര്യത്തില്‍ വിട്ടുവീഴ്‌ചയില്ലെന്നും മന്ത്രി പറഞ്ഞു.
എ.ഡി.ജി.പി (ഇന്റലിജന്റ്‌സ്‌) ഹേമചന്ദ്രന്‍, ഉത്തരമേഖലാ എ.ഡി.ജി.പി എന്‍. ശങ്കര്‍റെഡ്‌ഢി, കണ്ണൂര്‍ റേഞ്ച്‌ ഡി.ഐ.ജി ദിനേന്ദ്ര കശ്യപ്‌ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top