HIGHLIGHTS : കോഴിക്കോട്: വിവാദമായ അറബികല്ല്യാണത്തെ തുടര്‍ന്ന് സിയസ്‌കോ
കോഴിക്കോട്: വിവാദമായ അറബികല്ല്യാണത്തെ തുടര്‍ന്ന് സിയസ്‌കോ യത്തീംഖാന ഭാരവാഹികള്‍ രാജിവെച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുഎഇ പൗരനായ അറബിക്ക് വിവാഹം ചെയ്തുകൊടുത്ത കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ചെയര്‍മാന്‍ ഹംസക്കോയ, സെക്രട്ടറി പിടി മുഹമ്മദലി, കോര്‍ഡിനേറ്റര്‍ വിവി മമ്മുക്കോയ എന്നിവരാണ് രാജി വെച്ചത്.
ഇന്നലെ ചേര്‍ന്ന അടിയന്തര മാനേജ്‌മെന്റ് യോഗം രാജി സ്വീകരിച്ചു. സംഭവത്തില്‍ സത്യം തെളിയുന്നതുവരെ മാറി നില്‍ക്കുന്നതാണ് നല്ലതെന്ന് യോഗത്തില്‍ ഉയര്‍ന്നു വന്ന അഭിപ്രായത്തെ തുടര്‍ന്നാണ് ഇവര്‍ രാജി വെക്കാന്‍ തീരുമാനിച്ചത്.

അറബിയുടെ മാതാവും ബന്ധുക്കളും അനാഥാലയ നടത്തിപ്പുകാരും ഉള്‍പ്പെടെ 11 പേരെയാണ് കേസില്‍ ഇതുവരെ പ്രതിചേര്‍ത്തിരിക്കുന്നത്. അറബിക്കല്ല്യാണം അന്വേഷിക്കാന്‍ ഡിസിപി വേണുഗോപാലിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിരുന്നു.
ജൂണ്‍ 13 നാണ് കോഴിക്കോട് സിയസ്‌കോ അനാഥാലയത്തില്‍ കഴിഞ്ഞിരുന്ന പതിനേഴുകാരിയെ ജാസി മൂഹമ്മദ് അബ്ദുള്‍ കരീം എന്ന യുഎഇ പൗരന്‍ വിവാഹം കഴിച്ചത്. വിവാഹം കഴിച്ച് മൂന്നാഴ്ചയ്ക്കു ശേഷം ഇയാള്‍ വിദേശത്തേക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് അനാഥാലയ അധികൃതര്‍ പെണ്‍കുട്ടിയെ തിരികെ വിളിച്ചുകൊണ്ടുവരികയും അറബി വരുമ്പോള്‍ തിരിച്ചുപോയല്‍ മതിയെന്ന് പറയുകയുമായിരുന്നു. എന്നാല്‍ ഇവിടെ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ പരാതിനല്‍കുകയായിരുന്നു. തന്നെ വീട്ടില്‍ വെച്ചും കുമരകം റിസോര്‍ട്ടില്‍ വെച്ചും അറബി ലൈംഗികമയി പീഡിപ്പിച്ചതായി പെണ്‍കുട്ടി ഇവിടെ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുകയായിരുന്നു.