വയനാട്ടിലെ അനാഥാലയത്തിലെ 7 കുട്ടികള്‍ പീഡനത്തിനിരയായി; 6 പേര്‍ കസ്റ്റഡിയില്‍

വയനാട്: വയനാട്ടില അനാഥാലയത്തിലെ ഏഴ് പെണ്‍കുട്ടികള്‍ ലൈംഗീക പീഡനത്തിന് ഇരയാക്കിയതായുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട്. സംഭവത്തില്‍ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ക്കെതിരെ പോക്‌സോ അടക്കം പതിനൊന്ന് കേസുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

യത്തീംഖാനയിലെ കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പികെ ശ്രീമതി എംപി പറഞ്ഞു. കുട്ടികളെ സന്ദര്‍ശിച്ചപ്പോഴാണ് കുട്ടികള്‍ തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു.

ഓര്‍ഫനേജ് സ്കൂളിലെ ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ളാസുകളിലെ ഏഴ് വിദ്യാര്‍ഥിനികളാണ് സ്കൂളിന് തൊട്ടടുത്തുള്ള കടയില്‍വച്ച് പീഡനത്തിനിരയായത്. ഹോസ്റ്റലിലേക്ക് പോകുന്ന വഴിക്കും ഉച്ചഭക്ഷണത്തിന് പോകുന്ന വഴിക്കും പെണ്‍കുട്ടികളെ പ്രതികള്‍ മിഠായി നല്‍കി കടയില്‍ വിളിച്ച് വരുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ജനുവരി മുതല്‍ പെണ്‍കുട്ടികള്‍ ഇങ്ങനെ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പീഡനത്തിനിരയായ പെണ്‍കുട്ടികളെ ഇന്ന് ഗ്രൂപ്പ് കൌണ്‍സിലിങ്ങിന് വിധേയമാക്കും. മജിസ്ട്രേറ്റിന് മുന്നില്‍ ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. പെണ്‍കുട്ടികളെ പ്രത്യേകം കൌണ്‍സിലിങ്ങിന് വിധേയമാക്കിയതിന് പിന്നാലെയാണ് പീഡന വിവരം പുറത്തുവന്നത്.