വേങ്ങരയില്‍ സ്വത്ത്‌ തര്‍ക്കത്തിന്‌ സഹോദരനെ കുത്തിക്കൊല്ലാന്‍ ശ്രമം

കുത്തിയത്‌ കൊലക്കേസ്‌ പ്രതി
Untitled-1 copyവേങ്ങര: വീട്‌ ആക്രമിച്ചതിനെ തുടര്‍ന്ന്‌ പരാതി നല്‍കിയ സഹോദരനെ പ്രതികാരം തീര്‍ക്കാന്‍ കൊലപാതകക്കേസിലെ പ്രതി വെട്ടി. കണ്ണമംഗലം പടപ്പറമ്പത്ത്‌ നെടുമ്പളളി യൂസഫിനെ(35)യാണ്‌ സഹോദരന്‍ സെയ്‌തലവി(40)വെട്ടിയത്‌. തറവാട്ടുവക ഒരേക്കര്‍ ഭൂമി വീതംവയ്‌ക്കാത്തതിനെത്തുടര്‍ന്ന്‌ ഇരുവരും നേരത്തേ തര്‍ക്കത്തിലാണ്‌. യൂസഫ്‌ സ്വന്തമായി പത്ത്‌ സെന്റ്‌ ഭൂമി വാങ്ങി വീടുവച്ചു.

എന്നാല്‍ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കില്ലെന്ന്‌ സെയ്‌തലവി ഭീഷണിമുഴക്കിയിരുന്നു. ഒന്നരമാസംമുമ്പ്‌ പണി നടന്നുകൊണ്ടിരിക്കെ യൂസഫിന്റെ വീട്ടിലെത്തി സെയ്‌തലവി വയറിങ്‌ സാമഗ്രികളടക്കം വീട്‌ അടിച്ചുതകര്‍ത്തു.

ഇതേത്തുടര്‍ന്ന്‌ യൂസഫ്‌ വേങ്ങര പൊലീസില്‍ പരാതിനല്‍കിയിരുന്നു. തുടര്‍ന്ന്‌ സ്ഥലംവിട്ട സെയ്‌തലവി ഏതാനും ദിവസംമുമ്പ്‌ തിരിച്ചെത്തിയത്‌.

വെള്ളിയാഴ്‌ച രാവിലെ ഏഴോടെയാണ്‌ യൂസഫിനെ വെട്ടിയത്‌. ശരീരത്തില്‍ എട്ടോളം വെട്ടുകളേറ്റ യൂസഫ്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ തീവ്രപരിചരണ വിഭാഗത്തിലാണ്‌ .

രണ്ടുവര്‍ഷം മുമ്പ്‌ കണ്ണമംഗം പൂച്ചോലമാട്‌ പള്ളിക്ക്‌ സമീപം കാപ്പന്‍ മുജീബ്‌ എന്നയാളെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ്‌ സെയ്‌തലവി. കേസില്‍ ജാമ്യത്തിലിറങ്ങിയിരിക്കവെയാണ്‌ സഹോദരനെയും ആക്രമിച്ചത്‌. വേങ്ങര പൊലീസ്‌ കേസെടുത്തു.