വരാപ്പുഴ പീഡനക്കേസില്‍ ശോഭ ജോണിന് 18 വര്‍ഷം കഠിന തടവ്

കൊച്ചി: വരാപ്പുഴ പീഡനക്കേസില്‍ പ്രതി ശോഭ ജോണിന് 18 വര്‍ഷം കഠിന തടവ്. ജയരാജന്‍ നായര്‍ക്ക് 11 വര്‍ഷം കഠിന തടവും കോടതി വിധിച്ചു. അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. തടവു ശിക്ഷയ്ക്ക് പുറമെ ശോഭ ജോണ്‍ ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. കേസിലെ എട്ട് പ്രതികള്‍ പെണ്‍കുട്ടിയെയും സഹോദരി അടക്കമുള്ള അഞ്ച് പേരെയും കോടതി വെറുതെ വിട്ടിരുന്നു.

കൊച്ചി വരാപ്പുഴയിലുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് വില്‍ക്കുകയും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാങ്ങുകയും വില്‍പ്പന നടത്തുകയും ചെയ്‌തെന്നാണ് ശോഭ ജോണിന് എതിരെയുള്ള കേസ്. പെണ്‍കുട്ടിയെ വാങ്ങിക്കുകയും തടഞ്ഞ് വെച്ച് പീഡിപ്പിച്ചു എന്നതാണ് കേണല്‍ ജയരാജന്‍ നായര്‍ക്കെതിരെയുള്ളത്.

2011 ജൂലൈ മൂന്നിനാണു കേസിനാസ്പദമായ സംഭവം. വരാപ്പുഴയില്‍ ശോഭാ ജോണ്‍ വാടകയ്‌ക്കെടുത്ത വീട്ടില്‍ വച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. ആദ്യം അനാശാസ്യത്തിനു കേസെടുത്ത പൊലീസ് പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നു വ്യക്തമായതോടെ പെണ്‍വാണിഭക്കുറ്റത്തിനു കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.