തിരൂരില്‍ 13 കാരിയെ ഓട്ടോ ഡ്രൈവര്‍ പീഡിപ്പിച്ചു


തിരൂര്‍: മദ്രസയില്‍ നിന്നും ക്ലാസ്‌ കഴിഞ്ഞ്‌ മടങ്ങിവരികയായിരുന്ന 13 വയസ്സുകാരിയെ ഓട്ടോ ഡ്രൈവര്‍ പീഡിപ്പിച്ചു. കുട്ടിയെ ബലമായി ഓട്ടറിക്ഷയില്‍ കയറ്റി പീഡിപ്പിക്കുകയും സ്വര്‍ണാഭരമങ്ങള്‍ കവരുകയും ചെയ്‌തതായാണ്‌ പരാതി.

വെട്ടം വാക്കാട്‌ സ്വദേശിനിയായ വിദ്യാര്‍ത്ഥിയെയാണ്‌ ഓട്ടോ ഡ്രൈവര്‍ പീഡിപ്പിച്ചത്‌. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന്‌ പോലീസ്‌ പറഞ്ഞു. ശനിയാഴ്‌ച രാത്രി 9 ന്‌ മദ്രസയില്‍ നിന്ന്‌ പഠനം കഴിഞ്ഞ്‌ മടങ്ങുന്ന വഴി പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റുകയും തുടര്‍ന്ന്‌ അരക്കിലോമീറ്റര്‍ ദൂരെയുള്ള ഒഴിഞ്ഞ സ്ഥലത്ത്‌ കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ കവരുകയും ചെയ്‌തതായാണ്‌ പെണ്‍കുട്ടി പോലീസില്‍ പറഞ്ഞിരിക്കുന്നത്‌.

അവശയായ പെണ്‍കുട്ടിയെ വീടിനുസമീപം ഇറക്കിവിട്ട്‌ ഇയാള്‍ കടന്നു കളയുകയായിരുന്നു. തിരൂര്‍ പോലീസ്‌ മൊഴിയെടുത്തപ്പോഴാണ്‌ കുട്ടി ഡ്രൈവര്‍ പീഡിപ്പിച്ചതായി മൊഴി നല്‍കിയത്‌.