പുല്ലിപറമ്പ് പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

photo (1)ചേലേമ്പ്ര: കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി പുല്ലിപറമ്പ് പുഴയില്‍ മുങ്ങി മരിച്ചു. ചേലേമ്പ്ര പുല്ലിപറമ്പ് സ്വദേശി ചെറൂളി അബ്ദുല്‍ സലീമിന്റെ മകന്‍ എസ് വി എയുപി 6-ാംക്ലാസ് വിദ്യാര്‍ത്ഥി മൂഹമ്മദ് ഫാസിലാണ് മുങ്ങിമരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെ വീട്ടില്‍ നിന്ന് കളിക്കാനിറങ്ങിയ ഫാസിലിനെ ആറുമണിയായിട്ടും കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിനൊടുവില്‍ പുഴയോരത്ത് ഫാസിന്റെ ഷര്‍ട്ടും പാന്റും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ തേഞ്ഞപ്പലം പോലീസും മണല്‍ തൊഴിലാളികളും നാട്ടുകരും നടത്തിയ തിരച്ചിലിനൊടുവില്‍ 8 മണിയോടെ ഫാസിലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പുല്ലിപുഴയും കനോലി കനാലും കൂടിച്ചേരുന്ന പാറക്കല്‍ ഭാഗത്തായിരുന്നു മൃതദേഹം കണ്ടത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കനോലി കനാല്‍ നന്നാക്കുന്നതിന്റെ ഭാഗമായി ഇവിടെ മണ്ണെടുത്ത് ആഴം കാട്ടിയതിനാല്‍ പുഴയില്‍ ചുഴികളും ശക്തമായ അടിയൊഴുക്കും രൂപപ്പെട്ടിരുന്നു. ഇതിനാല്‍ ഈ ഭാഗത്ത് കുട്ടികളെ പുഴയിലിറങ്ങാന്‍ പ്രദേശവാസികള്‍ അനുവദിക്കാറില്ലായിരുന്നു. ഇന്നലെ ഈ മേഖലയില്‍ ജലനിധിയുടെ യോഗം നടക്കുന്നതിനാല്‍ ആരുമില്ലായിരുന്നു.

വിദേശത്ത് ബിസ്‌നസ് നടത്തിവരുന്ന ഫാസിലിന്റെ പിതാവ് കവിഞ്ഞയാഴ്ചയാണ ഗള്‍ഫിലേക്ക് മടങ്ങിയത്. റജീനയാണ് ഉമ്മ. സഹോദരങ്ങള്‍: സല്‍മാന്‍ ഫാരിസ്, ഫാത്തിമ ഫിദ. മൃതദേഹം തിരൂരങ്ങാടി സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ് മടങ്ങിയെത്തിയ ശേഷം പുല്ലിപറമ്പ് ജുമാമസ്ജിദില്‍ അടക്കം ചെയ്യും.