ഖത്തറില്‍ നവംബര്‍ അവസാനം മഴയ്ക്കു സാധ്യത

ദോഹ: രാജ്യത്ത് നവംബര്‍ അവസാനത്തോടെ മഴ പെയ്‌തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. 24 മുതല്‍ 30 വരെയുള്ള തിയ്യതികളില്‍ മഴ ഉണ്ടാകാനാണ് സാധ്യത. ഇത്തവണ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്ത് മഴയും തണുപ്പും കുറവാണ് അനുഭവപ്പെടുന്നത്.

മുന്‍കാലങ്ങളേക്കാള്‍ താപനിലയിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 16 ാം തിയ്യതി വരെ പകല്‍ താപനില ശരാശരി 35 ഡിഗ്രി സെല്‍ഷ്യസും രാത്രി താപനില 24 ഡിഗ്രിയുമായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചിരിക്കുന്നത്.

ഈ മാസം 17 മുതല്‍ രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളിലൊഴികെ പകല്‍ സമയത്തെ താപനില 30 ഡിഗ്രിയിലേക്കും രാത്രി 15 ഡിഗ്രിയിലേക്കും താഴുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഡിസംബര്‍ ആദ്യവാരത്തോടെ തന്നെ തെക്കന്‍ മേഖലകളില്‍ തണുപ്പേറും. കൂടാതെ 14 മുതല്‍ തീരത്തും ഉള്‍ക്കടലിലും ശക്തിയേറിയ കാറ്റടിക്കുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. 18 മുതല്‍ 25 നോട്ടിക്കല്‍ മൈല്‍ വരെ വേഗത്തില്‍ വീശിയടിക്കുന്ന കാറ്റില്‍ തിരമാലകള്‍ നാലു മുതല്‍ ഏഴടിവരെ ഉയരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.