ഖത്തര്‍ ലോകകപ്പ്‌ അല്‍ബെയ്‌ത്ത്‌ അല്‍ഖോര്‍ സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണ ചുമതല ഇറ്റാലിയില്‍ കമ്പനിക്ക്‌


qutar world cupസ്റ്റേഡിയം രുപകല്‍പന ചെയ്‌തിരിക്കുന്നത്‌ നാടോടി പരമ്പരാഗത മാതൃകയില്‍

ദോഹ: ഖത്തര്‍ ലോകകപ്പ് 2022ന്റെ അല്‍ബെയ്ത്ത് അല്‍ഖോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണ കരാര്‍ ഇറ്റാലിയന്‍ കമ്പനിക്ക്. ഒമാന്‍ കമ്പനിയായ ഗള്‍ഫാര്‍, ഇറ്റാലിയന്‍ കമ്പനി സിമോലായി എന്നിവയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന സാലിനി ഇംപ്രെജിലോ ഗ്രൂപ്പിനാണ് 311 കോടി റിയാലിന്റെ നിര്‍മാണം, നടത്തിപ്പ്, മെയിന്റനന്‍സ് കരാര്‍ ലഭിച്ചിരിക്കുന്നത്.

നിര്‍മാണത്തിന് 290 കോടി റിയാല്‍, ഓപറേഷന്‍ ആന്റ് മെയ്്ന്റനന്‍സിന് 21.4 കോടി റിയാല്‍ എന്നിങ്ങനെയാണ് കരാര്‍ തുക. രണ്ട് ലക്ഷം ചതുരശ്ര മീറ്ററില്‍ 70,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ നിര്‍മാണം 2018 സെപ്തംബറില്‍ പൂര്‍ത്തിയാവുമെന്ന് കമ്പനി അറിയിച്ചു. മറ്റ് രണ്ട് പ്രധാന പദ്ധതികള്‍ കൂടി സാലിനി ഇംപ്രെജിലോ ഗ്രൂപ്പ് ഖത്തറില്‍ കരാറെടുത്ത് നടത്തുന്നുണ്ട്. 2013ല്‍ ഖത്തര്‍ റെയിലിന്റെ റെഡ് ലൈന്‍ നോര്‍ത്ത് മെട്രോ പദ്ധതിയുടെ കരാര്‍ ലഭിച്ചത് ഈ കമ്പനിക്കാണ്. അശ്ഗാലിന് കീഴില്‍ അബൂഹമൂറിലെ ഹൈഡ്രോളിക് പ്രൊജക്ടിന്റെ ചുമതലയും സാലിനി ഇംപ്രെജിലോ ഗ്രൂപ്പിനാണ്.

സ്റ്റേഡിയത്തിന്റെ ഡിസൈന്‍ ഒരു വര്‍ഷം മുമ്പാണ് ലോകകപ്പ് സംഘാടക സമിതി പുറത്ത് വിട്ടത്. നാടോടികളുടെ പരമ്പരാഗത ടെന്റ് മാതൃകയിലാണ് സ്റ്റേഡിയം പണിയുക. സ്റ്റേഡിയത്തിന്റെ പുറംഭാഗം കറുത്ത തുണി കൊണ്ടും ഉള്‍ഭാഗം പരമ്പരാഗത രീതിയില്‍ ചുവപ്പും വെള്ളയും തുണികൊണ്ടും മൂടും. മോഡുലാര്‍ രീതിയില്‍ രൂപകല്‍പ്പന ചെയ്ത സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങളില്‍ ഏറ്റവും മുകള്‍ത്തട്ടിലുള്ളവ ടൂര്‍ണമെന്റിന് ശേഷം നീക്കം ചെയ്യും. പിന്നീട് 32,000 സീറ്റുകള്‍ മാത്രമാണ് അവശേഷിക്കുക. ആശുപത്രി, മാള്‍, പാര്‍ക്ക് എന്നിവയൊക്കെ ഉള്‍പ്പെട്ട 10 ലക്ഷം ചതുരശ്ര മീറ്ററിലുള്ള സമുച്ചയത്തിലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുക.