ഖത്തറില്‍ ഇന്‍ഹൗസ്‌ മാഗസിന്‍ മോഹന്‍ലാല്‍ പ്രകാശനം ചെയ്‌തു

mohanlalദോഹ: ഖത്തറിലെ പ്രമുഖ വ്യവസായ- വാണിജ്യസ്ഥാപനമായ ക്വാളിറ്റി ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ഇന്‍ഹൗസ് മാഗസിന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ശംസുദ്ദീന്‍ ഒളകരക്ക് നല്കി മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ പ്രകാശനം ചെയ്തു.

ഹിലാലിലെ കോര്‍പ്പറേറ്റ് ഓഫിസില്‍ നടന്ന ചടങ്ങില്‍ ഫുഡ് ഡിവിഷന്‍ ജനറല്‍ മാനേജര്‍ കെ മൊയ്തീന്‍, റീട്ടെയില്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അബൂനവാസ്, ടെക്‌നിക്കല്‍ ഡിവിഷന്‍ ജനറല്‍ മാനേജര്‍ സജീവ് പുഷ്പമംഗലം, മാഗസിന്‍ എഡിറ്റര്‍ കെ റഈസ് എന്നിവര്‍ സംബന്ധിച്ചു. ക്വാളിറ്റി ഗ്രൂപ്പിന് കീഴിലുള്ള 22 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും നാലായിരത്തോളം വരുന്ന ജീവനക്കാരുടെയും മാനേജ്‌മെന്റിന്റെയും സാമൂഹ്യ ഇടപെടലുകളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് കമ്പനിയുടെ ഇന്‍ഹൗസ് മാഗസിന്‍. ജീവനക്കാര്‍ക്കിടയില്‍ പരസ്പര ബന്ധമുണ്ടാക്കുക, കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇന്‍ഹൗസ് മാഗസിന്‍ പ്രസിദ്ധീകരിക്കുന്നതെന്ന് ചെയര്‍മാന്‍ ശംസുദ്ദീന്‍ ഒളകര വ്യക്തമാക്കി.  തൊഴിലാളികളുടെ കലാപരവും നൈസര്‍ഗികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന ക്വാളിറ്റി ഗ്രൂപ്പിന്റെ സമീപനം പ്രശംസനീയമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന കനല്‍ എന്ന മലയാള സിനിമയുടെ ചിത്രീകരണത്തിന് കമ്പനിയുടെ കോര്‍പ്പറേറ്റ്ഓഫിസ് ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളില്‍ ചെയ്തു നല്കിയ സൗകര്യത്തിന് സൂപ്പര്‍താരം നന്ദി രേഖപ്പെടുത്തി.