ഖത്തറിന്റെ പ്രതിഛായ തകര്‍ക്കാനാണ് അയല്‍രാജ്യങ്ങളുടെ ഉപരോധമെന്ന് ഖത്തര്‍

ദോഹ: രാജ്യത്തിന്റെ പ്രതിഛായ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രചാരണം മാത്രമാണ് അയല്‍രാജ്യങ്ങളുടെ ഉപരോധമെന്ന് ഖത്തര്‍ വ്യക്തമാക്കുന്നു. പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ പുറത്തുവിടുകയല്ലാതെ ഇതുവരെ യാതൊരു തരത്തിലുള്ള ചര്‍ച്ചയ്ക്കും ഉപരോധ രാജ്യങ്ങള്‍ തയ്യാറായിട്ടില്ല.

സൗദി അറേബ്യ, യുഎഇ,ബഹ്‌റൈന്‍, ഈജിപിക് തുടങ്ങിയ രാജ്യങ്ങള്‍ ജൂണ്‍ അഞ്ച് മുതലാണ് ഖത്തറിനുമേല്‍ ഉപരോധം പ്രഖ്യാപിച്ചത്. ഉപരോധം പരിഹരിക്കാനായി ഇതുവരെ ഒരു നിര്‍ദേശങ്ങളും അയല്‍ രാജ്യങ്ങള്‍ നല്‍കിയിട്ടില്ലെന്നും ഖത്തര്‍ ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫീസ് ഡയറക്ടര്‍ ശൈഖ് സെയ്ഫ് ബിന്‍ അഹമ്മദ് അല്‍താനി പറഞ്ഞു. തീവ്രവാദത്തെ പ്രശസ്തിക്കുവേണ്ടിയുള്ള പ്രചാരണമാക്കി മാറ്റുകയാണ് അയല്‍ രാജ്യങ്ങളെന്നും അദേഹം പറഞ്ഞു.

പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് ഖത്തര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഉപരോധ രാജ്യങ്ങള്‍ ചര്‍ച്ചയ്ക്ക് മുതിരാതെ ഖത്തറിനെതിരെ പരാതിപ്പട്ടിക തയ്യാറാക്കുന്നു എന്ന് പ്രഖ്യാപിക്കുക മാത്രമാണ് ഉണ്ടായിരിക്കുന്നത്.