ഗസയിലെ പെണ്‍കുട്ടികള്‍ക്ക്‌ സ്‌കൂള്‍ പണിയാന്‍ ഖത്തറി യുവാക്കള്‍ സൈക്കിളില്‍ യൂറോപ്പ്‌ ചുറ്റുന്നു

images (1)ദോഹ: ഗസയില്‍ പെണ്‍കുട്ടികള്‍ക്കായി സ്‌കൂള്‍ സ്ഥാപിക്കുന്നതിനുള്ള ഫണ്ട് ശേഖരണത്തിന് സൈക്കിളില്‍ യൂറോപ്പ് ചുറ്റുകയാണ് ഖത്തറിലെ 35 യുവാക്കള്‍. സ്‌കൂള്‍ നിര്‍മാണത്തിനുള്ള ഒരു മില്യണ്‍ ഡോളര്‍ യൂറോപ്പിലെ അഞ്ച് രാഷ്ട്രങ്ങളിലൂടെ സൈക്കളില്‍ സഞ്ചരിച്ച് സ്വരൂപിക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഇതിനുള്ള യാത്ര നാളെയാണ് സംഘം യാത്ര ആരംഭിക്കുക. ഗ്ലോബല്‍ സൈക്ലിംഗ് ഇനീഷ്യേറ്റീവ് യൂറോപ്പിന്റെ പ്രോല്‍സാഹനം ഇതിനായി ലഭിക്കുന്നുണ്ട്. ജര്‍മനി,ആസ്‌ത്രേലിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ഇവര്‍ക്ക് പല സ്ഥലങ്ങളിലും ജി ബി ഐ കൂട്ടിനുണ്ടാവും.  നോര്‍ത്ത് ഗസയിലെ അല്‍ ശെയ്മാ ഏരിയയില്‍ സ്‌കൂള്‍ നിര്‍മിക്കാനാണ് യൂറോപ്യന്‍ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ഫണ്ട് കണ്ടെത്തുന്നത്. 1920 വിദ്യാര്‍ഥികള്‍ക്ക് പ്രയോജന പ്രദമാവുന്ന സ്‌കൂളായിരിക്കും ഇത്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഈ വര്‍ഷം 400 പേര്‍ ഇത്തരത്തില്‍ സൈക്കിളില്‍ 20 രാജ്യങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ടെന്ന് പ്രാദേശിക വെബ്‌പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിലുള്ള നിരവധി പേര്‍ സൈക്കിള്‍ സവാരിയിലൂടെ വിവിധയിടങ്ങളില്‍ ചുറ്റിസഞ്ചരിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് കണ്ടെത്താറുണ്ട്. ഇതിനായി വിവിധ ഗ്രൂപ്പുകള്‍ തന്നെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുമുണ്ട്. ഖത്തര്‍ ചാരിറ്റി ഗ്രൂപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഖത്തര്‍ സൈക്ലിസ്റ്റ്‌സ്, ഖത്തര്‍ സാന്‍ഡ്‌സ്റ്റോര്‍മേഴ്‌സ് എന്നീ പേരിലുകളിലറയപ്പെടുന്ന രണ്ട് ഗ്രൂപ്പുകൡ 25 ഖത്തരികളും 10 പ്രവാസികളുമാണ് ഉള്ളത്. യുവജന സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഈ ക്ലബുകളുടെ പ്രവര്‍ത്തനം. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ ആരോഗ്യ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും ഇവര്‍ നടത്താറുണ്ട്. 25 മുതല്‍ 57 വരെ പ്രായമുള്ളവരാണ് ഇതിലെ അംഗങ്ങള്‍.ഗസയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിന്  നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഖത്തരില്‍ നടക്കാറുണ്ട്. കഴിഞ്ഞ തവണ 12 യുവാക്കള്‍ ചാരിറ്റി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കിളിമഞ്ചാരോ പര്‍വതം കീഴടക്കിയിരുന്നു.